SignIn
Kerala Kaumudi Online
Wednesday, 02 September 2026 1.14 AM IST

റോഡ് ഷോ നടത്തി വിജയ്; മേട്ടൂർ ഡാം തുറന്നു കർഷകർ ഹാപ്പി

aa

ചെന്നൈ: കാവേരി നദീജല തർക്കം തുടരുന്നതിനിടെ സേലം ജില്ലയിലെ മേട്ടൂർ അണക്കെട്ട് തുറന്ന് തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്. കാവേരി നദീതടത്തിലെ (ഡെൽറ്റ ജില്ലകൾ) 12 ജില്ലകളിലുള്ള കർഷകരുടെ ആവശ്യമായിരുന്നു ഇത്. മേട്ടൂർ റിസർവോയറിന്റെ പൂർണ ശേഷി 120 അടിയാണ്. ഇന്നലെ രാവിലെവരെ 91.56 അടിയായിരുന്നു വെള്ളം. ഭരണവും വെള്ളത്തിന്റെ വരവും തുടർച്ചയായി നിരീക്ഷിക്കുമെന്നും ജലസേചന ആവശ്യങ്ങൾക്കനുസരിച്ച് ഘട്ടം ഘട്ടമായി വെള്ളം തുറന്നുവിടുന്നത് നിയന്ത്രിക്കുമെന്നും തമിഴ്നാട് സർക്കാർ അറിയിച്ചു. ലഭ്യമായ വെള്ളം കാര്യക്ഷമമായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കൃഷി, കർഷക ക്ഷേമം, ജലവിഭവം, റവന്യൂ, ദുരന്തനിവാരണ വകുപ്പുകൾ ജില്ലാ ഭരണകൂടങ്ങളുമായി ഏകോപനം നടത്തണം.

കാവേരിയിൽ നിന്നും കനാലുകളിൽ നിന്നും അനധികൃതമായി പമ്പ് ചെയ്യുന്നത്, അനധികൃതമായി വെള്ളം എടുക്കൽ, അനുവദനീയമായ അളവിൽ കൂടുതൽ വെള്ളം ഉപയോഗിക്കൽ എന്നിവ തടയുന്നതിന് 24 മണിക്കൂറും നിരീക്ഷണം നടത്തും. ജലവിഭവം, റവന്യൂ, ദുരന്തനിവാരണ, പൊലീസ്, വൈദ്യുതി വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംയുക്ത സംഘങ്ങൾ ജലപാതകളിൽ പട്രോളിംഗ് നടത്തും.

കുറഞ്ഞ അളവിൽ വെള്ളം ആവശ്യമുള്ള ഇടത്തരം നെൽവിത്തുകളെടുക്കണമെന്ന് കർഷകരോട് നിർദ്ദേശിച്ചു. വെള്ളം വിവേകപൂർവം ഉപയോഗിക്കാനും ഡെൽറ്റയുടെ അവസാന ഭാഗങ്ങളിൽ വിതരണം എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും സർക്കാർ കർഷകരോട് സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്.

തെക്കുപടിഞ്ഞാൺ മൺസൂൺ മഴയുടെ കുറവും സംഭരണശേഷിയിലെ കുറവും കാരണം ജൂൺ 12ന് തുറക്കേണ്ട മേട്ടൂർ അണക്കെട്ട് ആണ് ഇന്നലെ തുറന്നത്. അണക്കെട്ട് തുറന്നതോടെ അടുത്ത 45 ദിവസത്തേക്ക് 12 ഡെൽറ്റ ജില്ലകളിലെ കർഷകർക്ക് പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷ. തമിഴ്നാടിന്റെ നെല്ലറ എന്നറിയപ്പെടുന്ന തഞ്ചാവൂരിന് ഏറെ നേട്ടമാകും.

മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ജലവിഭവ മന്ത്രി എൻ.ആനന്ദ് ഉൾപ്പെടെയുള്ളവർ ചടങ്ങിനെത്തിയിരുന്നു. സ്ഥലത്തെത്തിയ കർഷകരുമായി മുഖ്യമന്ത്രി സംസാരിച്ചു. ചെന്നൈയിൽ നിന്ന് പ്രത്യേക വിമാനത്തിൽ സേലത്ത് എത്തിയ മുഖ്യമന്ത്രി മേട്ടൂരിലേക്ക് റോഡ് മാർഗമാണ് എത്തിയത്. വഴിയിൽ തടിച്ചുകൂടിയ ആളുകളെ കൈവീശി കാണിച്ചുകൊണ്ട് റോഡ് ഷോ നടത്തി.

കാവേരി നദീജലം പങ്കിടുന്നതിനെച്ചൊല്ലി തമിഴ്നാടും കർണാടകയും തമ്മിൽ വീണ്ടും രാഷ്ട്രീയവും നിയമപരവുമായ പോരാട്ടം നടക്കുന്ന സാഹചര്യത്തിലാണ് മേട്ടൂർ അണക്കെട്ട് തുറക്കുന്നത്. കാവേരി ജല തർക്ക ട്രൈബ്യൂണലിന്റെ അന്തിമ വിധിയും സുപ്രീം കോടതിയുടെ 2018 ലെ വിധിയും പ്രകാരം കാവേരി ജലം തങ്ങളുടെ നിയമപരമായ അവകാശമാണെന്നാണ് തമിഴ്നാടിന്റെ വാദം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360