
ചെന്നൈ: ക്രൂരവും പൈശാചികവും. വീൽചെയറിലായ അമ്മയെ പരിചരിക്കാൻ കഴിയില്ലെന്ന കാരണത്താൽ ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ടു കൊലപ്പെടുത്തി മകന്റെ കൊടുംക്രൂരത. തമിഴ്നാട്ടിലെ തിരുവള്ളൂരിൽ ചൊവ്വാഴ്ച വൈകിട്ടാണ് നാടിനെ നടുക്കിയ ദാരുണ സംഭവം. പദ്മാവതിയെ (71) ഇളയമകൻ പാർത്ഥസാരഥിയാണ് (44) ക്രൂരമായി കൊലപ്പെടുത്തിയത്. അവഡിയിലെ ഹെവി വെഹിക്കിൾസ് ഫാക്ടറിയിലെ കരാർ ജീവനക്കാരനായ പാർത്ഥസാരഥിയാണ് അമ്മയെ പരിചരിച്ചിരുന്നത്. മൂത്രാശയസംബന്ധമായ അസുഖം പിടിപെട്ടതോടെ പദ്മാവതിയെ കഴിഞ്ഞ 6ന് തിരുവള്ളൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 16നാണ് ഡിസ്ചാർജ് ചെയ്തത്. തുടർന്ന് വീൽചെയറിലായ പദ്മാവതിയെ ചൊവ്വാഴ്ച വൈകിട്ട് പാർത്ഥസാരഥി മനവൂർ റെയിൽവേ സ്റ്റേഷനിലെത്തിക്കുകയായിരുന്നു. പ്ലാറ്റ്‌ഫോമിലേക്കുള്ള പടികൾ യാത്രക്കാരുടെ സഹായത്തോടെ കയറ്റുകയും ഏഴോടെ യേലഗിരി എക്‌സ്‌പ്രസെത്തിയപ്പോൾ പദ്മാവതിയെ തള്ളിയിട്ടശേഷം ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ട്രാക്കിൽ ചിന്നിച്ചിതറിയ ശരീരം കണ്ട യാത്രക്കാരാണ് വിവരം അധികൃതരെ അറിയിച്ചത്. തുടർന്ന് സി.സി ടിവിയുൾപ്പെടെയുള്ള പരിശോധനയിൽ അരക്കോണം ഗവൺമെന്റ് റെയിൽവേ പൊലീസ് പ്രതിയെ പിടികൂടി. പദ്മാവതിയുടെ മൂത്ത മകൻ അവിവാഹിതനും രോഗിയുമാണ്. രണ്ടാമത്തെ മകൻ മറ്റൊരിടത്താണ് താമസം. പാർത്ഥസാരഥി മദ്യപാനിയായതിനാൽ ഭാര്യയും രണ്ടുമക്കളും പിണങ്ങിക്കഴിയുകയായിരുന്നു. സാമ്പത്തികവും കുടുംബപരവുമായ പ്രശ്നങ്ങൾക്കിടെ രോഗിയായ അമ്മയെയും ഭിന്നശേഷിക്കാരനായ സഹോദരനെയും പരിചരിക്കാൻ ഏറെ ബുദ്ധിമുട്ടായിരുന്നെന്നാണ് ഇയാൾ പൊലിസിനോട് പറഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |