SignIn
Kerala Kaumudi Online
Wednesday, 07 October 2026 6.47 AM IST

ഒന്നടിച്ചത് മിച്ചം!

d

അന്താരാഷ്ട്ര സൗഹൃദ ഫുട്ബാൾ മത്സരത്തിൽ ഉറുഗ്വേ 6-1ന് ഇന്ത്യയെ തോൽപ്പിച്ചു

ഇന്ത്യയ്ക്ക് വേണ്ടി ഗോൾ നേടിയത് 22-ാം മിനിട്ടിൽ അനിരുദ്ധ് ഥാപ്പ

ഫിഫ റാങ്കിംഗിൽ 20-ാം സ്ഥാനത്തുള്ള, മുൻ ലോകകപ്പ് ജേതാക്കളായ ഉറുഗ്വേയ്ക്ക് എതിരെ ആറുഗോൾ വഴങ്ങി തോറ്റെങ്കിലും ഒരെണ്ണം തിരിച്ചടിച്ചതിന്റെ ആശ്വാസത്തിൽ ഇന്ത്യ. സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ 22-ാം മിനിട്ടിൽ ഉറുഗ്വേ 1-0ത്തിന് മുന്നിൽ നിൽക്കവേ അനിരുദ്ധ് ഥാപ്പയാണ് ഇന്ത്യയ്ക്ക് വേണ്ടി ചരിത്രഗോൾ നേടിയത്. ഉറുഗ്വേയ്ക്ക് വേണ്ടി മാക്സി ഔറേഹോ ഇരട്ടഗോളുകളും ഡാർവിൻ ന്യൂനസ്,സലാസർ,സനാബ്രിയ,അഗ്വിറെ എന്നിവർ ഓരോഗോളും നേടി.

ബ്രസീലിനെതിരായ മത്സരത്തിന്റെ പകുതി സമയത്ത് മാറ്റപ്പെട്ട ഗുർപ്രീത് സന്ധുതന്നെ ഇന്നലെ ഫസ്റ്റ് ഇലവനിൽ ഗോളിയും നായകനുമായി ഇറങ്ങി. എന്നാൽ മലയാളികളിൽ ആഷിഖ് കുരുണിയൻ മാത്രമാണ് ഫസ്റ്റ് ഇലവനിലുണ്ടായത്. സഹലും ബിജോയ്‌യും സനാനും ബെഞ്ചിലിരുന്നു. സെന്റർബാക്ക് ജോസ് മരിയ ജിമിനെസാണ് ഉറുഗ്വേയെ നയിച്ചത്. കാർഡോസോ,മാക്സി ഔറേഹോ,റോഡ്രിഗോ ബെന്റാൻകർ,എമിലിയാനോ മാർട്ടിനെസ്,ഡാർവിൻ ന്യൂനസ് തുടങ്ങിയ വമ്പൻ താരങ്ങൾ ആദ്യ ഇലവനിൽ അണിനിരന്നു.

ആദ്യ ഗോൾ പെനാൽറ്റി വഴി

ഉറുഗ്വേയുടെ ആധിപത്യത്തിനിടയിലും അഞ്ചാം മിനിട്ടിൽ ഇന്ത്യയുടെ ആദ്യ മുന്നേറ്റമുണ്ടായി. വലതുവിംഗിൽ നിന്ന് മൻവീർ നൽകിയ ക്രോസ് ജിമിനെസ് നിർവീര്യമാക്കി. പിന്നാലെയൊരു ത്രോ ഇന്നിൽ നിന്ന് റയാൻ വില്യംസിന്റെ ഷോട്ടും അൻവർ അലിയുടെ റീബൗണ്ടും ഫലം കണ്ടില്ല. പത്താം മിനിട്ടിൽ ഉറുഗ്വേ സ്ട്രൈക്കർ ഫെഡറിക്കോ വിനാസിനെ ബോക്സിനുള്ളിൽ വലിച്ചിട്ടതിന് റഫറി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത ഡാർവിൻ ന്യൂനസ് പന്ത് വലയിലാക്കി.

ഉഗ്രൻ തിരിച്ചടി

ആദ്യ സമയങ്ങളിൽ ആത്മവിശ്വാസത്തോടെ കളിച്ച ഇന്ത്യയ്ക്ക് മിഡ്ഫീൽഡിൽ നിന്ന് മുന്നേറ്റത്തിലേക്ക് പന്തെത്താത്തതും ഫിനിഷിംഗിലെ പാളിച്ചകളും വിലങ്ങുതടിയായി. മറുവശത്ത് ഉറുഗ്വേ സ്വതസിദ്ധശൈലിയിൽ മുന്നേറി. 22-ാം മിനിട്ടിലാണ് ഉറുഗ്വേയെ ഞെട്ടിച്ചുകൊണ്ട് ഇന്ത്യ ഗോളടിച്ചത്. മദ്ധ്യനിരയിൽ നിന്ന് പന്തുമായി ഓടിക്കയറിയ റയാൻ പാസിന് ശ്രമിക്കാതെ ലോംഗ് ഷോട്ടുതിർത്തു. ഉറുഗ്വേ ഗോളി കാർഡോസോ ഈ ശ്രമം തടുത്തെങ്കിലും വഴുതിയ പന്ത് നേരേയെത്തിയത് അനിരുദ്ധ് ഥാപ്പയുടെ കാലുകളിൽ. ഒരുനിമിഷം പാഴാക്കാതെ ഥാപ്പയുടെ ഫിനിഷ്. ഇന്ത്യൻ ഫുട്ബാളിന്റെ ചരിത്രത്തിലേക്കൊരു സുവർണഗോൾ.

കളിനിറുത്തിച്ച് ഇടിമിന്നൽ

ഗോളിനും വാട്ടർ ബ്രേക്കിനും പിന്നാലെ കനത്ത ഇടിമിന്നലിനെത്തുടർന്ന് മത്സരം അൽപ്പനേരത്തേക്ക് നിറുത്തിവച്ചു. ടീമുകൾ ഗ്രൗണ്ടിലേക്ക് മടങ്ങിയെത്തിയതിന് പിന്നാലെ അടുത്ത ഇടിമിന്നൽ ഉറുഗ്വേ ടീമിന്റെ ഭാഗത്തുനിന്നുണ്ടായി. ഇന്ത്യൻ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് ബെന്റാൻകർ നൽകിയ പന്ത് നാൻഡെസ് ഔറേഹോയ്ക്ക് നൽകി. നിഷ്പ്രയാസം ഔറേഹോ വലകുലുക്കി. 36-ാം മിനിട്ടിൽ ഇന്ത്യയുടെ ഒരാക്രമണമുണ്ടായെങ്കിലും ഉറുഗ്വേ നിഷ്പ്രയാസം തടുത്തു. 37-ാം മിനിട്ടിൽ ഡാർവിൻ ന്യൂനസിന്റെ ഒരു ശ്രമം ഗുർപ്രീത് സേവ്ചെയ്തു. 40-ാം മിനിട്ടിൽ ആഷിഖിനെ ഫൗൾ ചെയ്തതിന് നാൻഡെസിന് മഞ്ഞക്കാർഡ് ലഭിച്ചു.

വീണ്ടും ഗോളുകൾ

രണ്ടാം പകുതിയിൽ എഡ്മണ്ടിനും പരംവീറിനും പകരം സഹലും ബിജോയ്‌യും കളത്തിലിറങ്ങി.എന്നാൽ ഉറുഗ്വേ ഗോളടി തുടർന്നു. ന്യൂനസിന്റെ ക്രോസിൽ നിന്നായിരുന്നു സലാസറിന്റെ ഗോൾ.59-ാം മിനിട്ടിൽ വിനാസിന്റെ പാസിൽ നിന്ന് ഔറേഹോ തന്റെ രണ്ടാം ഗോളും നേടി. 65-ാം മിനിട്ടിൽ സനാൻ പകരക്കാരനായി കളത്തിലെത്തി.71-ാം മിനിട്ടിലാണ് സനാബ്രിയയിലൂടെ ഉറുഗ്വേ അഞ്ചാം ഗോളടിച്ചത്. 86-ാം മിനിട്ടിലാണ് അഗ്വിറേ ഉറുഗ്വേയുടെ പട്ടിക പൂർത്തിയാക്കിയത്.

രണ്ടാമൻ ഥാപ്പ

ഉറുഗ്വേയ്ക്ക് എതിരെ ഗോൾ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് അനിരുദ്ധ് ഥാപ്പ.1982ൽ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന നെഹ്റു കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ ഉറുഗ്വേയ്ക്ക് എതിരെ ഇന്ത്യയുടെ മാനസ് ഭട്ടാചാര്യ ഗോള‌ടിച്ചിരുന്നു. ആ മത്സരം ഉറുഗ്വേ 3-1ന് ജയിക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360