ന്യൂഡൽഹി: തിരഞ്ഞെടുപ്പുകളിലെ കള്ളപ്പണം ജനാധിപത്യത്തെ ദുഷിപ്പിക്കുന്നുവെന്ന് സുപ്രീംകോടതി. ഈപ്രശ്‌നം കൈകാര്യം ചെയ്യാൻ മാർഗരേഖയും പുറപ്പെടുവിച്ചു. കളളപ്പണം പിടിച്ചെടുത്താൽ 24 മണിക്കൂറിനകം കോടതിയെ വിവരമറിയിക്കണം. കേസെടുത്ത് ഒരു വർഷത്തിനകം അന്വേഷണം പൂർത്തിയാക്കണം. അന്വേഷണം വൈകുമെങ്കിൽ തിരഞ്ഞെടുപ്പ് കമ്മിഷനെ രേഖാമൂലം അറിയിക്കണം.
10 ലക്ഷത്തിൽ കൂടുതൽ കണ്ടെത്തിയാൽ ആദായ നികുതി വകുപ്പിനെ അറിയിക്കണം. കേസുകൾ വേഗത്തിൽ വിചാരണ നടത്താൻ ഹൈക്കോടതികൾ പ്രത്യേക കോടതികൾ രൂപീകരിക്കണം. കേസ് പിൻവലിക്കാൻ ഹൈക്കോടതിയുടെ അനുമതി അനിവാര്യമാണെന്നും ജസ്റ്റിസുമാരായ സഞ്ജയ് കരോൽ,എൻ.കോട്ടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
വോട്ടർമാരെ സ്വാധീനിക്കാൻ കള്ളപ്പണം ഉപയോഗിക്കുന്നത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിന്റെ അടിത്തറയെ തകർക്കുന്നതാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസുകൾ സർക്കാരുകൾ പിൻവലിക്കുന്നത്, ശിക്ഷയിൽ നിന്ന് രക്ഷപ്പെടാമെന്ന മോശം സന്ദേശം നൽകുന്നതാണെന്നും കർണാടകയിലെ ഒരു കേസ് പരിഗണിക്കവേ കോടതി നിരീക്ഷിച്ചു.
2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 387,430 കേസാണ് രജിസ്റ്റർ ചെയ്‌തത്. അതിൽ 42.9% മാത്രമാണ് ശിക്ഷയിലേക്ക് എത്തിയത്. തിരഞ്ഞെടുപ്പ് കമ്മിഷൻ കൈമാറിയ ഈ കണക്കും കോടതി ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |