
ലക്നൗ: ഹരിയാൻവി ഗായകനും നടനും യുട്യൂബറുമായ അങ്കിത് ബലിയാൻ (32) വെടിയേറ്റുമരിച്ചു.
ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. കൊട്വാലി മേഖലയിലെ ജിമ്മിനുപുറത്തുവച്ചാണ് ആക്രമണമുണ്ടായത്. വ്യായാമം കഴിഞ്ഞ് കാറിനടുത്തേക്ക് നടക്കവേ, രണ്ടു ബൈക്കുകളിലെത്തിയ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. 18 റൗണ്ട് വെടിയുതിർത്തതായാണ് റിപ്പോർട്ട്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തെ ശക്തമായി അപലപിച്ച സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് ജാട്ട് സമുദായം കടുത്ത അമർഷത്തിലാണെന്നും ഇത് തങ്ങൾക്ക് നേരെയുള്ള ആക്രമണമായാണ് അവർ കാണുന്നതെന്നും പ്രതികരിച്ചു.
ഉത്തരവാദികൾക്കെതിരെ ഉടൻ നടപടിയെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. അക്രമികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു. സി.സി ടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണ്.
രാഷ്ട്രീയ കൊലപാതകം?
വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അങ്കിത് മത്സരിക്കാനിരിക്കുകയായിരുന്നെന്ന് റിപ്പോർട്ടുണ്ട്. രാഷ്ട്രീയ വൈരാഗ്യമാണോ കൊലപാതകത്തിനുപിന്നിലെന്ന് അന്വേഷിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. ഷാംലി ജില്ലയിലെ ബന്തിഖേര സ്വദേശിയാണ് അങ്കിത്. പിന്നീട് ഹരിയാനയിലെ റോഹ്‌തക്, സോനിപത് എന്നിവിടങ്ങളിലായി താമസം. ഗായകൻ, നടൻ എന്നീ നിലയിൽ പ്രശസ്തനായി. ഭൂരിഭാഗം വിഡിയോകളിലും തോക്കുകളും എസ്.യു.വി കാറുകളും പ്രത്യക്ഷപ്പെട്ടിരുന്നു. പ്രാദേശിക ശൈലിയിലുള്ള ഗാനങ്ങളായിരുന്നു ഏറെയും. യുട്യൂബിൽ 3.66 ലക്ഷത്തിലധികം സബ്സ്‌ക്രൈബേഴ്സുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |