
ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം 13 ന് അവസാനിക്കാനിരിക്കെ പ്രത്യേക സമ്മേളനം വിളിച്ച് മണ്ഡല പുനർനിർണയ ബില്ലും വനിതാ സംവരണ ബില്ലും പാസാക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. 16 മുതൽ 18 വരെ നടത്തും. എന്നാൽ അങ്ങനെയൊരു നീക്കം നിലവിലില്ലെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു.
ഭരണഘടനാ ഭേദഗതി അനിവാര്യമായ ബിൽ പാസാക്കാനുള്ള മൂന്നിൽ രണ്ട് ഭൂരിപക്ഷമുറപ്പാക്കാൻ പ്രതിപക്ഷ കക്ഷികളുമായി സർക്കാർ ചർച്ച തുടങ്ങിയെന്നാണ് വിവരം.
നടപ്പ് വർഷകാല സമ്മേളനത്തിൽ മണ്ഡല പുനർനിർണയ ബിൽ കൊണ്ടുവരാൻ സർക്കാർ ആലോചിച്ചെങ്കിലും ചോദ്യപേപ്പർ ചോർച്ച, അയോദ്ധ്യ സംഭാവനക്കൊള്ള വിഷയത്തിൽ പ്രതിപക്ഷം ഉടക്കിയതിനാൽ സമവായമുണ്ടായില്ല. പ്രതിപക്ഷ ബഹളത്തിൽ സമ്മേളന നടപടികൾ തടസപ്പെട്ടു.
സമവായത്തിനായി റിജിജു ഇന്നലെ പാർലമെന്റിലെ ഓഫീസിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി 50മിനിട്ടോളം ചർച്ച നടത്തി. പ്രതിഷേധം അവസാനിപ്പിച്ച് മണ്ഡല പുനർനിർണയ ബില്ലിലും എഫ്.സി.ആർ.ഐ ബില്ലിലും സഹകരിക്കണമെന്ന അഭ്യർത്ഥന രാഹുൽ തള്ളി. അതിനാൽ വരും ദിവസങ്ങളിൽ സർക്കാർ ഭാഗത്തു നിന്ന് വിദ്യാർത്ഥി പ്രതിഷേധം, സംഭാവന കൊള്ള വിഷയത്തിൽ പ്രസ്‌താവന നടത്താനുള്ള നീക്കങ്ങളുണ്ടായേക്കാം. കൂടാതെ വനിതാ ബില്ലിനായി പ്രത്യേക സമ്മേളനം വിളിച്ചാൽ പ്രതിപക്ഷത്തിന് വിട്ടു നിൽക്കാനാകില്ലെന്ന് സർക്കാരിനറിയാം.
സംഭാവനക്കൊള്ളയിൽ പ്രസ്‌താവന ആവശ്യപ്പെടുന്ന സമാജ്‌വാദി പാർട്ടി അടക്കം പ്രതിപക്ഷ പാർട്ടികളെ അനുനയിപ്പിക്കാൻ കേന്ദ്രമന്ത്രിമാരായ പ്രൾഹാദ് ജോഷി, പിയൂഷ് ഗോയൽ, അർജുൻ റാം മേഘ്‌വാൾ, എൽ. മുരുകൻ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വർഷകാല സമ്മേളനത്തിന്റെ അവസാന ആഴ്‌ച സഭാ നടപടികൾ തടസമില്ലാതെ നടത്താനുള്ള ശ്രമങ്ങളുമുണ്ട്. ജൂലായ് 20 ന് ആരംഭിച്ച സമ്മേളനത്തിൽ ഇതുവരെ ലോക്‌സഭയിൽ ചോദ്യോത്തര വേള നടന്നിട്ടില്ല. ആറ് ബില്ലുകൾ പാസാക്കിയത് ചർച്ചയില്ലാതെ.
മൂന്നിൽ രണ്ട് ഭൂരിപക്ഷം
ഏപ്രിലിൽ നടന്ന മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനത്തിൽ വനിതാ സംവരണ ബിൽ, മണ്ഡല പുനർനിർണയ ബിൽ, 131-ാമത് ഭരണഘടനാ ഭേദഗതി ബിൽ എന്നിവ ലോക്‌സഭയിൽ മൂന്നിൽ രണ്ട് പ്രത്യേക ഭൂരിപക്ഷം ഉറപ്പാക്കാനാകാതെ പിൻവലിക്കേണ്ടി വന്നിരുന്നു. തൃണമൂൽ, ശിവസേന-ഉദ്ധവ്, ആംആദ്‌മി പാർട്ടി വിമതരെ എൻ.ഡി.എ പാളയത്തിലെത്തിച്ചെങ്കിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം (362സീറ്റുകൾ) ഉറപ്പിക്കാൻ 44 സീറ്റുകൾ കൂടി ആവശ്യമാണ്. 2024-ൽ 293 ആയിരുന്ന എൻ.ഡി.എ എംപിമാരുടെ എണ്ണം നിലവിൽ 318 ആണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |