
ന്യൂഡൽഹി: സംസ്ഥാനങ്ങളുടെ പ്രകൃതിദത്ത ധാതുക്കളിൽ ഇനി നിയന്ത്രണം കേന്ദ്രത്തിന്. 'മൈൻസ് ആന്റ് മിനറൽസ് (ഡെവലപ്മെന്റ് ആൻഡ് റെഗുലേഷൻ) ഭേദഗതി ബിൽ പാർലമെന്റ് കടന്നതോടെയാണിത്.
ബിൽ ഇന്നലെ രാജ്യസഭ ശബ്‌ദവോട്ടോടെ പാസാക്കി. കഴിഞ്ഞ ദിവസം ലോക്‌സഭ പാസാക്കിയിരുന്നു.
കേരളത്തെ സാരമായി ബാധിക്കും. സംസ്ഥാനത്തിന്റെ നികുതിയേതര വരുമാനത്തിന്റെ പ്രധാന സ്രോതസാണ് ഖനന മേഖല. നിർണായക ധാതുക്കളുടെ ഉൽപാദനം വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന വ്യവസ്ഥകൾ കേരളത്തിലെ കരിങ്കൽ,ചെങ്കൽ, മണൽ, കളിമൺ ഖനനത്തെ ബാധിക്കും.
അതേസമയം, ഖനന മേഖലയിലെ കനത്ത നികുതി ഭാരം ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്രം പറയുന്നു. ഖനനം തുടങ്ങിയ ശേഷം സംസ്ഥാനങ്ങൾ തോന്നിയതു പോലെ നികുതിയും സെസും ചുമത്തുന്നു. ഏകീകൃതമല്ലാത്ത നിരക്കുകൾ ഖനനച്ചെലവ് കൂട്ടുന്നു. ധാതു ഖനനം നിരുത്സാഹപ്പെടുത്തുന്നു. 1957ലെ ഖനിനിയമം ഭേദഗതി ചെയ്‌ത ബിൽ രാജ്യത്ത് വ്യവസായ ആവശ്യങ്ങൾക്കുള്ള ധാതു ലഭ്യത ഉറപ്പാക്കും. സ്വകാര്യ നിക്ഷേപത്തിന് വഴി തുറക്കും.
കേരളത്തിൽ സ്വകാര്യ
ഖനനം വരും
1 അപൂർവ ധാതുക്കളുടെ കലവറയായ ചവറ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഖനനം പാട്ടത്തിന് നൽകാനുള്ള അധികാരം ഇനി കേന്ദ്ര സർക്കാരിന്
3 തീരദേശമെന്നോ വനഭൂമിയെന്നോ വ്യത്യാസമില്ലാതെ കേന്ദ്രത്തിന് പൂർണ നിയന്ത്രണം. സ്വകാര്യമേഖലയ്‌ക്ക് കേരള തീരത്തെ ധാതു ഖനനത്തിന് അവസരം
3 ധാതുഭൂമിയിൽ നിന്ന് നികുതി പിരിക്കാനുള്ള സംസ്ഥാനാധികാരം നഷ്‌ടമാകും. റോയൽറ്റി, സെസ്, ലൈസൻസ് ഫീസ് തുടങ്ങിയവ ഈടാക്കുന്നതിൽ കേന്ദ്ര നിയന്ത്രണം വരും
അധിക ഖനനം, വില്പന
ഇഷ്ടാനുസരണം
നിലവിൽ ഖനനപ്പാട്ടം ഉള്ളവർക്ക് അധിക റോയൽറ്റിയോ തുകയോ ഇല്ലാതെ ലിഥിയം, ഗ്രാഫൈറ്റ്, നിക്കൽ, കൊബാൾട്ട്, സ്വർണ്ണം, വെള്ളി തുടങ്ങിയവ ഖനനം ചെയ്യാം. ഖനനം ചെയ്യുന്ന ധാതുക്കൾ ഇഷ്‌ടാനുസരണം വിൽക്കാനും ബിൽ വ്യവസ്ഥചെയ്യുന്നു
അനധികൃത ഖനനം കുറയ്ക്കാനും തന്ത്രപ്രധാന ധാതുക്കളുടെ ഇറക്കുമതി കുറച്ച് സ്വയംപര്യാപ്‌തത ഉറപ്പാക്കാനുമാണ് ബിൽ
- കിരൺ റെഡ്ഡി, കേന്ദ്ര മന്ത്രി
സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാതെയും നികുതി പിരിവിൽ സുപ്രീംകോടതിയുടെ വിധി പരിഗണിക്കാതെയുമാണ് ബിൽ കൊണ്ടുവന്നത്
- എൻ.കെ.പ്രേമചന്ദ്രൻ എം.പി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |