
ന്യൂഡൽഹി: വിസ നിയമങ്ങൾ കർശനമാക്കിയത് ഇന്ത്യയെ മാത്രം ലക്ഷ്യമിട്ടല്ലെന്നും ആഗോള പരിവർത്തനത്തിന്റെ ഭാഗമാണെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്ക് റൂബിയോ. ട്രംപ് ഭരണകൂടം അടുത്തിടെ നടപ്പാക്കിയ പരിഷ്‌കാരങ്ങൾ യു.എസ് ജോലി മോഹിക്കുന്നവർക്ക് തിരിച്ചടിയായ പശ്ചാത്തലത്തിലാണ് പ്രതികരണം. ഡൽഹിയിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമൊത്തുള്ള സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാര്യക്ഷമവും കൂടുതൽ സുസ്ഥിരവുമായ ഒന്നായിരിക്കും പുതിയ വിസ പരിഷ്‌കാരം. സമീപ വർഷങ്ങളിൽ 20 ദശലക്ഷത്തിലധികം ആളുകൾ അനധികൃതമായി രാജ്യത്തേക്ക് പ്രവേശിച്ചത് വലിയ പ്രതിസന്ധിയാണെന്ന് റൂബിയോ ചൂണ്ടിക്കാട്ടി. ഇന്ത്യ-യു.എസ് ബന്ധത്തിന് ആഴം കുറഞ്ഞിട്ടില്ല. വരും വർഷങ്ങളിൽ കൂടുതൽ ശക്തമാകും. വ്യാപാര കരാർ ഉടൻ നടപ്പാകുമെന്നാണ് പ്രതീക്ഷ.
അമേരിക്കൻ വ്യാപാര പ്രതിനിധി ഉടൻ ഇന്ത്യ സന്ദർശിക്കും. വാണിജ്യ കരാറിൽ വളരെയധികം പുരോഗതി കൈവരിച്ചു. ശാശ്വതവും ഇരുപക്ഷത്തിനും പ്രയോജനകരവും ദേശീയ താത്‌പര്യം പരിഗണിക്കുന്നതുമായ സുസ്ഥിര സംവിധാനമാണ് വരിക. എല്ലാ പ്രധാന ആഗോള വിഷയങ്ങളിലും ഇരുരാജ്യങ്ങൾക്കും തന്ത്രപരമായ യോജിപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പശ്ചിമേഷ്യൻ പ്രതിസന്ധി അടക്കം അന്താരാഷ്‌ട്ര വിഷയങ്ങളും ഇരുവരും തമ്മിൽ ചർച്ച ചെയ്‌തു. സിവിൽ ആണവ സഹകരണത്തെക്കുറിച്ച് ചർച്ച ചെയ്തതായി ജയശങ്കർ അറിയിച്ചു. ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ 53 മിനിട്ടാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
യു.എസിലുമുണ്ട്
വിഡ്ഢികൾ
ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും പോലെ യു.എസിലുള്ള ചില വിഡ്ഢികളാണ് ഇന്ത്യക്കാർക്കെതിരെ വംശീയ പരാമർശങ്ങൾ നടത്തുന്നതെന്ന് റൂബിയോ ചൂണ്ടിക്കാട്ടി. പരാമർശം ഗൗരവതരമാണ്. ഓൺലൈനിലടക്കം ചിലർ അത്തരം പരാമർശങ്ങൾ നടത്തിയിട്ടുണ്ടാകാം. ഇന്ത്യയിലും ലോകത്തെല്ലായിടത്തും ഉള്ളതുപോലെ വിഡ്ഢികൾ യു.എസിലുമുണ്ട്. അവർ എപ്പോഴും ഇത്തരം മണ്ടൻ പരാമർശങ്ങൾ നടത്തും.
ബിസിനസുകാർക്കും നിക്ഷേപകർക്കും
പുതിയ യു.എസ് വിസ
യു.എസ് ദേശീയ താത്പര്യങ്ങൾ സംരക്ഷിക്കുന്നവർക്കായുള്ള 'അമേരിക്കൻ ഫസ്റ്റ് വിസ' നയത്തിന്റെ ഭാഗമായി ഇന്ത്യയിലും പുതിയ വിസ ഏർപ്പെടുത്തുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്ക് റൂബിയോ. യു.എസിനെ സാമ്പത്തികമായും തന്ത്രപരമായും സഹായിക്കുന്ന ബിസിനസ് പ്രൊഫഷണലുകളെയും നിക്ഷേപകരെയും ലക്ഷ്യമിട്ടാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിലെ യു.എസ് എംബസിയിൽ നടത്തിയ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപരവും സാമ്പത്തിക സഹകരണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ വിസയെന്ന് റൂബിയ വിശദീകരിച്ചു. പുതിയ വിസാ പദ്ധതിയുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. വിസാ അപേക്ഷകളുടെ നടപടിക്രമങ്ങൾ വേഗത്തിലായിരിക്കുമെങ്കിലും കർശനമായ സ്ക്രീനിംഗും സുരക്ഷാ പരിശോധനകളും ഉൾപ്പെടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |