
പാർല.സമ്മേളനം ഇന്ന് തീരും
ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം ഇന്നവസാനിക്കാനിരിക്കെ ,സഭാ സ്തംഭനം ഒഴിവാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് നടത്തിയ ഇടപെടലും ഫലം കണ്ടില്ല. പാർലമെന്റിൽ ഏത് തരത്തിലുള്ള ചർച്ചയ്ക്കും സർക്കാർ തയ്യാറാണെന്ന് പാർലമെന്റ് മന്ദിരത്തിൽ വാർത്താ ഏജൻസികളോട് അമിത് ഷാ പറഞ്ഞു.
ഇന്നലെ വൈകിട്ട് മൂന്നു മുതൽ ഇന്ന് വൈകിട്ട് മൂന്നു വരെ ചർച്ച നടത്താമെന്ന നിർദ്ദേശവും വച്ചു.വിദ്യാർത്ഥി വിഷയത്തിൽ പ്രസ്താവന നടത്തണമെന്നാണ്പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ ഗൗരവതരമായ വിഷയത്തിൽ പ്രസ്താവന മാത്രം മതിയാകില്ല. വിശദമായ ചർച്ചയ്ക്ക് ശേഷം ഏത് ചോദ്യത്തിനും ഉത്തരം നൽകാം. സ്പീക്കർ അനുവദിക്കുമെങ്കിൽ ചോദ്യോത്തര വേളയില്ലാതെ തുടർച്ചയായി ചർച്ചയാകാം. തന്നെ കാണാനില്ലെന്നും ഒളിച്ചോടിയെന്നുമുള്ള ആരോപണങ്ങൾ തെറ്റാണെന്നും അമിത് ഷാ പറഞ്ഞു.പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിച്ച ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, നിർദ്ദേശം തള്ളി. ഞങ്ങൾക്ക് ഉത്തരങ്ങളാണ് വേണ്ടത്. അമിത് ഷായുടെ പ്രഭാഷണത്തിൽ രാജ്യത്തെ യുവതലമുറയ്ക്ക് താത്പര്യമില്ല. ആരാണ് വിദ്യാർത്ഥികളെ വെടി വച്ചത്? ആരാണ് ലാത്തിചാർജിന്ഉത്തരവിട്ടത്? കുട്ടികളെ വെടിവയ്ക്കാൻ ഉത്തരവിട്ടെങ്കിൽ അമിത് ഷാ രാജി വയ്ക്കണം- രാഹുൽ പറഞ്ഞു.
ബഹളത്തിനിടെ, ഖനന മേഖലയിൽ കേന്ദ്രത്തിന്റെ പങ്ക് ശക്തമാക്കാനും സ്വകാര്യ നിക്ഷേപത്തിനും പങ്കാളിത്തത്തിനും ലക്ഷ്യമിടുന്ന ഖനന നിയമ ഭേദഗതി ബിൽ ലോക് സഭ ചർച്ചയില്ലാതെ പാസാക്കി.വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെയും അയോദ്ധ്യാ സംഭാവനക്കൊള്ളയുടെയും പേരിലെ പ്രതിപക്ഷ ബഹളത്തിൽ ലോക്സഭാ ചോദ്യോത്തര വേള പൂർണമായി തടസപ്പെട്ട സമ്മേളനമായിരുന്നു ഇത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |