ശരീരഭാരം കുറയ്‌ക്കുന്നത് എങ്ങനെയെന്ന് ഇന്റർനെറ്റിൽ ഒന്ന് ടൈപ്പ് ചെയ്യേണ്ട താമസം നൂറുകണക്കിന് വഴികൾ മുന്നിലെത്തും. വലിയ വലിയ ഡയറ്റ് പ്ലാനുകൾ മുതൽ കഠിനമായ വ്യായാമങ്ങളെക്കുറിച്ചുവരെയുള്ള നിർദേശങ്ങൾ ആ കൂട്ടത്തിൽ ഉണ്ടാകും. എന്നാൽ, വൈറലാകുന്ന അത്തരം ടിപ്പുകളെക്കാൾ പ്രചോദനമാകുന്നത് നിത്യജീവിതത്തിലെ ചില ചെറിയ മാറ്റങ്ങളായിരിക്കും.
അത്തരത്തിലൊരു വെയ്‌റ്റ് ലോസ് യാത്രയാണ് ഗുരുഗ്രാം സ്വദേശിയായ ദീപ്‌തി കൃഷ്‌ണ നടത്തിയത്. 11 മാസംകൊണ്ട് 32 കിലോഗ്രാം ഭാരം കുറച്ചതെങ്ങനെയെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവയ്‌ച്ചിരിക്കുകയാണ് വീട്ടമ്മ കൂടിയായ ദീപ്‌തി. തന്റെ ഡയറ്റും വ്യായാമവും ഉൾപ്പടെയുള്ള വെയ്റ്റ് ലോസ് യാത്രയുടെ വിവിധ ഘട്ടങ്ങൾ അവർ സോഷ്യൽ മീഡിയയിൽ പങ്കുവയ്‌ക്കുന്നുണ്ട്. ദൈനംദിന ജീവിതത്തിൽ എളുപ്പത്തിൽ നടപ്പാക്കാൻ കഴിയുന്ന ചെറിയ മാറ്റങ്ങളിലൂടെ എങ്ങനെ ഭാരം കുറയ്‌ക്കാമെന്നാണ് ദീപ്‌തി പറയുന്നത്.
ദീപ്‌തി ആദ്യം ഒഴിവാക്കിയത് മധുരം ചേർത്ത പാനീയങ്ങളാണ്. പഞ്ചസാര കൂടുതലുള്ള പാനീയങ്ങൾക്ക് പകരം നാരങ്ങാവെള്ളം, ഇളനീർ, ഗ്രീൻ ടീ തുടങ്ങിയ ലളിതമായ ഓപ്‌ഷനുകളാണ് അവർ തിരഞ്ഞെടുത്തത്. മധുരമുള്ള പാനീയങ്ങൾക്ക് കൊഴുപ്പ് സംഭരിച്ചുവയ്‌ക്കാനാകുമെന്നും ഇത് മുഖത്ത് വീക്കം പോലുള്ള രൂപമാറ്റങ്ങൾക്ക് കാരണമാകാമെന്നും ദീപ്‌തി തന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ പറയുന്നു.
വൈറ്റ് ബ്രെഡ് പോലുള്ളവ ഭക്ഷണത്തിൽനിന്ന് ഒഴിവാക്കി. പകരം, മൾട്ടിഗ്രെയിൻ അല്ലെങ്കിൽ ഹോൾ വീറ്റ് ബ്രെഡ്, സവർഡോ ബ്രെഡ്, ഓട്‌സ് തുടങ്ങിയവയാണ് അവർ തിരഞ്ഞെടുത്തത്.
ഉപ്പിന്റെ അളവ് കൂടുതലുള്ള പാക്കറ്റ് സ്‌നാക്‌സുകളും ദീപ്‌തി ഒഴിവാക്കി. ഇത്തരം ഭക്ഷണങ്ങൾ കഴിക്കുമ്പോൾ വയറുവീക്കം അനുഭവപ്പെടാറുണ്ടായിരുന്നെന്നും അവർ പറയുന്നു. പാക്കറ്റ് സ്‌നാക്കുകൾക്ക് പകരം വറുത്ത കടല, നട്‌സ്, മഖാന തുടങ്ങിയവയാണ് അവർ കഴിച്ചത്.
വറുത്ത ഫാസ്റ്റ് ഫുഡുകളും ദീപ്‌തിയുടെ പതിവ് ഭക്ഷണത്തിൽനിന്ന് ഒഴിവായി. പകരം, വീട്ടിൽ തയ്യാറാക്കുന്ന പനീർ, ചിക്കൻ ടിക്ക തുടങ്ങിയ ലളിതമായ ഭക്ഷണങ്ങൾ കഴിക്കാൻ തുടങ്ങി.
അർദ്ധരാത്രിയിലെ അനാവശ്യ ഭക്ഷണശീലവും ദീപ്‌തി ഉപേക്ഷിച്ചു. ശ്രദ്ധയില്ലാതെ കഴിക്കുന്ന ഇത്തരം സ്‌നാക്കുകൾ അധിക കലോറി ശരീരത്തിലെത്താൻ ഇടയാക്കുമെന്നാണ് അവർ പറയുന്നത്. ഉറങ്ങുന്നതിന് മുൻപ് ഹെർബൽ ടീ കഴിക്കുന്നതാണ് അവർ പകരമായി സ്വീകരിച്ച മാർഗം. ഈ മാറ്റങ്ങൾക്കൊപ്പം ദിവസവും രണ്ടോ മൂന്നോ ലിറ്റർ വെള്ളം കുടിക്കുക, പതിവായി നടക്കുക തുടങ്ങിയ ശീലങ്ങളും ദീപ്‌തിയുടെ ദിനചര്യയുടെ ഭാഗമായി.
ദീപ്‌തിയുടെ ശരീരപ്രകൃതിക്ക് ഈ മാറ്റങ്ങൾ ഫലപ്രദമായെന്നുവേണം മനസിലാക്കാൻ. എന്നാൽ ഓരോരുത്തരുടെയും ശരീരപ്രകൃതവും ആരോഗ്യസ്ഥിതിയും അനുസരിച്ച് ഫലത്തിൽ വ്യത്യാസം ഉണ്ടാകാം.
Deepthi Krishna lost 32 kg in 11 months through simple diet and lifestyle changes, regular walking, and better eating habits.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |