SignIn
Kerala Kaumudi Online
Tuesday, 11 August 2026 2.16 PM IST

ദുരാത്മാക്കളുടെ വിളിയെന്ന് കരുതി, രക്ഷാപ്രവർത്തകരിൽനിന്ന് അകലാൻ ശ്രമിച്ചു; അന്ധവിശ്വാസത്താൽ മലയിൽ കുടുങ്ങിയത് 30 മണിക്കൂർ

beijing-hills
പ്രതീകാത്മക ചിത്രം

ബീജിംഗ്: വനയാത്രയ്‌ക്കിടെ വഴിതെറ്റിയവർ രക്ഷാപ്രവർത്തകരുടെ ഇടപെടലിനെ അവഗണിച്ചതിനെ തുടർന്ന് 30 മണിക്കൂറുകളോളം മലയിൽ കുടുങ്ങി. ബീജിംഗിലെ ഹുവൈറോ ജില്ലയിൽ ഔഷധസസ്യങ്ങൾ ശേഖരിക്കാൻ പോയ 73കാരനും 58കാരിയുമാണ് മലയിൽ കുടുങ്ങിയത്. രക്ഷാപ്രവർത്തകർ ഇവരുടെ പേരുകൾ വിളിക്കുന്നത് കേട്ടിട്ടും പ്രതികരിക്കാൻ ഇരുവരും തയ്യാറായില്ല. മലയിൽനിന്ന് ആരെങ്കിലും പേര് വിളിച്ചാൽ തിരിച്ചുവിളിക്കരുതെന്ന അന്ധവിശ്വാസമാണ് ഇരുവരെയും വിളി കേൾക്കുന്നതിൽനിന്ന് തടഞ്ഞത്.

കേൾവി പരിമിധിയുള്ള ഇരുവരും ഔഷധസസ്യങ്ങൾ ശേഖരിക്കുന്നതിനായി പതിവായി മലകയറാറുണ്ട്. മലയോര മേഖലയിൽ സിഗ്നൽ ലഭിക്കാത്തതിനാൽ ഇരുവരും ഫോണുകളും കൈവശം കരുതിയിരുന്നില്ല. ഭക്ഷണവും വെള്ളവുംപോലും ഇരുവരും കരുതിയിരുന്നില്ല.

ഇരുവരെയും കാണാതായെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് രക്ഷാപ്രവ‌ർത്തകർ ഉടൻ സ്ഥലത്തെത്തി. 17 മണിക്കൂർനീണ്ട തെരച്ചിലിനൊടുവിലാണ് ഇരുവരെയും കണ്ടെത്തിയത്. 30 മണിക്കൂറിലധികം വനത്തിൽ കുടുങ്ങിയതിനാൽതന്നെ ഇരുവരും ഏറെ ക്ഷീണിതരായിരുന്നു. രക്ഷാപ്രവർത്തകരുടെ വിളി കേട്ടിരുന്നതായി ഇരുവരും പിന്നീട് വ്യക്തമാക്കി.

മലയിൽനിന്ന് ഒരാളുടെ പേര്‌ വിളിക്കുന്നത്‌ കേട്ടാൽ പ്രതികരിക്കരുതെന്നാണ് ചൈനയിലെ പഴയ വിശ്വാസം. അങ്ങനെ പ്രതികരിച്ചാൽ അപകടം സംഭവിക്കുമെന്നും വിശ്വാസമുണ്ട്. ചൈനീസ് നാടോടിക്കഥകൾ പ്രകാരം മലകളിലെ ദുരാത്മാക്കൾ പരിചയമുള്ളവരുടെ ശബ്‌ദം അനുകരിക്കുമെന്നാണ് വിശ്വാസം, വഴിതെറ്റിയവരെ ഇത്തരത്തിൽ പേരെടുത്ത് വിളിച്ച് ദുരാത്മാക്കൾ അപകടത്തിലേക്ക് നയിക്കുമെന്നും ഇവിടത്തുകാർ വിശ്വസിക്കുന്നു. ഇതേതുടർന്നാണ് ഇരുവരും രക്ഷാപ്രവർത്തകരുടെ വിളിക്ക് മറുപടി നൽകാതിരുന്നത്. മാത്രമല്ല, ശബ്‌ദം കേട്ട ദിശയിൽനിന്നകന്ന് ഇരുവരും മറ്റൊരു ദിശയിലേക്ക് നടക്കുകയും ചെയ്‌തു. ഇതോടെ ഇരുവരെയും കണ്ടെത്താനുള്ള പല അവസരങ്ങളും രക്ഷാപ്രവർത്തകർക്ക് നഷ്‌ടമാവുകയും ചെയ്‌തു.

English Summary

Two people in Beijing were trapped in a mountain for nearly 30 hours after ignoring rescuers’ calls due to superstition. They feared the voices were spirits and walked away from the rescue teams. They were finally found after a 17-hour search.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BEIJING MOUNTAIN RESCUE, CHINESE SUPERSTITION, CHINESE FOLKLORE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360