
പരിശോധനാ ഏജൻസിക്ക് വ്യക്തിഗത വിവരങ്ങൾ നൽകാത്തതിനാൽ ഇന്ത്യൻ ജൂഡോ താരം തൂലിക മന്നിന് ഉത്തേജകവിലക്ക്
വിലക്കിലാകുന്ന കോമൺവെൽത്ത് ഗെയിംസിനുള്ള രണ്ടാമത്തെ ഇന്ത്യൻ ജൂഡോ താരം
ന്യൂഡൽഹി : ദേശീയ ഉത്തേജക പരിശോധനാ ഏജൻസിക്ക് തന്റെ വ്യക്തിപരമായ യാത്രാവിവരങ്ങളും മറ്റും നൽകുന്നതിൽ വീഴ്ചവരുത്തിയ വനിതാ ജൂഡോ താരം തൂലിക മന്നിന് വിലക്ക്. കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിലെ വെള്ളി മെഡൽ ജേതാവായ തൂലികയ്ക്ക് ഇതോടെ ഗ്ളാസ്ഗോയിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ മത്സരിക്കാൻ കഴിയില്ല. കഴിഞ്ഞ ദിവസം മറ്റൊരു ജൂഡോ താരം അരുൺകുമാറിനെ കോമൺവെൽത്ത് ഗെയിംസ് ടീമിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് ഇന്ത്യയ്ക്ക് അടുത്ത പ്രഹരമേൽക്കുന്നത്.
ദേശീയ , അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്ന കായിക താരങ്ങൾക്ക് തങ്ങളുടെ താമസവും പരിശീലനവും യാത്രകളും ഉൾപ്പടെയുള്ള കാര്യങ്ങൾ കൃത്യമായി ദേശീയ ആന്റി ഡോപ്പിംഗ് ഏജൻസിയെ അറിയിക്കണമെന്നാണ് നിയമം. ഇതിൽ വീഴ്ചവരുത്തുന്നത് ഉത്തേജകപരിശോധനയിൽ പരാജയപ്പെടുന്നതിന് തുല്യമായി വിലയിരുത്തപ്പെടും. ഇതിനാലാണ് തൂലികയെ വിലക്കിയതെന്ന് നാഡ അധികൃതർ അറിയിച്ചു. തന്റെ വിവരങ്ങൾ തൂലിക നാഡയെ അറിയിച്ചില്ലെന്ന് ജൂഡോ ഫെഡറേഷൻ ഒഫ് ഇന്ത്യ പ്രസിഡന്റ് മുകേഷ് കുമാർ സ്ഥിരീകരിച്ചിട്ടുണ്ട്.
ഗ്ളാസ്ഗോ കോമൺവെൽത്ത് ഗെയിംസിൽ ഈമാസം 31നാണ് ജൂഡോ മത്സരങ്ങൾ ആരംഭിക്കുന്നത്. വിലക്ക് വന്നതോടെ തൂലികയെയും അരുൺ കുമാറിനെയും ഗ്ളാസ്കോയിലേക്ക് അയയ്ക്കില്ല. 2022ൽ ബർമിംഗ്ഹാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ 78+ കാറ്റഗറിയിൽ വെള്ളി മെഡൽ നേടിയ തൂലിക പാരീസ് ഒളിമ്പിക്സിലും ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു.
അരുണിന് പിന്നാലെ
ചൈനയിൽ നടന്ന ഗ്രാൻപ്രീക്കിടെ നടത്തിയ പരിശോധനയിൽ പരാജയപ്പെട്ടതോടെയാണ് 21കാരനായ അരുൺ കുമാറിനെ വിലക്കിയത്. പുരുഷ 73 കിലോയിൽ മത്സരിക്കേണ്ടിയിരുന്ന അരുൺ മക്കാവു ജൂനിയർ ഏഷ്യൻ കപ്പിലും, 2025 ലെ തായ്‌പേയ് ഏഷ്യൻ ഓപ്പണിലും സ്വർണം നേടിയിട്ടുണ്ട്. ആർമിയുടെ താരവും ഡൽഹി സ്വദേശിയുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |