SignIn
Kerala Kaumudi Online
Saturday, 26 September 2026 8.46 PM IST

ടിക്കറ്റെടുത്ത് കയറും മുമ്പ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം; ശതാബ്ദിയും ജനശതാബ്ദിയും തമ്മിലുള്ള വ്യത്യാസം

shatabdi-trains
പ്രതീകാത്മക ചിത്രം

ലോക്കൽ, പാസഞ്ചർ മുതൽ രാജധാനി, ശതാബ്ദി, വന്ദേഭാരത് തുടങ്ങിയ പ്രീമിയം ട്രെയിനുകൾ വരെ നിരവധി വിഭാഗങ്ങളിലുള്ള ട്രെയിനുകളാണ് ഇന്ത്യൻ റെയിൽവേ സർവീസ് നടത്തുന്നത്. ഇവയിൽ ഏറെ പ്രചാരത്തിലുള്ള പ്രീമിയം പകൽ സമയ ട്രെയിൻ സർവീസുകളിലൊന്നാണ് ശതാബ്ദി എക്‌സ്‌പ്രസ്. എന്നാൽ ഈ ട്രെയിനിന് 'ശതാബ്ദി എക്സ്പ്രസ്' എന്ന പേര് നൽകിയത് എന്തുകൊണ്ടാണെന്ന് ആലോചിച്ചിട്ടുണ്ടോ? ശതാബ്ദി എക്‌സ്‌പ്രസും ജൻ ശതാബ്ദി എക്‌സ്‌പ്രസും തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെയാണ്? പേരിന് പിന്നിലെ ചരിത്രവും രണ്ടു സർവീസുകളും തമ്മിലുള്ള വ്യത്യാസങ്ങളും അറിയാം.

'ശതാബ്ദി' എന്ന വാക്കിന്റെ അർത്ഥം 100 വർഷം അഥവാ നൂറാം വാർഷികം എന്നാണ്. 1988ൽ അന്നത്തെ റെയിൽവേ മന്ത്രി മാധ‌വ് റാവു സിന്ധ്യയുടെ കാലത്താണ് ശതാബ്ദി എക്‌സ്‌പ്രസ് സർവീസ് ആരംഭിച്ചത്. രാജ്യത്തെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുന്റെ ജന്മശതാബ്ദിയുമായി ബന്ധപ്പെട്ടായിരുന്നു പുതിയ ട്രെയിൻ സർവീസ് ആരംഭിച്ചത്. 1989ലായിരുന്നു നെഹ്‌റുവിന്റെ നൂറാം ജന്മവാർഷികം. ഇതിന്റെ ഭാഗമായി അതിവേഗ അന്തർനഗര യാത്രയും മെച്ചപ്പെട്ട യാത്രാസൗകര്യങ്ങളും ലക്ഷ്യമിട്ട് ശതാബ്ദി എക്‌സ്‌പ്രസ് അവതരിപ്പിക്കുകയായിരുന്നു. 1988 ജൂലായ് 10-ന് ഡൽഹിയിൽ നിന്ന് ഝാൻസിയിലേക്കായിരുന്നു ആദ്യ ശതാബ്ദി എക്‌സ്‌പ്രസിന്റെ സർവീസ്. പിന്നീട് ഭോപ്പാലിലേക്കും നീട്ടി.

-shatabdi

പ്രധാന നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പകൽ സമയത്തെ ട്രെയിൻ സർവീസുകളാണ് ശതാബ്ദി എക്‌സ്‌പ്രസുകൾ. സാധാരണ ദീർഘദൂര ട്രെയിനുകളിൽ നിന്ന് വ്യത്യസ്തമായി, യാത്ര പൂർത്തിയാക്കി അതേ ദിവസം തന്നെ ട്രെയിൻ ആരംഭിച്ച സ്റ്റേഷനിലേക്ക് മടങ്ങുന്ന രീതിയിലാണ് പല സർവീസുകളുടെയും സമയക്രമം. ശതാബ്ദിയുടെ മറ്റൊരു പ്രത്യേകത സ്ലീപ്പർ കോച്ചുകളില്ലെന്നതാണ്. പകരം ഇരുന്നുള്ള ചെയർ കാർ, എക്സിക്യൂട്ടീവ് കോച്ചുകളാണ് സർവീസുകളിൽ പ്രധാനമായും ഉപയോഗിക്കുന്നത്. പ്രീമിയം ട്രെയിൻ എന്ന നിലയിൽ സാധാരണ ട്രെയിനുകളെ അപേക്ഷിച്ച് ശതാബ്ദിയുടെ ടിക്കറ്റ് നിരക്ക് കൂടുതലായിരിക്കും. ട്രെയിനിനും ടിക്കറ്റ് വിഭാഗത്തിനും അനുസരിച്ച് ഭക്ഷണസൗകര്യങ്ങളിലും മാറ്റമുണ്ടാകും.

ശതാബ്ദി എക്‌സ്‌പ്രസിന് സമാനമായ വേഗത്തിലുള്ള പകൽ യാത്ര സാധാരണക്കാർക്കും കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജനശതാബ്ദി എക്‌സ്‌പ്രസ് അവതരിപ്പിച്ചത്. 2002ലാണ് ജനശതാബ്ദിയുടെ സർവീസുകൾ ആരംഭിച്ചത്. പേരിൽ സാമ്യമുണ്ടെങ്കിലും ശതാബ്ദിയും ജനശതാബ്ദിയും ഒരേ തരത്തിലുള്ള ട്രെയിനുകളല്ല. കൂടുതൽ യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ വേഗത്തിലുള്ള അന്തർനഗര യാത്ര സാധ്യമാക്കുക എന്നതായിരുന്നു ജനശതാബ്ദിയുടെ ലക്ഷ്യം.എ.സി, നോൺ എ.സി സീറ്റിംഗ് സൗകര്യങ്ങളിലൂടെ കൂടുതൽ യാത്രക്കാരിലേക്ക് സേവനം എത്തിക്കുകയായിരുന്നു ഉദ്ദേശ്യം.

janashatabdi

ശതാബ്ദിയെ അപേക്ഷിച്ച് ടിക്കറ്റ് നിരക്കും പൊതുവെ കുറവാണ്. ഭക്ഷണത്തിന്റെ കാര്യത്തിലും വ്യത്യാസമുണ്ട്. ജനശതാബ്ദി ടിക്കറ്റിന്റെ കൂടെ ഭക്ഷണം ഉൾപ്പെടില്ല. യാത്രക്കാർക്ക് ആവശ്യാനുസരണം ട്രെയിനിൽ നിന്ന് ഭക്ഷണം പ്രത്യേകം വാങ്ങാം. എന്നാൽ ഭക്ഷണസൗകര്യങ്ങൾ ഓരോ സർവീസിനും അനുസരിച്ച് മാറാം.

ശതാബ്ദി എക്‌സ്‌പ്രസിന്റെ നിരക്ക് കൂടുതലായതിനാൽ കുറഞ്ഞ ബഡ്‌ജറ്റിൽ യാത്ര ചെയ്യുന്നവർക്ക് ഈ സർവീസ് എല്ലായ്‌പ്പോഴും സൗകര്യപ്രദമായിരുന്നില്ല. വേഗത്തിലുള്ള യാത്ര കുറഞ്ഞ ചെലവിൽ ലഭ്യമാക്കണമെന്ന ആവശ്യം പരിഗണിച്ചാണ് 2002ൽ ജനശതാബ്ദി സർവീസുകൾക്ക് തുടക്കമിട്ടത്. അതായത്, രണ്ട് ട്രെയിനുകളും വേഗത്തിലുള്ള പകൽ യാത്രയാണ് നൽകുന്നതെങ്കിലും അവയുടെ ലക്ഷ്യവും യാത്രക്കാരുടെ വിഭാഗവും വ്യത്യസ്തമാണ്. ശതാബ്ദി പ്രീമിയം യാത്രയ്ക്ക് പ്രാധാന്യം നൽകുമ്പോൾ, ജനശതാബ്ദി സാധാരണക്കാരായ യാത്രക്കാർക്ക് താങ്ങാവുന്ന നിരക്കിൽ വേഗത്തിലുള്ള യാത്ര ഒരുക്കുകയാണ് ലക്ഷ്യമിടുന്നത്.

English Summary

The Shatabdi Express, meaning "centenary," was launched in 1988 to commemorate Jawaharlal Nehru's birth centenary. These premium trains offer high-speed intercity day travel with chair car coaches and higher fares. The Jan Shatabdi, introduced in 2002, provides similar fast day services at more affordable rates, targeting the general public with optional food purchases.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHATABDI EXPRESS, JANSTABDI EXPRESS, INDIAN RAILWAY, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360