ഓസ്‌ലോ: ഉറങ്ങിക്കിടന്ന ധ്രുവക്കരടിയെ ഹോൺ മുഴക്കി ഉണർത്തിയ സംഭവത്തിൽ പൈലറ്റിന് അഞ്ച് ലക്ഷം രൂപ (50000 നോർവീജിയൻ ക്രോൺ) പിഴ. നോർവേയുടെ വടക്കൻ മേഖലയിലെ വിദൂര ദ്വീപസമൂഹമായ സ്റ്റാൻഡ്‌ബാർഡിലാണ് സംഭവം.
തീരത്തിന് സമീപം ഉറങ്ങിക്കിടക്കുന്ന ധ്രുവക്കരടി എഴുന്നേറ്റ് നടക്കുന്നത് ടൂറിസ്റ്റുകളെ കാണിക്കാനായാണ് ബോട്ട് ഓപ്പറേറ്റർ ഹോൺ മുഴക്കിയത്. ശബ്‌ദം കേട്ട് ഞെട്ടിയുണർന്ന കരടി ഉടൻതന്നെ ഓടിപ്പോകുകയായിരുന്നു. സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതിനുപിന്നാലെ സ്വാൽബാർഡ് ഗവർണർ ലാർസ് ഫൗസെയാണ് സംഭവത്തിൽ നടപടി സ്വീകരിച്ചത്. ധ്രുവക്കരടി ഉറങ്ങിക്കിടന്ന സ്ഥലത്തുകൂടി കപ്പൽ കടന്നുപോകുന്നതിനിടെയാണ് ശക്തമായ ഹോൺ മുഴക്കിയതെന്ന് ഗവർണർ വ്യക്തമാക്കി.
സ്വാൽബാർഡ് പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം ധ്രുവക്കരടികളെ അനാവശ്യമായി ശല്യപ്പെടുത്തുന്നതും പിന്തുടരുന്നതും ആകർഷിക്കുന്നതും നിയമവിരുദ്ധമാണ്. വന്യജീവികൾക്ക് സമ്മർദമുണ്ടാകാതെയും അവയുടെ സ്വാഭാവിക പെരുമാറ്റത്തിൽ മാറ്റം വരുത്താതെയും സന്ദർശകർ സുരക്ഷിതമായ അകലം പാലിക്കണമെന്നാണ് ചട്ടം.
നിയമലംഘനം നടത്തിയ വ്യക്തി കുറ്റം അംഗീകരിക്കുകയും പിഴ അടയ്‌ക്കാൻ സമ്മതിക്കുകയും ചെയ്‌തു. എന്നാൽ, ഇയാളുടെ പേരും പൗരത്വവും അധികൃതർ പുറത്തുവിട്ടിട്ടില്ല. സ്വാൽബാർഡിൽ 1972 മുതൽ ധ്രുവക്കരടികളെ സംരക്ഷിത ജീവികളുടെ കൂട്ടത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയെ ശല്യപ്പെടുത്തുന്നത് വലിയ പിഴയ്‌ക്ക് കാരണമാകുമെന്ന് വിനോദ സഞ്ചാരികൾക്കും പര്യവേക്ഷണ സംഘങ്ങൾക്കും അധികൃതർ മുന്നറിയിപ്പ് നൽകി.
A boat operator in Norway’s Svalbard has been fined 50,000 kroner (around Rs 5 lakh) for using a foghorn to wake a sleeping polar bear. Authorities said disturbing or attracting protected polar bears is illegal under Svalbard’s environmental protection laws.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |