SignIn
Kerala Kaumudi Online
Wednesday, 04 November 2026 3.21 AM IST

'ഇന്ത്യ' സഖ്യത്തിന് തിരിച്ചടി നൽകാൻ ബി.ജെ.പി,​ ശരദ് വിഭാഗത്തെ ഒപ്പം കൂട്ടാൻ നീക്കം

d

ന്യൂ‌ഡൽഹി: 'ഇന്ത്യ' സഖ്യം പോരാട്ടം ശക്തമാക്കിയിരിക്കെ, അവരുടെ പ്രധാന കൂട്ടാളിയായ എൻ.സി.പി ശരദ് പവാർ വിഭാഗത്തെ അടർത്തിയെടുക്കാൻ നീക്കം ശക്തമാക്കി ബി.ജെ.പി. വിഭജിച്ചുനിൽക്കുന്ന ശരദ് പവാർ,അജിത് പവാർ വിഭാഗങ്ങളെ ലയിപ്പിച്ച് ഐക്യ എൻ.സി.പി കെട്ടിപടുക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ട് കരുക്കൾ നീക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. അദ്ധ്യക്ഷനായി ശരദ് പവാറിനെ കൊണ്ടുവരാനാണ് ശ്രമം. രണ്ട് കേന്ദ്രമന്ത്രി പദവികളും ഐക്യ എൻ.സി.പിക്ക് നൽകിയേക്കും. ശരദിന്റെ മകളും ലോക്‌സഭാ എം.പിയുമായ സുപ്രിയ സുലെ,അജിത് വിഭാഗത്തിലെ പ്രഫുൽ പട്ടേൽ എന്നിവരെ പരിഗണിക്കുന്നുവെന്നാണ് സൂചനകൾ. മഹാരാഷ്ട്രയിലെ മഹായുതി സർക്കാരും പുനഃസംഘടിപ്പിച്ചേക്കും. ഉപമുഖ്യമന്ത്രിയായി അജിത് വിഭാഗത്തിലെ ഛഗൻ ഭുജ്ബലിനെയും മന്ത്രിമാരായി ജയന്ത് പാട്ടീൽ,രോഹിത് പവാർ,ജിതേന്ദ്ര അവ്ഹാഡ്സ് എന്നിവരെയും നിയമിക്കാനാണ് നീക്കം. എൻ.സി.പി അജിത് വിഭാഗം നേതാക്കളായ പ്രഫുൽ പട്ടേൽ,ഛഗൻ ഭുജ്ബൽ,സുനിൽ തത്കരെ,ദിലീപ് വൽസെ പാട്ടീൽ,ധനഞ്ജയ് മുണ്ടെ,ഹസൻ മുഷ്റിഫ് തുടങ്ങിയവരുമായി അമിത് ഷാ കഴിഞ്ഞദിവസം ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ശരദ് പവാറുമായി അടുത്തിടെ മോദി കൂടിക്കാഴ്ച നടത്തിയപ്പോൾ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ മുന്നണി മാറ്റ വാർത്തകൾ അന്ന് ശരദ് നിഷേധിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സഖ്യം നവംബർ 1ന് നടത്തിയ 'ചലോ ഡൽഹി' റാലിയിൽ സുപ്രിയ പങ്കെടുത്തിരുന്നു. 85കാരനായ ശരദ് പവാർ ആരോഗ്യപ്രശ്‌നങ്ങളെ തുട‌ർന്ന് പൂനെയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

ശൈത്യകാല സമ്മേളനം

നടക്കാനിരിക്കെ

പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ഈമാസം ആരംഭിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് 'ഇന്ത്യ' സഖ്യത്തിന് തിരിച്ചടി നൽകാൻ ബി.ജെ.പി ശ്രമം. വനിതാ സംവരണ ബില്ലും,​മണ്ഡല പുന‌ർനിർണയ ബില്ലും വീണ്ടും പാർലമെന്റിൽ അവതരിപ്പിക്കാൻ മോദി സർക്കാർ ആഗ്രഹിക്കുന്നുണ്ട്. ഇരുസഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കണം. ഏപ്രിൽ 17ന് ലോക്‌സഭയിൽ 'ഇന്ത്യ' മുന്നണി എം.പിമാർ ഒറ്റക്കെട്ടായി അണിനിരന്ന് നീക്കത്തെ പരാജയപ്പെടുത്തിയിരുന്നു. എന്നാൽ,തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിന് ടി.വി.കെയുമായി സഖ്യമുണ്ടാക്കിയ കോൺഗ്രസിനെതിരെ കടുത്ത നിലപാടിലാണിപ്പോൾ ഡി.എം.കെ. നിയമസഭാ തിരഞ്ഞെടുപ്പിലെ വൻവീഴ്ചയ്‌ക്കു പിന്നാലെ തൃണമൂൽ കോൺഗ്രസ് പിളർന്നു. ഈ അനുകൂല ഘടകങ്ങൾ പ്രയോജനപ്പെടുത്തി ഭൂരിപക്ഷം ഉറപ്പാക്കാനാണ് ബി.ജെ.പിയുടെ ശ്രമം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360