SignIn
Kerala Kaumudi Online
Monday, 03 August 2026 10.20 PM IST

ശരീരമാകെ റബ്ബർ ബുള്ളറ്റേറ്റു, വേദനയിൽ പുളഞ്ഞ് മത്സരാർത്ഥികൾ; റിയാലിറ്റി ഷോയ്‌ക്കെതിരെ വ്യാപക വിമർശനം

contestants-injured
റിയാലിറ്റി ഷോയിൽനിന്നുള്ള ദൃശ്യങ്ങൾ

ഹൈദരാബാ‌ദ്: ടെലിവിഷൻ റിയാലിറ്റി ഷോയായ 'ഖത്രോൻ കെ ഖിലാഡി 15' ന്റെ പുതിയ എപ്പിസോഡിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം. റബർ ബുള്ളറ്റുകൾ ഉപയോഗിച്ചുള്ള സ്റ്റണ്ടിൽ മത്സരാർത്ഥികളെ പങ്കെടുപ്പിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്. മത്സരാർത്ഥികളുടെ ദേഹത്ത്‌ റബ്ബർ ബുള്ളറ്റുകളേറ്റ് പരിക്കേറ്റിട്ടുണ്ട്.

ഷഗുൻ ശർമ്മ, ഗൗരവ് ഖന്ന, വിശാൽ ആദിത്യ സിംഗ്, കരൺ വഹി എന്നിവരാണ് 'പെയിൻ ഓക്ഷൻ' എന്ന പേരിലുള്ള സ്റ്റണ്ടിൽ പങ്കെടുത്തത്. എപ്പിസോഡ് സംപ്രേഷണം ചെയ്‌തതിന് പിന്നാലെ സ്റ്റണ്ടിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കാൻ തുടങ്ങി. ഇതിനുപിന്നാലെ റിയാലിറ്റി ഷോയിൽ നടക്കുന്നത് പീഡനമാണെന്ന് ആരോപിച്ച് നിരവധിപേരാണ് രംഗത്തെത്തുന്നത്.

സ്റ്റണ്ടിൽ വെടിയുതിർക്കുന്നയാൾക്ക് പുറംതിരിഞ്ഞാണ് മത്സരാർത്ഥികൾ നിൽക്കേണ്ടിയിരുന്നത്. കൈയില്ലാത്ത ജാക്കറ്റും നട്ടെല്ലിന് പരിക്കേൽക്കാതിരിക്കാനുള്ള ഗാർഡും മാത്രമാണ് ഇവർ ധരിച്ചിരുന്നത്. ആരെങ്കിലും രണ്ടുപേർ മത്സരത്തിൽനിന്ന് പിന്മാറുന്നതുവരെ റബർ ബുള്ളറ്റുകൾ നിറച്ച തോക്കിൽനിന്ന് വെടിയുതിർക്കുന്നത് തുടരുമെന്ന് അവതാരകൻ രോഹിത് ഷെട്ടി അറിയിച്ചു. പിന്മാറുന്ന രണ്ടുപേരാകും എലിമിനേഷനിലേക്ക് പോകുന്നതെന്നും അദ്ദേഹം അറിയിച്ചു.

സ്റ്റണ്ട് പുരോഗമിക്കുന്നതിനിടെ വെടിയുതിർക്കുന്നയാൾ മത്സരാർത്ഥികൾക്ക് കൂടുതൽ അടുത്തെത്തി ഒരേസമയം നിരവധി ബുള്ളറ്റുകൾ പ്രയോഗിച്ചു. കടുത്ത വേദനയിൽ മത്സരാർത്ഥികൾ നിലവിളിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ഓരോ മത്സരാർത്ഥിയുടെയും ദേഹത്ത് ഏകദേശം 40 ബുള്ളറ്റുകൾവരെ പതിച്ചതായി മത്സരത്തിന് പിന്നാലെ രോഹിത് ഷെട്ടി വെളിപ്പെടുത്തി.

ആദ്യം സ്റ്റണ്ടിൽനിന്ന് പിന്മാറിയത് ഷഗുൻ ശർമ്മയാണ്. പിന്നാലെ ഗൗരവ് ഖന്നയും പിന്മാറി. വിശാൽ ആദിത്യ സിംഗും കരൺ വഹിയും സ്റ്റണ്ട് പൂർത്തിയാക്കി. വരും ആഴ്‌ചകളിൽ ഇതിലും കഠിനമായ പരീക്ഷണങ്ങൾ കാത്തിരിക്കുന്നുണ്ടെന്നാണ് രോഹിത് ഷെട്ടി മുന്നറിയിപ്പ് നൽകിയത്.

സ്റ്റണ്ട് അവസാനിച്ചശേഷം പരസ്‌പരം ശരീരത്തിലെ പരിക്കുകൾ കണ്ട മത്സരാർത്ഥികൾ ഞെട്ടി. ചിലർ കരയുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. അതിന്റെ വേദനയിൽനിന്ന് ഇപ്പോഴും മുക്തനായിട്ടില്ലെന്നാണ് തന്റെ ശരീരത്തിലെ പരിക്കുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചുകൊണ്ട് ഷഗുൻ ശർമ്മ കുറിച്ചത്. ഷോയ്‌ക്കിടെയിലും ഈ സ്റ്റണ്ട് തങ്ങൾക്ക് അംഗീകരിക്കാനാകുന്നതല്ലെന്ന് മത്സരാർത്ഥികൾ തുറന്നുപറയുന്നുണ്ടായിരുന്നു.

ജീവിതത്തിലെ ഏറ്റവും വേദനാജനകമായ അനുഭവമാണതെന്നും ശരീരത്തിൽ ഇപ്പോഴും അതിന്റെ പാടുകൾ അവശേഷിക്കുന്നുണ്ടെന്നുമാണ് ഗൗരവ് ഖന്ന കുറിച്ചത്.

English Summary

Khatron Ke Khiladi 15 has sparked online backlash after contestants were subjected to a painful rubber bullet stunt that left them with visible injuries. Many viewers called the challenge inhumane, while contestants Shagun Sharma and Gaurav Khanna later shared images of their injuries and described it as one of the most painful experiences of their lives.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INJURY, REALITY SHOW, CONTROVERSY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360