വാഷിംഗ്‌ടൺ: ഓപ്പറേഷൻ സിന്ദൂറിനെ തുടർന്നുണ്ടായ ഇന്ത്യ - പാകിസ്ഥാൻ സൈനിക സംഘർഷത്തിനിടയിൽ സമയബന്ധിതമായി ഇടപെട്ടതിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നന്ദി അറിയിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. സിന്ധു നദീജല കരാർ പ്രകാരം പാകിസ്ഥാന് ലഭിക്കേണ്ട ജലം തടയാനോ വഴിതിരിച്ചുവിടാനോ ഉള്ള ഇന്ത്യയുടെ ഏത് ശ്രമവും യുദ്ധപ്രഖ്യാപനമായി കണക്കാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കാശ്മീർ തർക്കത്തിന് നീതിയുക്തവും നിഷ്‌പക്ഷവുമായ പരിഹാരം ആവശ്യമാണെന്നും ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.
'ആണവായുധ ശേഷിയുള്ള രണ്ട് അയൽരാജ്യങ്ങൾ സമ്പൂർണ യുദ്ധത്തിന്റെ വക്കിൽ നിൽക്കുമ്പോഴായിരുന്നു ട്രംപിന്റെ സമയബന്ധിതമായ ഇടപെടൽ. ചിന്തയിലും പ്രവൃത്തിയിലും വ്യക്തതയോടെ ട്രംപ് ആ നിർണായക നിമിഷത്തിൽ ഇടപെട്ടില്ലായിരുന്നെങ്കിൽ എത്രത്തോളം വലിയ നാശനഷ്ടങ്ങൾ ഉണ്ടാകുമായിരുന്നുവെന്ന് ആർക്കറിയാം? അതിനാൽ ദക്ഷിണേഷ്യ ഇനി ഒരിക്കലും അത്തരമൊരു അപകടകരമായ സാഹചര്യത്തിലേക്ക് എത്തുന്നില്ലെന്ന് നമ്മൾ ഉറപ്പാക്കണം.
ഒരു വർഷം മുൻപ് വ്യാജമായ കാരണങ്ങൾ ഉന്നയിച്ച് ഇന്ത്യയിൽ നിന്ന് പാകിസ്ഥാന് നേരെ ആക്രമണമുണ്ടായി. ഫീൽഡ് മാർഷൽ അസിം മുനീറിന്റെ ധീരമായ നേതൃത്വത്തിൽ നമ്മുടെ സായുധസേന കൃത്യതയോടും പ്രഫഷണലിസത്തോടും കൂടിയാണ് ഇതിന് മറുപടി നൽകിയത്.
സിന്ധുനദീതടത്തിലെ ജലം പാകിസ്ഥാൻ ജനതയുടെ മാത്രമല്ല, മുഴുവൻ പ്രദേശത്തിന്റെയും ജീവരക്തമാണ്. ഇന്ത്യയുടെ ഏകപക്ഷീയമായ തീരുമാനത്തിന് നിയമപരമായ യാതൊരു അടിസ്ഥാനവുമില്ല. ജലം ഒരിക്കലും ആയുധമാക്കി ഉപയോഗിക്കരുത്. പാകിസ്ഥാന്റെ ജലവിഹിതം തടയാനോ വഴിതിരിച്ചുവിടാനോ ഉള്ള ഏത് ശ്രമവും യുദ്ധപ്രഖ്യാപനമായി കണക്കാക്കും. ഇന്ത്യയ്ക്ക് ഇതിൽ യാതൊരു തെറ്റിദ്ധാരണയും വേണ്ട. കരാർ ഇപ്പോഴും സാധുതയുള്ളതും പൂർണമായി നിലനിൽക്കുന്നതുമാണെന്ന് പാകിസ്ഥാൻ നിലപാട് ഐക്യരാഷ്ട്ര സംഘടനയിലെ വിദഗ്ധരും ആർബിട്രേഷൻ കോടതിയും ശരിവച്ചിട്ടുണ്ട്'- ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.
Pakistan Prime Minister Shehbaz Sharif thanked US President Donald Trump for his timely intervention during the India-Pakistan military conflict following Operation Sindoor. Addressing the UN General Assembly, Sharif warned that any attempt by India to stop or divert Pakistan’s water share under the Indus Waters Treaty would be considered an act of war.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |