
ന്യൂഡൽഹി: നിക്ഷേപകരെ ചേർത്തുപിടിക്കുന്ന ഇന്ത്യ - ഇസ്രയേൽ ഉഭയകക്ഷി നിക്ഷേപ കരാർ ഇന്നലെ പ്രാബല്യത്തിൽ വന്നു. ഇതോടെ,നിക്ഷേപകർക്ക് ഇരു രാജ്യങ്ങൾക്കുമിടയിൽ സ്വതന്ത്രമായി ഫണ്ടുകൾ കൈമാറാനാവും. ലാഭം,ലാഭവിഹിതം,മൂലധന നേട്ടം,വില്പന വരുമാനം,പലിശ,റോയൽറ്റി,സാങ്കേതിക ഫീസ് എന്നിവയുൾപ്പെടെയാണിത്.
ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം കൂടുതൽ ആഴത്തിലാവും. ഇരു രാജ്യങ്ങളിലും പ്രവർത്തിക്കുന്ന ബിസിനസുകൾക്ക് സുരക്ഷിതവും പ്രവചനാതീതവുമായ നിക്ഷേപ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനൊപ്പം ഉഭയകക്ഷി നിക്ഷേപ പ്രവാഹം ശക്തിപ്പെടുത്തുന്നതും ലക്ഷ്യമിടുന്നു. നിക്ഷേപകർക്കും അവരുടെ നിക്ഷേപങ്ങൾക്കും സംരക്ഷണം ഉറപ്പാക്കും. സ്വതന്ത്രമായ ഒരു തർക്ക പരിഹാര സംവിധാനവും കരാറിൽ വ്യവസ്ഥ ചെയ്‌തിട്ടുണ്ട്.
ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധത്തിൽ സുപ്രധാന നാഴികക്കല്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. 2025 സെപ്‌തംബർ 8ന് ഡൽഹിയിൽ ഒപ്പുവച്ച കരാറാണിത്. നിലവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ആകെ ഉഭയകക്ഷി നിക്ഷേപം 80 കോടി ഡോളറാണ്. പുതിയ കരാർ ഈതുകയും കടക്കും.
സഹകരണം പ്രോത്സാഹിപ്പിക്കും
ഇന്ത്യയും ഇസ്രയേലും സാങ്കേതികവിദ്യാധിഷ്ഠിത വളർച്ചയ്‌ക്കും പ്രതിരോധശേഷിയുള്ള വിതരണ ശൃംഖലകളിലും പ്രത്യേക ശ്രദ്ധ നൽകുന്ന രാജ്യങ്ങളാണ്. ഈ സാഹചര്യത്തിൽ ഡീപ് ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പ്രതിരോധ നിർമ്മാണം തുടങ്ങിയ മേഖലകളിലെ സഹകരണം പ്രോത്സാഹിപ്പിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്താനും കരാർ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |