ലണ്ടൻ: 125 കോടിയിലധികം രൂപ ലോട്ടറിയടിച്ചത് അറിഞ്ഞിട്ടും (12 ദശലക്ഷം പൗണ്ട്) കൈപ്പറ്റാനാകാതെ വീട്ടമ്മ. ഭാഗ്യക്കുറിപരിശോധിച്ച കടയുടമ അബദ്ധത്തിൽ ടിക്കറ്റ് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞതാണ് ഇവർക്ക് വിനയായത്. ലണ്ടനിലെസൗത്ത് വെയ്ൽസ് സ്വദേശി കാത്ത് മെയിൻ (46) എന്ന വീട്ടമ്മയ്ക്കാണ് ഭാഗ്യം തുണച്ചിട്ടും നിർഭാഗ്യമുണ്ടായത്. കഴിഞ്ഞ 20 വർഷമായി ഒരേ ആറ് നമ്പറുകളിലാണ് കാത്ത് ഭാഗ്യക്കുറിപരീക്ഷിക്കുന്നത്. സാധാരണയായി കാത്തിന്റെ അമ്മയാണ് ഇവർക്കായി ടിക്കറ്റ് എടുക്കാറുള്ളത്. ജൂൺ ആറിന് നടന്ന ലോട്ടോ നറുക്കെടുപ്പിലെ ജേതാവിനെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന വാർത്ത കണ്ടപ്പോഴാണ് തനിക്കാണ് ലോട്ടറിയടിച്ചതെന്ന് വീട്ടമ്മ തിരിച്ചറിഞ്ഞത്.
'ആരും കൈപ്പറ്റാത്ത ഭാഗ്യക്കുറിയെക്കുറിച്ചുള്ള വാർത്ത കണ്ട് ഞാൻ നമ്പറുകൾ പരിശോധിച്ചപ്പോഴാണ് അത് എന്റേതാണെന്ന് മനസിലായത്. ഞാൻ ഉടൻ തന്നെ അമ്മയെ വിളിച്ച് ലോട്ടറി എടുത്തിരുന്നോ എന്ന് ചോദിച്ചു. എടുത്തിരുന്നു എന്നായിരുന്നു അമ്മയുടെ മറുപടി. നമുക്ക് ലോട്ടറിയടിച്ചെന്ന് ഞാൻ പറഞ്ഞപ്പോൾ, താൻ ടിക്കറ്റ് പരിശോധിച്ചതാണെന്നും സമ്മാനമൊന്നും ഇല്ലായിരുന്നു എന്നുമാണ് അമ്മ പറഞ്ഞത്. സമ്മാനം 125 കോടിയിലധികം രൂപയാണെന്ന് പറഞ്ഞപ്പോൾ അമ്മ ഞെട്ടിപ്പോയി, ടിക്കറ്റ് ഇതിനകം തന്നെ ചവറ്റുകുട്ടയിൽ എറിഞ്ഞു കഴിഞ്ഞിരുന്നു'- കാത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.
കടയിൽ ടിക്കറ്റ് പരിശോധിക്കാൻ നൽകിയപ്പോൾ മെഷീനിൽ നിന്ന് സാധാരണ വരാറുള്ള 'ബീപ്' ശബ്ദം കേട്ടിരുന്നില്ല. സ്‌ക്രീനിൽ ഒന്നും കാണിക്കുന്നില്ലെന്ന് കടയുടമ പറഞ്ഞതിനെ തുടർന്നാണ് ടിക്കറ്റ് കളയാൻ അമ്മ സമ്മതിച്ചത്. എന്നാൽ ഇരുവരും അബദ്ധം തിരിച്ചറിഞ്ഞ് കടയിൽ എത്തിയപ്പോഴേക്കും മാലിന്യം ശേഖരിക്കുന്ന വണ്ടി വന്ന് ചവറ്റുകുട്ടയിലെ അവശിഷ്ടങ്ങൾ കൊണ്ടുപോയിരുന്നു. ടിക്കറ്റ് സ്‌കാൻ ചെയ്യാൻ ഉപയോഗിച്ച മെഷീന് എന്തെങ്കിലും തകരാർ സംഭവിച്ചിട്ടുണ്ടാകാമെന്നും ഇതിനെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും ഇന്ത്യക്കാരനായ കടയുടമ കരൺ കുമാർ പറഞ്ഞു.
ദേശീയ ലോട്ടറി കമ്പനിയായ 'ആൽവിൻ' കാത്തിയുടെ അവകാശവാദത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. ടിക്കറ്റ് നഷ്ടപ്പെടുകയോ, മോഷ്ടിക്കപ്പെടുകയോ, നശിച്ചുപോവുകയോ ചെയ്താൽ പോലും തെളിവുകളുണ്ടെങ്കിൽ സമ്മാനത്തുക നൽകാൻ ലോട്ടറി നിയമത്തിൽ പ്രത്യേക വ്യവസ്ഥയുണ്ടെന്ന് കമ്പനി അറിയിച്ചു. കമ്പനിയുടെ അന്തിമ തീരുമാനത്തിനായി 30 ദിവസത്തോളം വീട്ടമ്മ കാത്തിരിക്കേണ്ടി വരും. ഭാഗ്യം തുണച്ചാൽ ന്യൂസിലൻഡിലേക്ക് ഒരു യാത്ര പോകണമെന്നാണ് ഇവരുടെ ആദ്യത്തെ ആഗ്രഹം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |