
കച്ച്: ഗുജറാത്തിലെ കച്ച് തീരത്ത് വൻ ലഹരിവേട്ട. കോസ്റ്റ് ഗാർഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയും നടത്തിയ ഓപ്പറേഷനിൽ
1000 കോടി രൂപ വില വരുന്ന കൊക്കെയ്‌ൻ പിടികൂടി. മുന്ദ്ര തുറമുഖത്ത് നിന്ന് 10 നോട്ടിക്കൽ മൈൽ അകലെ നങ്കൂരമിട്ടിരുന്ന പാകിസ്ഥാൻ ബന്ധമുള്ള കപ്പലിൽ നിന്നാണ് പിടികൂടിയത്. പാകിസ്ഥാനിലെ പോർട്ട് ഖാസിമിൽ നിന്നെത്തിയ യൂറോപ്യൻ രാജ്യത്തിന്റെ ഉടമസ്ഥതയിലുള്ള കപ്പൽ തടഞ്ഞുനിറുത്തി പരിശോധിക്കുകയായിരുന്നു.'യൂറോപ്പ്' എന്ന ചരക്കുകപ്പലിൽ നിന്നാണ് കണ്ടെടുത്തത്. ഉദ്യോഗസ്ഥരെ കണ്ട പ്രതികൾ ലഹരിമരുന്ന് അടങ്ങിയ അഞ്ച് വലിയ ബാഗുകൾ കടലിലേക്ക് എറിഞ്ഞെങ്കിലും കോസ്റ്റ് ഗാർഡ് വീണ്ടെടുത്തു. ബ്രസീലിൽനിന്ന് കൊണ്ടുവന്ന കൊക്കെയ്ൻ ഗുജറാത്ത് തീരംവഴി ഡൽഹിയിൽ എത്തിക്കാനായിരുന്നു പദ്ധതി. അന്താരാഷ്ട്ര വിപണിയിൽ 1,189 കോടി രൂപ വിലവരുമെന്ന് അധികൃതർ അറിയിച്ചു. 2025 നവംബറിൽ തന്നെ ലഹരിമരുന്ന് കപ്പലിന്റെ മോട്ടോർ റൂമിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. ടാൻസാനിയൻ സ്വദേശിയായ ജുമ നാസിർ ഒമറിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യംചെയ്തതിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ, ഡൽഹിയിൽ ലഹരിമരുന്ന് വാങ്ങാൻ കാത്തുനിന്ന നൈജീരിയൻ, ഉഗാണ്ടൻ സ്വദേശികളെ ഡൽഹി പൊലീസ് പിടികൂടി. മറ്രൊരാൾ രക്ഷപ്പെട്ടു. ഇന്ത്യയുടെ പടിഞ്ഞാറൻ സമുദ്ര അതിർത്തിയിൽ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ ലഹരിവേട്ടകളിൽ ഒന്നാണിത്. വിതരണ ശൃംഖലയെക്കുറിച്ചുൾപ്പെടെ അന്വേഷിച്ചുവരികയാണ്.
രാജ്യത്ത് കഴിഞ്ഞ ആഴ്ചയിൽ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ വലിയ കൊക്കെയ്ൻ വേട്ടയാണിത്. 23ന് എത്യോപ്യയിലെ അഡിസ് അബാബയിൽ നിന്ന് മുംബയ് വിമാനത്താവളത്തിലെത്തിയ ദമ്പതികളെ പിടികൂടിയിരുന്നു. ഇവരുടെ പക്കൽ നിന്ന് 1.40 കിലോഗ്രാം കൊക്കെയ്ൻ അടങ്ങിയ 84 ഗുളികകൾ പുറത്തെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |