SignIn
Kerala Kaumudi Online
Thursday, 16 July 2026 2.14 AM IST

അയോദ്ധ്യയിലെ സി.ഇ.ഒ: എതിർത്ത് സന്യാസി സമൂഹം

e

ന്യൂഡൽഹി: അയോദ്ധ്യയിലെ സി.ഇ.ഒ നിയമന നടപടികൾക്കെതിരേ സന്യാസി സമൂഹം. ഭരണകാര്യങ്ങൾ നിർവഹിക്കേണ്ടത് ഉദ്യോഗസ്ഥനാകരുതെന്നും പകരം ക്ഷേത്രവിധികൾ അറിയുന്നവരായിരിക്കണമെന്നും പറഞ്ഞു. സി.ഇ.ഒ നിയമനത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളാൻ ശ്രീരാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് നിയോഗിച്ച മൂന്നംഗ കമ്മിറ്റി ഞായറാഴ്ച യോഗം ചേരാനിരിക്കെയാണ് എതിർപ്പുയർന്നത്. ഉത്തരേന്ത്യയിലെ ഏറ്റവും വലിയ വൈഷ്ണവ സന്യാസ സമൂഹമായ രാമാനന്ദി സമ്പ്രദായത്തിൽ നിന്നുള്ള മുതിർന്ന ആചാര്യനെയാകണം ക്ഷേത്ര ചുമതലയേൽപിക്കാനെന്നും ഇവർ ആവശ്യപ്പെടുന്നു. ഹൈന്ദവ മതത്തെയും അതിലെ ആചാരങ്ങളെയും പൂജാ വിധികളെയും കുറിച്ച് വ്യക്തമായ ധാരണയുള്ള രാമാനന്ദി സമ്പ്രദായത്തിൽ നിന്നുള്ള ഒരാൾ മാത്രമേ ശ്രീരാമസേവയ്ക്ക് അനുയോജ്യനായി ഉള്ളൂവെന്നും സിഇഒയെ അല്ല ഭക്തർക്കും അയോധ്യ ക്ഷേത്രത്തിനും വേണ്ടതെന്നും പകരം 'രാമദാസനെ'യാണെന്നുമാണ് സന്യാസി സമൂഹത്തിന്റെ ആവശ്യം. പ്രമുഖ സന്യാസിമാരായ ജഗദ്ഗുരു സതീഷാചാര്യ, മഹന്ദ് ധർമ ദാസ്, കർപാത്രിജി മഹാരാജ് തുടങ്ങിയവർ ഈ ആവശ്യമുന്നയിച്ചു പരസ്യമായി രംഗത്തു വന്നിട്ടുണ്ട്. നിലവിലെ ക്ഷേത്ര ട്രസ്റ്റ് പിരിച്ചുവിടണമെന്നും ഇവർ ആവശ്യപ്പെടുന്നു. രാമക്ഷേത്രം ഏതെങ്കലും വ്യക്തിയുടെയോ, സംഘടനയുടെയോ അല്ലെന്നും ഹിന്ദുമതത്തെ ആഴത്തിലറിഞ്ഞ ഒരാൾക്കു മാത്രമാണ് ക്ഷേത്രനടത്തിപ്പ് കാര്യക്ഷമമായി നിർവഹിക്കാനാകൂയെന്നും അതിന് രാമാനന്ദി സമ്പ്രദായത്തിൽ നിന്നുള്ള സന്യാസിമാരാണ് പ്രാപ്തരെന്നും അവർ ചൂണ്ടിക്കാട്ടി. സംഭാവനക്കൊള്ളയെത്തുടർന്നാണ് ക്ഷേത്രത്തിന്റെ ഭരണ-സാമ്പത്തിക കാര്യങ്ങളുടെ ചുമതലയിലേക്ക് സിഇഒയെ നിയമിക്കാൻ ശ്രീരാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് മൂന്നംഗ സമിതിയെ നിയോഗിച്ചത്. ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് പ്രമോദ് കോഹ്ലി, മുൻ ലഫ്റ്റനന്റ് ജനറൽ വിഷ്ണുകാന്ത് ചതുർവേദി, ശ്രീ സായി ബാബ സൻസ്ഥാൻ മുൻ ചെയർമാൻ സുരേഷ് ഹവാരെ എന്നിവരാണ് സമിതി അംഗങ്ങൾ. ബിരുദത്തിൽ കുറയാതെ വിദ്യാഭ്യാസ യോഗ്യതയുള്ള അമ്പതിനും ഏഴുപതിനും ഇടയിൽ പ്രായമുള്ളവർക്കാണ് സിഇഒ പദവിയിലേക്ക് അപേക്ഷിക്കാൻ യോഗ്യത. ഈ മാസം 18 വൈകിട്ട് നാലുമണി വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. മുൻ ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥർ അടക്കം ആയിരത്തിലേറെ പേരാണ് ഇതിനോടകം സിഇഒ പദവിയിലേക്ക് അപേക്ഷ നൽകിയിരിക്കുന്നത്.

അന്വേഷണ റിപ്പോർട്ട്

രണ്ടു ദിവസത്തിനകം

അതേസമയം സംഭാവനക്കൊള്ളയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ സമയം നീട്ടിവാങ്ങി പ്രത്യേക അന്വേഷണ സംഘം. റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയം ഇന്നലെ അവസാനിക്കാനിരിക്കെയായിരുന്നു നീക്കം. റിപ്പോർട്ട് ഇന്നോ നാളെയോ സമർപ്പിക്കാനാണ് അന്വേഷണസംഘം തയാറെടുക്കുന്നത്. നേരത്തെ അന്വേഷണം പൂർത്തിയാക്കാൻ സമയം നീട്ടി നൽകണമെന്ന് എസ്‌ഐടി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് യുപി സർക്കാർ 15 ദിവസം നീട്ടിനൽകിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360