ന്യൂഡൽഹി: വാട്സ്ആപ് ഉൾപ്പെടെയുള്ള മെസേജിംഗ് ആപ്പുകൾക്ക് സിം-ബൈൻഡിംഗ് നിർബന്ധമാക്കാനുള്ള കേന്ദ്രസർക്കാർ നീക്കം വിദേശയാത്രക്കാർക്കും ബിസിനസ് സ്ഥാപനങ്ങൾക്കും തിരിച്ചടിയാകുമെന്ന് റിപ്പോർട്ട്. 2027 ജനുവരി ഒന്നുമുതലാണ് പുതിയ നിയമം നിലവിൽ വരുന്നത്.
പുതിയ നിയമപ്രകാരം, മെസേജിംഗ് ആപ്പുകളുമായി ബന്ധിപ്പിച്ചിട്ടുള്ള സിം കാർഡ് അതത് ഉപകരണങ്ങളിൽ സജീവമായി ഉണ്ടായിരിക്കുമ്പോൾ മാത്രമേ ആപ്പുകൾ പ്രവർത്തിക്കുകയുള്ളൂ. സൈബർ തട്ടിപ്പുകൾ തടയുന്നതിനും ഇന്ത്യൻ മൊബൈൽ നമ്പറുകളുടെ ദുരുപയോഗം നിയന്ത്രിക്കുന്നതിനുമാണ് നടപടിയെന്ന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് വ്യക്തമാക്കുന്നു.
എന്നാൽ, പുതിയ നിയമം വിദേശയാത്രക്കാർക്കും സ്ഥാപനങ്ങൾക്കും നിരവധി പ്രായോഗിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണ് എസ്യ സെന്റർ എന്ന ഗവേഷണ സ്ഥാപനം നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നത്. 'റീത്തിങ്കിംഗ് ഇന്ത്യാസ് സിം ബൈൻഡിംഗ് മാൻഡേറ്റ്: ആൻ എംപിരിക്കൽ അസസ്മെന്റ് എന്ന പേരിലുള്ള പഠനം രാജ്യത്തെ 18 നഗരങ്ങളിൽനിന്നുള്ള 2,033 ഉപഭോക്താക്കളുടെയും 17 നഗരങ്ങളിലെ 353 സ്ഥാപനങ്ങളുടെയും പ്രതികരണങ്ങൾ അടിസ്ഥാനമാക്കിയാണ് തയ്യാറാക്കിയത്.
പഠനത്തിൽ പങ്കെടുത്ത വിദേശയാത്രക്കാരിൽ വെറും 33 ശതമാനം പേർ മാത്രമാണ് സജീവ റോമിംഗ് പ്ലാനോടുകൂടിയ ഇന്ത്യൻ സിം കാർഡ് ഉപയോഗിക്കുന്നത്. ബാക്കിയുള്ള 67.1 ശതമാനം പേർ വിദേശരാജ്യങ്ങളിലെ പ്രാദേശിക സിം കാർഡുകൾ, വൈഫൈ മുഖേനയുള്ള ഇന്റർനെറ്റ് സേവനങ്ങൾ, രണ്ടാമതൊരു സിം കാർഡ് തുടങ്ങിയ ബദൽ സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്.
പ്രാഥമിക സിം കാർഡ് പ്രവർത്തനരഹിതമാകുമ്പോൾ മെസേജിംഗ് ആപ്പുകളുടെ സേവനം നഷ്ടമാകുന്നത് വലിയ അസൗകര്യത്തിന് കാരണമാകുമെന്ന് 98.88 ശതമാനം ഉപഭോക്താക്കളും അഭിപ്രായപ്പെട്ടു. അക്കൗണ്ട് ഉപയോഗിക്കുന്നത് യഥാർത്ഥ ഉടമ തന്നെയാണെന്ന് വിദേശയാത്രയ്ക്കിടെ നിശ്ചിത ഇടവേളകളിൽ സ്ഥിരീകരിക്കേണ്ടിവരുന്നത് ആശയവിനിമയത്തെ തടസപ്പെടുത്തുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
ആറ് മണിക്കൂർ കൂടുമ്പോൾ നിർബന്ധമായും ലോഗ് ഔട്ട് ചെയ്യണമെന്ന വ്യവസ്ഥ ടെലികോം വകുപ്പ് ഒഴിവാക്കി പകരം സാഹചര്യങ്ങൾ അടിസ്ഥാനമാക്കിയുള്ള ലോഗ് ഔട്ട് സംവിധാനം കൊണ്ടുവന്നിട്ടുണ്ടെങ്കിലും വിദേശയാത്രയ്ക്കിടെ ഇത് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ഇന്റർനെറ്റ് അധിഷ്ഠിത മെസേജിംഗ് സേവനങ്ങളെ ഇന്ത്യൻ ബിസിനസ് സ്ഥാപനങ്ങൾ വലിയ തോതിൽ ആശ്രയിക്കുന്നുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.
സിം- ബൈൻഡിംഗ് വ്യവസ്ഥകൾ പാലിക്കുന്നതിനായി ടെലികോം സേവനദാതാക്കൾക്ക് 2025 നവംബർ 28നാണ് ടെലികോം വകുപ്പ് ആദ്യമായി നിർദേശം നൽകിയത്. 2026 മാർച്ച് 28നകം വ്യവസ്ഥകൾ നടപ്പാക്കണമെന്നായിരുന്നു നിർദേശം. എന്നാൽ, വ്യവസായ മേഖലയിലെ വിവിധ ആവശ്യങ്ങൾ പരിഗണിച്ച് ഏപ്രിലിൽ സമയപരിധി 2026 ഡിസംബർ 31വരെ നീട്ടുകയായിരുന്നു.
India's SIM-binding rule, effective January 1, 2027, may disrupt WhatsApp access for international travellers and business operations. An Esya Centre study highlights concerns over additional costs, repeated verification and restrictions on using multiple devices.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |