SignIn
Kerala Kaumudi Online
Tuesday, 06 October 2026 4.48 PM IST

'ഇന്ത്യയിലേക്ക് പോകരുത്, സൂക്ഷിക്കണം'; മുന്നറിയിപ്പുകൾ അവഗണിച്ചെത്തി, പുരുഷന്മാർ കാഴ്‌ചപ്പാട് മാറ്റിയെന്ന് 24കാരി

ana
അന

ഇന്ത്യയിലേക്കാണ് യാത്രയെന്നറിഞ്ഞപ്പോൾ 24 കാരിയായ പോർച്ചുഗീസ് യാത്രിക അനയെ പലരും വിലക്കി, ഒരുപാട് മുന്നറിയിപ്പുകൾ നൽകി. 'ശ്രദ്ധിക്കണം, ഉപദ്രവിക്കപ്പെടാം, സാധനങ്ങൾ കൊള്ളയടിക്കപ്പെടാം, ആളുകൾ തുറിച്ചുനോക്കും, പുരുഷന്മാർ ശല്യം ചെയ്യും'- എന്നിങ്ങനെ ധാരാളം അപായസൂചനകൾ അവൾക്ക് മുന്നിലേക്കെത്തി. സ്വാഭാവികമായും അത്തരം മുന്നറിയിപ്പുകൾ ആ 24കാരിയെ ഭയപ്പെടുത്തി. അതിനാൽതന്നെ ഇന്ത്യയിലേക്കെത്തിയ ആദ്യ നാളുകളിൽ തന്റെ പതിവ് യാത്രാരീതിയായ ഹിച്ച് ഹൈക്കിംഗ് (ലിഫ്‌റ്റടിച്ച് യാത്ര ചെയ്യുക) അവൾ പൂർണമായും ഒഴിവാക്കി.

എന്നാൽ, ഇന്ത്യയിൽ മാസങ്ങളോളം താമസിച്ചപ്പോൾ തന്റെ കാഴ്‌ചപ്പാടുകൾ പൂർണമായും മാറിയെന്ന് അന പറയുന്നു. തനിക്ക് ലഭിച്ച മുന്നറിയിപ്പുകൾക്ക് വിപരീതമായ മനുഷ്യരെയാണ് ഇന്ത്യയിൽ കണ്ടുമുട്ടിയതെന്ന് അന പറയുന്നു. ഏറ്റവും ദയവുള്ള, നന്നായി തമാശകൾ പറയുന്ന, മറ്റുള്ളവരെ സഹായിക്കാൻ എപ്പോഴും തയ്യാറാകുന്ന മനുഷ്യരാണ് തനിക്ക് ചുറ്റും ഉണ്ടായിരുന്നതെന്ന് അവൾ പറഞ്ഞു.

വഴിയരികിൽ കണ്ടുമുട്ടിയ അപരിചിതർ തന്റെ ഫോണിനുണ്ടായ പ്രശ്‌നം പരിഹരിക്കാൻ തന്നെ സഹായിക്കാനായി മണിക്കൂറുകളോളം ചെലവിട്ട അനുഭവവും അന പങ്കുവയ്‌ക്കുന്നുണ്ട്. യാത്രയ്‌ക്കിടെ പരിചയപ്പെട്ട പലരും ജീവിതകാലം മുഴുവൻ ഓ‌ർത്തുവയ്‌ക്കാവുന്ന സുഹൃത്തുക്കളായി മാറിയെന്നും അവൾ പറയുന്നു. പ്രത്യേകിച്ചും ഇന്ത്യയിൽ കണ്ടുമുട്ടിയ പുരുഷന്മാരാണ് തന്റെ കാഴ്‌ചപ്പാടിനെ വലിയ രീതിയിൽ മാറ്റിയതെന്ന് അന അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ പുരുഷന്മാരെക്കുറിച്ചും ഇന്ത്യൻ സമൂഹത്തെക്കുറിച്ചുമുള്ള മുൻധാരണകൾ പലതും യാത്രയ്‌ക്കിടെ മാറിയെന്നാണ് തന്റെ അനുഭവത്തിൽനിന്നും അന വ്യക്തമാക്കിയത്.

അതേസമയം, ഇന്ത്യ 100 ശതമാനവും സുരക്ഷിതമായ രാജ്യമാണെന്നോ സ്‌ത്രീകൾ യാതൊരു മുൻകരുതലുമില്ലാതെ യാത്ര ചെയ്യണമെന്നോ താൻ പറയുന്നില്ലെന്നും അന പറഞ്ഞു. മറ്റ് സ്‌ത്രീകൾ നേരിട്ടിട്ടുള്ള മോശം അനുഭവങ്ങളെ ചെറുതായി കാണുന്നില്ലെന്നും അവർ‌ കൂട്ടിച്ചേർത്തു.

English Summary

A Portuguese traveler says her experience in India changed her negative perceptions, as she encountered kindness, helpfulness and lasting friendships.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRAVEL EXPERIENCE, PERSPECTIVES ABOUT INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360