
ചീഫ് ജസ്റ്റിസിന് 3 കത്തുകളയച്ച് ജസ്റ്റിസ് സന്ദീപ് മേത്ത
ന്യൂഡൽഹി: സഹജഡ്‌ജിമാരെ ഭീഷണിപ്പെടുത്തുന്നു, ബന്ധു നിയമനം, ചില അഭിഭാഷകരുടെ കേസുകളിൽ അനുകൂല നിലപാടെടുക്കുന്നു- രാജസ്ഥാൻ ഹൈക്കോടതി ആക്‌ടിംഗ് ചീഫ് ജസ്റ്റിസ് സഞ്ജീവ് പ്രകാശ് ശർമ്മയ്‌ക്കെതിരെയുയർന്ന ഗുരുതര ആരോപണങ്ങളാണിവ.
ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതി ജഡ്‌ജി സന്ദീപ് മേത്ത കഴിഞ്ഞ 2,10,17 തീയതികളിലായി മൂന്ന് കത്തുകൾ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് കൈമാറി. ചീഫ് ജസ്റ്റിസുമായി അടുത്ത ബന്ധമുണ്ടെന്ന് പറഞ്ഞാണ് സഞ്ജീവ് പ്രകാശ് ശർമ്മയുടെ ഇത്തരം പ്രവൃത്തികളെന്ന് കത്തുകളിൽ പറയുന്നു. സ്ഥലംമാറ്റുമെന്ന് അടക്കം പറഞ്ഞ് സഹജഡ്‌ജിമാരെ ഭീഷണിപ്പെടുത്തുന്നു. ചില പ്രത്യേക അഭിഭാഷകർ ഹാജരാകുന്ന കേസുകളിൽ അവരുടെ കക്ഷികൾക്ക് അനുകൂലമായി നിലപാടെടുക്കുന്നു. ഹൈക്കോടതിയിലെ ജസ്റ്റിസ് ഉമാശങ്കർ വ്യാസിന്റെ ജില്ലാ ജഡ്‌ജിയായ ഭാര്യയ്‌ക്കെതിരെ പ്രതികാര നടപടിയെടുത്തു. സ്ഥിരം ലോക്‌അദാലത്തിൽ ബന്ധുക്കളെ തിരുകിക്കയറ്റാൻ ശ്രമിച്ചു. മകളുടെ ഭർതൃപിതാവിനെ മീഡിയേറ്ററായി നിയമിച്ചു.
ഹൈക്കോടതിയിലെ ജഡ്‌ജിമാരിൽ നിന്നടക്കമാണ് ഈ വിവരങ്ങൾ ലഭിച്ചത്. സ്ഥിരം ചീഫ് ജസ്റ്റിസിനെ നിയമിക്കാത്തതിലെ കാലതാമസവും കത്തിൽ ചോദ്യം ചെയ്യുന്നുണ്ട്. പത്ത് മാസത്തിലധികമായി ആക്‌ടിംഗ് ചീഫ് ജസ്റ്റിസായി തുടരുകയാണ്. അടുത്തമാസം ജഡ്‌ജി വിരമിക്കാനിരിക്കുന്ന സഞ്ജീവ് പ്രകാശ് ശർമ്മയെ നീക്കി സ്ഥിരം ചീഫ് ജസ്റ്റിസിനെ ഉടൻ നിയമിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. രാജസ്ഥാൻ ജോധ്പൂർ സ്വദേശിയാണ് പരാതിയുന്നയിച്ച ജസ്റ്റിസ് സന്ദീപ് മേത്ത. രാജസ്ഥാൻ ഹൈക്കോടതിയിൽ ജഡ്‌ജിയായിരുന്നു.
തെളിവുകൾ നോക്കണം,
വിശദീകരണം കേൾക്കണം
ശർമ്മയിൽ നിന്ന് ചീഫ് ജസ്റ്റിസ് വിശദീകരണം തേടിയെന്നാണ് സൂചന. പരാതി പരിശോധിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. മാദ്ധ്യമ റിപ്പോർട്ടുകൾ പരിഗണിച്ച് തീരുമാനമെടുക്കില്ല. ജുഡിഷ്യറിയുടെ വ്യവസ്ഥാപിതമായ സംവിധാനത്തിലൂടെ മാത്രമേ പരാതി കൈകാര്യം ചെയ്യുകയുള്ളു. പദവിയിൽ നിന്ന് നീക്കണോ, സ്ഥലംമാറ്റണോ, മറ്രേതെങ്കിലും ഭരണതലത്തിലുള്ള നടപടിയെടുക്കണോ എന്നതിൽ തെളിവുകൾ പരിശോധിച്ചും ജഡ്‌ജിയുടെ വിശദീകരണം കേട്ടും തീരുമാനമെടുക്കും. സ്ഥിരം ചീഫ് ജസ്റ്റിസിനെ നിയമിക്കാൻ കൊളീജിയത്തിൽ ആശയവിനിമയം നടക്കുകയാണെന്നും അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |