SignIn
Kerala Kaumudi Online
Tuesday, 19 May 2026 5.19 AM IST

ഇറ്റലിയിൽ വീണ്ടും 'ഇന്റർ വെൽ'

v

ഇറ്റാലിയൻ സെരി എ ഫുട്ബാൾ കിരീടം ഇന്റർ മിലാന്

കിരീടമുറപ്പിച്ചത് മൂന്ന് മത്സരങ്ങൾ അവശേഷിക്കവേ

റോം : ഇറ്റാലിയൻ ഫസ്റ്റ് ഡിവിഷൻ ഫുട്ബാൾ ലീഗായ സെരി എയിൽ വീണ്ടും ഇന്റർ മിലാൻ ക്ളബിന്റെ കിരീടചുംബനം. കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് പാർമയെ തോൽപ്പിച്ചതോടെയാണ് ഇന്റർ കിരീടമുറപ്പിച്ചത്. സീസൺ അവസാനിക്കാൻ മൂന്ന് മത്സരങ്ങൾകൂടി ശേഷിക്കവേയാണ് ഇന്റർ ചാമ്പ്യൻപട്ടം ഉറപ്പിച്ചത്. 2024ന് ശേഷമുള്ള ഇന്ററിന്റെ ആദ്യ സെരി എ കിരീ‌ടമാണിത്.

മാർക്കസ് തുറാമും ഹെൻറിക് മിഖിത്‌രായനും നേടിയ ഗോളുകൾക്കായിരുന്നു പാർമയ്ക്ക് എതിരെ ഇന്ററിന്റെ വിജയം. ഈ വിജയത്തോടെ ഇന്ററിന് 35 മത്സരങ്ങളിൽ നിന്ന് 82 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള കഴിഞ്ഞ സീസൺ ചാമ്പ്യന്മാരായ നാപ്പോളിക്ക് ഇത്രയും മത്സരങ്ങളിൽ നിന്ന് 70 പോയിന്റേയുള്ളൂ. ശേഷിക്കുന്ന മത്സരങ്ങളിലെല്ലാം ഇന്റർ തോറ്റാൽപോലും നാപ്പോളിക്ക് അവരെ മറികടക്കാൻ കഴിയില്ല.

ഇതുവരെ നടന്ന 35 മത്സരങ്ങളിൽ 26 വിജയങ്ങൾ നേടിയാണ് ഇന്ററിന്റെ തേരോട്ടം. നാലുമത്സരങ്ങളിൽ സമനില വഴങ്ങിയപ്പോൾ അഞ്ചെണ്ണത്തിൽ മാത്രമാണ് തോറ്റത്.82 ഗോളുകളാണ് അടിച്ചുകൂട്ടിയത്. വഴങ്ങിയത് 31 എണ്ണം മാത്രവും. 16 ഗോളുകൾ നേടിയ ലൗതാരോ മാർട്ടിനെസും 13 ഗോളുകൾ നേടിയ മാർക്കസ് തുറാമുമാണ് ഇന്ററിന്റെ സ്കോറിംഗ് മെഷീനുകൾ. സെരി എയിലെ സീസൺ ടോപ്സ്കോററാണ് ഇന്ററിന്റെ നായകൻ കൂടിയായ ലൗതാരോ. സ്വിസ് ഗോളി യാൻ സിന്നർ, ഫ്രാൻസെസ്കോ അചെർബി,സ്റ്റെഫാൻ ഡി വ്രിയ്,ഡെൻസൽ ഡംഫ്രീസ്, ഹകാൻ കലാനോഗ്ളു,നിക്കോളോ ബറേല തുടങ്ങിയവരാണ് ക്ളബിന്റെ മുൻനിര താരങ്ങൾ.

21

ഇന്റർമിലാന്റെ ഇരുപത്തി ഒന്നാമത് സെരി എ കിരീടമാണിത്. 1909-10,1919-20,1929-30,1937-38,1939-40,1952-53,1953-54,1962-63,1964-65,1965-66,1970-71,1979-80,1988-89,2005-06,2006-07,2007-08,2008-09,2009-10,2020-21,2023-24 സീസണുകളിലാണ് ഇതിനുമുമ്പ് കിരീ‌ടം നേടിയിരുന്നത്.

ഏറ്റവും കൂടുതൽ തവണ സെരി എ ചാമ്പ്യൻന്മാരാകുന്ന രണ്ടാമത്തെ ക്ളബാണ് ഇന്റർ മിലാൻ. 36 തവണ ജേതാക്കളായ യുവന്റസാണ് ഒന്നാമത്. എ.സി മിലാൻ 19 തവണ സ്കൂഡെറ്റോ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയിട്ടുണ്ട്.

ചിവുവിന്റെ

കന്നിക്കിരീടം

ഇന്റർ മിലാന്റെ കോച്ചായി സ്ഥാനമേറ്റ് ആദ്യ സീസണിൽ തന്നെ കിരീടം നേടിക്കൊടുത്തിരിക്കുകയാണ് റൊമേനിയൻ കോച്ച് ക്രിസ്റ്റ്യൻ ചിവു. 2010ൽ ഹൊസെ മൗറീന്യോയ്ക്ക് ശേഷം ഇന്ററിനെ സെരി എ ചാമ്പ്യൻസാക്കുന്ന ആദ്യ വിദേശ കോച്ചുകൂടിയാണ് ചീവു. മൗറീന്യോയ്ക്ക് കീഴിൽ 2007 മുതൽ 2010വരെ തുടർച്ചയായി മൂന്നുസീസണുകളിൽ ചാമ്പ്യന്മാരായ ഇന്റർ മിലാൻ ടീമിലെ ഡിഫൻഡറുമായിരുന്നു ചിവു.കളിക്കാരനും കോച്ചുമായി ഇന്ററിനെ സെരി എ

ജേതാക്കളാക്കാനായി എന്ന ഭാഗ്യവും ഇതോടെ ചിവുവിനെത്തേടിയെത്തി.

2014ൽ ഇന്റർ മിലാനായി കളിച്ചുകൊണ്ട് ബൂട്ടഴിച്ച ചിവു 2018ൽ ഇന്റർ മിലാൻ ക്ളബിന്റെ അണ്ടർ 14 കുട്ടികളെ പരിശീലിപ്പിച്ചുകൊണ്ടാണ് കോച്ചിംഗ് പ്രൊഫഷനിലേക്ക് കടക്കുന്നത്. 2024വരെ ക്ളബിന്റെ അണ്ടർ 17,19 ടീമുകൾക്കൊപ്പം നിന്ന ചിവുവിനെ 2025ൽ പാർമ രണ്ടുവർഷത്തെ കരാറിൽ ഹെഡ് കോച്ചായി നിയമിച്ചതാണ്. എന്നാൽ ഇതിന് പിന്നാലെ ഇന്റർ മിലാനിൽ നിന്ന് ഹെഡ് കോച്ചാകാൻ ഓഫർ വന്നതോ‌ടെ പാർമ വിട്ട് ചിവു തന്റെ പഴയ ക്ളബിന്റെ തലപ്പത്തേക്ക് എത്തി. നാലുവർഷം ടീമിനെ പരിശീലിപ്പിച്ച സൈമൺ ഇൻസാഗിക്ക് പകരക്കാരനായാണ് ചിവു കോച്ചിന്റെ കസേരയിലേക്കെത്തിയത്.

റൊമേനിയയ്ക്ക് വേണ്ടി 75 അന്താരാഷ്ട്ര മത്സരങ്ങൾ ചിവു കളിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, SERI A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360