
ന്യൂഡൽഹി: നിർണായകവും അപകടകരവുമായ ദൗത്യങ്ങൾ തുടരുന്നതിനിടെ സി.ആർ. പി.എഫിന് അഭിമാനനേട്ടം. കഴിഞ്ഞ ഒരു വർഷത്തിനിടെ സി.ആർ.പി.എഫ് അംഗങ്ങൾക്കാർക്കും ജീവൻ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായില്ല. ജമ്മു കാശ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, മാവോയിസ്റ്റ് ബാധിത മേഖലകൾ തുടങ്ങി സംഘർഷസാദ്ധ്യതയുള്ളയിടങ്ങളിൽ ദൗത്യങ്ങളിൽ തുടരുന്നതിനിടെയാണിത്. 47 വർഷത്തിനുശേഷമാണ് സേനയ്ക്ക് ഇത്തരമൊരു നേട്ടമുണ്ടാകുന്നത്.
2025 ഒക്ടോബർ 30ന് ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭൂമിലുണ്ടായ സ്‌ഫോടനത്തിൽ രണ്ട് സേനാംഗങ്ങൾ വീരമൃത്യു വരിച്ചതാണ് അവസാനം രാജ്യത്തിനുണ്ടായ നഷ്ടം.
പുതുതന്ത്രം
ആധുനിക ആയുധങ്ങളും ഉപകരണങ്ങളും പരിശീലനവും നേട്ടത്തിനുപിന്നിലുണ്ടെന്ന് സി.ആർ.പി.എഫ് ഡയറക്ടർ ജനറൽ ജി.പി. സിംഗ് വ്യക്തമാക്കി.
കൃത്യമായ ആസൂത്രണം, അടിയന്തര മെഡിക്കൽ സംവിധാനങ്ങളുടെ ശക്തിപ്പെടുത്തൽ, പരിക്കേറ്റവരെ വേഗം ചികിത്സാ കേന്ദ്രങ്ങളിലെത്തിക്കാനാവുന്ന സംവിധാനം എന്നിവയും ഇതിനുകാരണമാണെന്ന് എക്സിൽ കുറിച്ചു.
മാവോയിസ്റ്റ് ഭീഷണി
കുറഞ്ഞു
നിലവിൽ രാജ്യത്ത് മാവോയിസ്റ്റ് ബാധിത ജില്ലകളില്ലെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങളിൽ സി.ആർ.പി.എഫ് നിർണായക പങ്കാണ് വഹിച്ചത്. മൂന്ന് ലക്ഷത്തിലധികം അംഗങ്ങളുള്ള സേനയിലെ അരലക്ഷത്തോളം പേരെ ഒരു ഘട്ടത്തിൽ മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങൾക്കുവേണ്ടി മാത്രം നിയോഗിച്ചിരുന്നു. 2024ൽ 12 ഉം 2025ൽ എട്ടും സേനാംഗങ്ങളാണ് മാവോയിസ്റ്റ് ദൗത്യങ്ങൾക്കിടെ വീരമൃത്യു വരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |