
ന്യൂഡൽഹി: പ്രതിപക്ഷ ബഹളത്തിന്റെ പേരിൽ ചോദ്യോത്തര വേള പൂർണമായി തടസപ്പെട്ടും പ്രധാന ബില്ലുകൾ ചർച്ചയില്ലാതെ പാസാക്കിയും പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് സമാപനം. 17 ദിവസത്തെ ഇടവേളയ്‌ക്ക് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയിലെത്തിയെങ്കിലും സമ്മേളനം അനിശ്‌ചിതകാലത്തേക്ക് പിരിയുകയായിരുന്നു.
രാവിലെ 11ന് സമ്മേളിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും ലോക്‌സഭയിലെത്തി. പ്രതിപക്ഷത്തുനിന്ന് 'ലാത്തി ചാർജ് ആര് ഉത്തരവിട്ടു" , 'മാപ്പു പറയൂ" തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയരവെ നടപടികളിലേക്ക് കടക്കാതെ മൂന്നുമിനിട്ടുകൊണ്ട് പിരിഞ്ഞു. സ്‌പീക്കർ ഓം ബിർള പതിവ് സമാപന പ്രസംഗവും നടത്തിയില്ല. സർക്കാർ നിലപാടുകളിൽ പ്രതിഷേധിച്ച് സമ്മേളനത്തിന് ശേഷമുള്ള സ്‌പീക്കറുടെ ചായസത്കാരം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. മൈൻസ് ആൻഡ് മിനറൽ ബിൽ പാസാക്കിയ ശേഷമാണ് രാജ്യസഭ പിരിഞ്ഞത്.
ജന്തർ മന്ദറിൽ വിദ്യാർത്ഥികൾക്കെതിരായ നടപടിയിൽ ഷാ പ്രസ്‌താവന നടത്തണമെന്ന ആവശ്യത്തിലാണ് രണ്ടാഴ‌്ചയിലേറെ പ്രതിപക്ഷം സഭാ നടപടികൾ ഇരുസഭകളിലും സ്‌തംഭിപ്പിച്ചത്. പ്രവേശന പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള ബിൽ അടക്കം ചർച്ചയില്ലാതെ മിനിട്ടുകൾക്ക് കൊണ്ട് പാസാക്കി. പ്രതിപക്ഷത്തെ അനുനയിപ്പിക്കാൻ തർക്ക വിഷയങ്ങളിൽ ചർച്ച നടത്താമെന്ന് അമിത് ഷാ നേരിട്ടറിയിച്ചിട്ടും ഫലമുണ്ടായില്ല.
കേരളത്തിന് അഭിമാനം
ലോക്‌സഭയും രാജ്യസഭയും 12 വീതം ബില്ലുകൾ പാസാക്കി. ഇതിൽ കേരളത്തിന്റെ പേരുമാറ്റം ഔദ്യോഗികമാക്കുന്ന ബില്ലും ഉൾപ്പെടുന്നു. വിവാദമായ എഫ്.സി.ആർ.എ ബിൽ പ്രതിപക്ഷ ബഹളത്തിൽ ജെ.പി.സിക്ക് വിട്ടു. സമവായമാകാത്തതിനാൽ വനിതാ സംവരണത്തിനുള്ള മണ്ഡല പുനർനിർണയ ബിൽ വന്നില്ല. പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നത് സർക്കാരിന് തിരിച്ചടിയായി.
വന്ദേമാതരം തെറ്റി ആലപിക്കുന്നത് കുറ്റകരമാക്കുന്ന ബിൽ, ചോദ്യപേപ്പർ ചോച്ച തടയാൻ പരീക്ഷാ തട്ടിപ്പ് വിരുദ്ധ ബിൽ എന്നീ സുപ്രധാന ബില്ലുകളുമുണ്ട്. സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം വർദ്ധിപ്പിക്കൽ, ടാക്‌സേഷൻ, ട്രൈബ്യൂണൽസ്, മൈനിംഗ് ആൻഡ് മിനറൽസ് ഭേദഗതി, ജനന-മരണ രജിസ്ട്രേഷൻ ഭേദഗതി, ബാങ്കേഴ്‌സ് ബുക്‌സ് എവിഡൻസ്, എം.എസ്.എം.ഇ ഭേദഗതി ബില്ലുകളാണ് പാസാക്കിയ മറ്റ് പ്രധാനപ്പെട്ടവ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |