SignIn
Kerala Kaumudi Online
Saturday, 11 July 2026 12.06 PM IST

'അച്ഛനെ ഫീഡിംഗ് ട്യൂബ് മാറ്റി കൊല്ലാമെങ്കിൽ അതിലും എളുപ്പമാണ് നിങ്ങളെ കൊല്ലാൻ' സർക്കാർ ജോലിക്കായി അമ്മയെ കൊന്ന മകൾ അച്ഛനെയും വകവരുത്തിയതോ?

arushi-and-neeraj-sharma
പ്രതി ആരുഷി,​ കൊല്ലപ്പെട്ട മാതാവ് നീരജ് ശർമ

ജയ്‌പൂർ: രാജസ്ഥാനിൽ സർക്കാർ ജോലി സ്വന്തമാക്കുന്നതിനായി മകൾ അമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. അറസ്റ്റിലായ ഇരുപത്തിമൂന്നുകാരി ആയുഷി ശർമ സ്വന്തം പിതാവിനെയും കൊലപ്പെടുത്തിയതാണോയെന്ന് സംശയമുള്ളതായി ബന്ധുക്കൾ. കഴിഞ്ഞ വർഷം മരിച്ച പിതാവ് വിജയ് ശർമയുടെ മരണത്തിലും അസ്വാഭികതയുണ്ടെന്നും ആയുഷിയുടെ പങ്കുണ്ടാകാമെന്നുമാണ് മാതൃസഹോദരൻ രാകേഷ് ശർമ ആരോപിച്ചിരിക്കുന്നത്.

വിജയ് ശർമയുടെ മരണത്തെത്തുടർന്നാണ് ഭാര്യ നീരജ് ശർമയ്ക്ക് ഭർത്താവിന്റെ ജോലി ലഭിക്കുന്നത്. ഈ ജോലി സ്വന്തമാക്കുന്നതിനായാണ് ആയുഷി അമ്മാവന്റെയും വാടകകൊലയാളിയുടെയും സഹായത്തോടെ റോഡപകടമുണ്ടാക്കി നീരജ് ശർമയെ കൊലപ്പെടുത്തിയത്. അമ്മയെ കൊലപ്പെടുത്തിയ കേസിൽ ആയുഷിയെ പൊലീസ് അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് യുവതിക്കെതിരെ പുതിയ ആരോപണം ഉയരുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ രാജസ്ഥാൻ പൊലീസ് വിജയ് ശർമയുടെ മരണവും വീണ്ടും പരിശോധിച്ചുതുടങ്ങി.

ജയ്പൂരിലെ പ്രതാപ് നഗറിൽ ഈ മാസം മൂന്നിനാണ് നീരജ് ശർമ അപകടത്തിൽ കൊല്ലപ്പെട്ടത്. സ്‌കോർപിയോ എസ്‌യുവി ഇടിച്ചുണ്ടായ അപകടമെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ പിന്നീട് ഇത് ആസൂത്രിത കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. കുടുംബ സ്വത്തും ആശ്രിത നിയമനത്തിലൂടെയുള്ള സർക്കാർ ജോലിയും സ്വന്തമാക്കാനാണ് ബന്ധുക്കളുടെയും വാടകക്കൊലയാളിയുടെയും സഹായത്തോടെ ആയുഷി കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. കേസിൽ ഇതുവരെ ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇതിനിടെയാണ് പിതാവ് വിജയ് ശർമയുടെ മരണവും സംശയാസ്പദമാണെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പൊലീസിനെയും കോടതിയെയും സമീപിച്ചത്. വിജയ് ശർമ രോഗബാധിതനായിരുന്നെങ്കിലും ചികിത്സയിലൂടെ സുഖം പ്രാപിച്ചുവരികയായിരുന്നു. എന്നാൽ മികച്ച ചികിത്സ നൽകാമെന്ന് പറഞ്ഞ് ആയുഷി അദ്ദേഹത്തെ ബന്ധുക്കളുടെ അടുത്ത് നിന്നും മറ്റൊരു വീട്ടിലേക്ക് കൂട്ടികൊണ്ടുപോകുകയായിരുന്നു. പിന്നെ അദ്ദേഹത്തിനെ കാണാൻ ബന്ധുക്കളെ അനുവദിച്ചില്ലെന്നും ആവശ്യമായ ചികിത്സ ലഭിക്കാതിരുന്നതിനാലാണ് വിജയ് ശർമ മരണപ്പെട്ടെതെന്നും പരാതിയിൽ പറയുന്നു.

വിജയ് ശർമയെ ആയുഷി കൂട്ടിക്കൊണ്ടുപോയി മൂന്നുമാസത്തിന് ശേഷം ആശുപത്രിയിൽവച്ചാണ് ബന്ധുക്കൾ വീണ്ടും കാണുന്നത്. ആ സമയത്ത് വിജയ് ശർമയുടെ ശരീരാവയവങ്ങളുടെ 90ശതമാനവും തകരാറിലായതായാണ് ഡോക്ടർമാർ അറിയിച്ചത്. വിജയ് ശർമയെ പിന്നീട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില അതീവ ഗുരുതരമാവുകയായിരുന്നു. പിന്നീട് വീട്ടിലേക്ക് കൊണ്ടുവന്ന അദ്ദേഹത്തിന് അധികം വൈകാതെ മരണം സംഭവിച്ചു.

വിജയ് ശർമയുടെ മരണത്തിന് ശേഷം പിതാവിന്റെ സർക്കാർ ജോലി തനിക്ക് ലഭിക്കണമെന്നും കുടുംബസ്വത്തുകൾ സ്വന്തം പേരിലാക്കണമെന്നും ആയുഷി ആവശ്യപ്പെട്ടിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. അമ്മയെ കൊലപ്പെടുത്തുന്നതിന് മുമ്പ് ആയുഷി ഭീഷണി മുഴക്കിയിരുന്നുവെന്നും രാകേഷ് ശർമ ആരോപിച്ചു. അച്ഛന്റെ ഫീഡിംഗ് ട്യൂബ് മാറ്റിയാണ് കൊന്നതെന്നും അതുകൊണ്ട് നിങ്ങളെ കൊല്ലുന്നത് അതിലും എളുപ്പമാണെന്നും ആയുഷി നീരജ് ശർമയോട് പറഞ്ഞിരുന്നതായാണ് ബന്ധുക്കളുടെ വെളിപ്പെടുത്തൽ. മരണത്തിന് മുമ്പ് "എനിക്ക് ഇനി രണ്ട് ദിവസം മാത്രമാണ് ബാക്കിയുള്ളത്" എന്ന സൂചന നൽകുന്ന വാട്‌സ്ആപ്പ് സ്റ്റാറ്റസ് നീരജ് ശർമ പങ്കുവച്ചിരുന്നതായും പരാതിയിൽ പറയുന്നു.

പൊലീസ് അന്വേഷണത്തിൽ മാതാവുമായി വർഷങ്ങളായി അഭിപ്രായഭിന്നത ഉണ്ടായിരുന്നുവെന്ന് ആയുഷി സമ്മതിച്ചതായാണ് വിവരം. ഭിന്നശേഷിക്കാരനായ സഹോദരനോട് മാതാവ് കൂടുതൽ സ്‌നേഹം കാണിച്ചിരുന്നുവെന്ന തോന്നലും കുടുംബസ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങളുമാണ് കൊലപാതകത്തിന് പിന്നിലെ പ്രധാന കാരണങ്ങളെന്നാണ് പൊലീസ് നിഗമനം. പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട ഉയർന്ന പുതിയ ആരോപണം വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

English Summary

A shocking murder case in Rajasthan has taken a new turn after relatives alleged that 23-year-old Ayushi Sharma, who was arrested for plotting the murder of her mother Neeraj Sharma to obtain a government job and family property, may have also been involved in the death of her father, Vijay Sharma, last year. Her maternal uncle has claimed Vijay's death was suspicious and accused Ayushi of denying him proper medical care. He also alleged that Ayushi threatened her mother by saying that if she could kill her father by removing his feeding tube, killing her mother would be even easier. Following the complaint, Rajasthan Police has reopened the investigation into Vijay Sharma's death while continuing to probe the murder of Neeraj Sharma.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AYUSHI SHARMA, JAIPUR MURDER CASE, NEERAJ SHARMA MURDER, VIJAY SHARMA DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360