SignIn
Kerala Kaumudi Online
Monday, 06 July 2026 4.57 AM IST

ചമ്പത് റായിയുടെ സ്വത്തുവിവരം തേടി എസ്.ഐ.ടി  പ്രതികൾ ദിവസവും 8 ലക്ഷം വരെ അടിച്ചുമാറ്റിയെന്ന്

xd

ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയിൽ ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറിയും വി.എച്ച്.പി ഉപാദ്ധ്യക്ഷനുമായ ചമ്പത് റായിയുടെ സ്വത്തുവിവരം തേടി പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി). രേഖകൾ അടക്കം ഉടൻ കൈമാറണം. ബിനാമി പേരുകളിൽ ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

ട്രസ്റ്റ് അംഗമായിരുന്ന അനിൽ മിശ്ര,അഡ്മിനിസ്ട്രേറ്റർ ഗോപാൽ റാവു എന്നിവരും സ്വത്തുവിവരം കൈമാറണം. ട്രസ്റ്റിന്റെ പക്കലുള്ള ഓ‌ഡിറ്ര് റിപ്പോ‌ർട്ടുകൾ റീഓഡിറ്റ് ചെയ്‌തേക്കും. അതേസമയം,ചമ്പത്തിനെ പിന്തുണച്ച് അയോദ്ധ്യയിലെ സന്യാസി മണ്ഡൽ രംഗത്തുവന്നു. സുതാര്യതയും വിശ്വാസ്യതയും മുഖമുദ്ര‌യായ വ്യക്തിയാണ്. ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നുള്ള രാജി ട്രസ്റ്റ് സ്വീകരിക്കരുതെന്നും ആവശ്യപ്പെട്ടു. നാളെ ട്രസ്റ്റ് യോഗം ചേരാനിരിക്കെയാണിത്. രാജി അംഗീകരിച്ചാൽ അതിനു പിന്നാലെ അറസ്റ്റുണ്ടാകും.

ഇതിനിടെ,പ്രതികൾ ദിവസവും 8 ലക്ഷം വരെ അടിച്ചുമാറ്റിയെന്ന് അന്വേഷണസംഘത്തിന്റെ പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞുവെന്നാണ് വിവരം. ക്ഷേത്രത്തിനു സമീപത്തെ പാർക്കിലും കൊള്ളമുതലെത്തിച്ച് പങ്കിട്ടെടുത്തുവെന്ന് പ്രതി അവിനാശ് ശുക്ല പൊലീസിന് മൊഴി നൽകി. പ്രതിയെ പാ‌ർക്കിലെത്തിച്ച് തെളിവെടുത്തു. സംഭാവന പണം ഉപയോഗിച്ച് ഇയാൾ വാങ്ങിയ മാരുതി ബ്രെസ കാറും പിടിച്ചെടുത്തു. ഇതിനിടെ,ക്ഷേത്രത്തിന് ലഭിച്ച സംഭാവനകൾ സംബന്ധിച്ച് ഓഡിറ്റ് നടത്തണമെന്ന് സുപ്രീംകോടതിയിൽ പൊതുതാത്പര്യഹർജിയെത്തി. കോടതി മേൽനോട്ടത്തിൽ സി.ബി.ഐ അന്വേഷിക്കണമെന്നും ആർ.ജെ.ഡി എം.പിയായ സുധാകർ സിംഗ് സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടു.

ട്രസ്റ്റിനെതിരെ ദ്വാരക

ശങ്കരാചാര്യർ

ട്രസ്റ്റിൽ യോഗ്യരല്ലാത്തവർ കടന്നുകൂടിയതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾക്കു കാരണമെന്ന് ദ്വാരക ശാരദാപീഠത്തിലെ ശങ്കരാചാര്യർ സ്വാമി സദാനന്ദ് സരസ്വതി. യഥാർത്ഥ ഉത്തരവാദികളെ രക്ഷിക്കാൻ താഴെ തട്ടിലുള്ള ജീവനക്കാരെ ബലിയാടാക്കരുത്. കേന്ദ്ര-യു.പി സർക്കാരുകൾ രാമക്ഷേത്രത്തെ ടൂറിസം കേന്ദ്രമായി പരിഗണിച്ചെന്നും കുറ്റപ്പെടുത്തി.

സ്വർണ

ബിസ്‌ക്കറ്റാക്കിയോ

മോഷ്‌ടിച്ച സ്വ‌ർണാഭരണങ്ങൾ ഉരുക്കി സ്വർണ ബിസ്‌ക്കറ്റാക്കി മാറ്റിയോയെന്നും എസ്.ഐ.ടി സംശയിക്കുന്നുണ്ട്. കടത്തിയ ഭൂരിഭാഗം ആഭരണങ്ങളും ഇതുവരെ കണ്ടെടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണിത്. സംഭാവനയായി ലഭിച്ച സ്വർണം,വെള്ളി ആഭരണങ്ങളുടെയും വജ്രങ്ങളുടെയും അടക്കം വിവരങ്ങൾ അന്വേഷണസംഘം ശേഖരിക്കുന്നുണ്ട്.

യോഗിയുമായി

കൂടിക്കാഴ്ച

ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ നിതിൻ നബിൻ ഇന്നലെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി. അയോദ്ധ്യ ഉൾപ്പെടെ ചർച്ചയായെന്നാണ് സൂചന.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AYODHYA FUND SCAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360