SignIn
Kerala Kaumudi Online
Wednesday, 22 July 2026 3.37 AM IST

മീഥെയ്‌ൻ സ്ഫോടനം, സിക്കിമിൽ തുരങ്കം തകർന്ന് 20 മരണം

d

ഗാംഗ്‌ടോക്: സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെയുണ്ടായ മീഥെയ്ൻ വാതക സ്ഫോടനത്തിൽ 20 തൊഴിലാളികൾ മരിച്ചു. സമർദംഗ് തുരങ്കത്തിൽ 24 മണിക്കൂറായി കുടുങ്ങിക്കിടക്കുന്ന അഞ്ച് പേർക്കായി തെരച്ചിൽ തുടരുകയാണ്.

കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞ് മൂന്നോടെ മീഥെയ്ൻ വാതകം കെട്ടിക്കിടക്കുന്ന പാറകൾ വൻശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ആഘാതത്തിൽ മണ്ണിടിഞ്ഞുവീണ് തുരങ്കത്തിന്റെ വാതിൽ അടഞ്ഞു. മീഥെയ്ന്റെ അളവ് അപകടകരമായരീതിയിൽ ഉയർന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി. ആദ്യം തുരങ്കത്തിൽ പ്രവേശിച്ച രക്ഷാപ്രവർത്തകർക്ക് അസ്വസ്ഥതയുണ്ടായി. തുരങ്കത്തിലും സമീപത്തും മീഥെയ്ൻ, കാർബൺ മോണോക്‌സൈഡ്, ഹൈഡ്രജൻ സൾഫൈഡ് തുടങ്ങിയവയുടെ സാന്നിദ്ധ്യമുണ്ടെന്ന് അധികൃതർ അറിയിച്ചു.

അതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥിതിഗതി വിലയിരുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,​000 രൂപയും പ്രഖ്യാപിച്ചു.അന്വേഷണത്തിന് പ്രത്യേക സമിതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗ് പ്രഖ്യാപിച്ചു. ഏഴുപേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാൻ ബംഗാളിൽ നിന്നുള്ള പ്രത്യേക സംഘമെത്തിയിട്ടുണ്ടെന്നും അറിയിച്ചു. ടീസ്ത ജലവൈദ്യുത പദ്ധതിയുടെ ഭാഗമായാണ് തുരങ്കം നിർമ്മിക്കുന്നത്.  എൻ.എച്ച്.പി.സിക്കാണ് നിർമ്മാണ ചുമതല.

പാറകൾ പൊട്ടിത്തെറിച്ചു

തുരങ്കത്തിനുള്ളിൽ ഖനന പ്രവർത്തനങ്ങൾ നടക്കുമ്പോൾ, മീഥെയ്ൻ വാതകം അടങ്ങിയ പാറകൾ പൊട്ടിത്തെറിക്കുകയും വാതക ചോർച്ചയുണ്ടാവുകയും ചെയ്തു. ജാർഖണ്ഡ്, അസാം, പഞ്ചാബ്, ജമ്മുകാശ്മീർ സ്വദേശികളായ തൊഴിലാളികളാണ് കുടുങ്ങിയവരിലേറെയും.

നാല് മാസം മുമ്പ് സമാനമായ അപകടം നടന്നിരുന്നെങ്കിലും കാര്യമായ ആഘാതമുണ്ടായില്ല. ചില തൊഴിലാളികൾക്ക് അന്ന് പൊള്ളലേറ്റു.

ഭൂകമ്പ സാദ്ധ്യത

ടീസ്റ്റ നദീതടം ഭൂകമ്പ സാദ്ധ്യതയുള്ള മേഖലയാണെന്ന് വിദഗ്ദ്ധർ പറയുന്നു. വിള്ളലുകളും വാതകങ്ങൾ കുടുങ്ങിക്കിടക്കാൻ സാദ്ധ്യതയുള്ള ഭൂഗർഭ അറകളും നിറഞ്ഞ ദുർബലമായ പ്രദേശം. താരതമ്യേന പുതിയ ശിലാഘടനകളാണിവിടെയുള്ളത്.

കോട്ടയം സ്വദേശിയും

അപകടത്തിൽ കോട്ടയം സ്വദേശിയായ ജിയോളജിസ്റ്റ് അനീഷ് മോഹനെയും (43) കാണാതായി. പാമ്പാടി വെള്ളൂർ പത്താഴക്കുഴി കൂരോത്ത് പറമ്പിൽ കുടുംബാംഗമാണ്. എൻ.എച്ച്.പി.സി യിലെ സീനിയർ മാനേജറാണ്. ശാസ്ത്രലേഖകനും വ്ലോഗറുമായ അനീഷ് 2001-04ൽ നാട്ടകം ഗവ.കോളേജിൽ നിന്ന് ബി.എസ്സി ജിയോളജി പഠനം പൂർത്തിയാക്കി. 2011ൽ ഹരിയാനയിലെ ഇലക്ട്രിക് പവർ കോർപ്പറേഷനിൽ ജോലിയിൽ പ്രവേശിച്ചു. പിന്നീട്, എൻ.എച്ച്.പി.സിയിൽ. 2026 മുതൽ സിക്കിമിൽ സീനിയർ മാനേജറായി സേവനമനുഷ്ഠിച്ചുവരികയാണ്. കുടുംബസമേതം ഡൽഹിയിലാണ് താമസം. വെള്ളൂരിലെ വീട്ടിൽ പ്രായമായ മാതാപിതാക്കൾ മാത്രമാണ് ഉള്ളത്. ഭാര്യ:സംഗീത. മക്കൾ: കാർത്ത്യായനി, ആരവ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360