ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിന്റെ മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ഐപിഎൽ ടീമിന്റെ ഹെഡ് കോച്ചായി തിരിച്ചെത്തുന്നു. 2027ലെ ഐപിഎൽ സീസണിൽ ഡൽഹി ക്യാപിറ്റൽസിന്റെ ഹെഡ് കോച്ചായി ഗാംഗുലിയെ നിയമിച്ചു. ഒരു ഐപിഎൽ ടീമിന്റെ ഹെഡ് കോച്ചായി താരം സ്ഥാനമേൽക്കുന്നത് ഇതാദ്യമായാണ്.
നേരത്തെ ഡൽഹി ക്യാപിറ്റൽസിന്റെ ഡയറക്ടറായും മെന്ററായും താരം പ്രവർത്തിച്ചിട്ടുണ്ട്. ഹേമംഗ് ബദാനിയുടെ നേതൃത്വത്തിലുള്ള പരിശീലക സംഘത്തിന് പകരമായാണ് ഗാംഗുലി എത്തുന്നത്. നേരത്തെ റിക്കി പോണ്ടിംഗ് ഡൽഹി ക്യാപിറ്റൽസിന്റെ ഹെഡ് കോച്ചായിരുന്ന സമയത്തും ഗാംഗുലി ടീമിന്റെ പരിശീലകസംഘത്തിന്റെ ഭാഗമായിരുന്നു.
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) മുൻ പ്രസിഡന്റായിരുന്ന ഗാംഗുലി ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാളിന്റെ തലവനായും പ്രവർത്തിച്ചിട്ടുണ്ട്. നീണ്ടകാലത്തെ പരിചയ സമ്പത്തിനൊപ്പം തന്ത്രപരമായ മികവും ഗാംഗുലിയുടെ പരിശീലനത്തിലൂടെ ഡൽഹി ക്യാപിറ്റൽസിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2008ൽ ആരംഭിച്ച ഐപിഎല്ലിൽ ഇതുവരെ കിരീടം നേടാൻ ഡൽഹി ക്യാപിറ്റൽസിന് കഴിഞ്ഞിട്ടില്ല. ടീമിന്റെ പ്രധാന താരങ്ങളെയും സംവിധാനത്തെയും അടുത്തറിയുന്ന ഗാംഗുലിയുടെ നേതൃത്വത്തിലൂടെ കന്നി ഐപിഎൽ കിരീടമെന്ന ലക്ഷ്യം സ്വന്തമാക്കാനാണ് ഡൽഹിയുടെ ശ്രമം. ഗാംഗുലിയുടെ നിയമനം പ്രഖ്യാപിച്ചതിന് പിന്നാലെ ഡൽഹി ക്യാപിറ്റൽസ് സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോയും പങ്കുവച്ചു.
ഗാംഗുലിക്ക് കീഴിൽ താരസമ്പന്നമായ പരിശീലക സംഘത്തെയും ഡൽഹി ഒരുക്കിയിട്ടുണ്ട്. മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിംഗ് ബാറ്റിംഗ് കോച്ചായും, ശ്രീലങ്കയുടെ മുൻ പേസ് ബൗളർ ചാമിന്ദ വാസിനെ ഫാസ്റ്റ് ബൗളിംഗ് കോച്ചായും, ഐപിഎൽ പരിചയസമ്പന്നനായ അമിത് മിശ്രയെ സ്പിൻ ബൗളിംഗ് കോച്ചായും നിയമിച്ചിട്ടുണ്ട്. അടുത്ത സീസണിൽ ലക്നൗ സൂപ്പർ ജയന്റ്സിൽ നിന്നും ഡൽഹിയുടെ മുൻ ക്യാപ്റ്റൻ റിഷഭ് പന്തും ടീമിലേക്ക് തിരിച്ചെത്തും. കന്നി കിരീടത്തിനായുള്ള പോരാട്ടത്തിനാണ് ടീം ഒരുങ്ങുന്നത്.
Sourav Ganguly has been appointed Head Coach of Delhi Capitals for the IPL 2027 season, marking his first full-time head coach role in the league. Previously a mentor and director, Ganguly will lead a new coaching staff including Yuvraj Singh as Batting Coach, Chaminda Vaas as Fast Bowling Coach, and Amit Mishra as Spin Bowling Coach.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |