കൊച്ചി: പൂജാ കർമ്മങ്ങളുടെ 'ബൗണ്ടറി" കടന്ന് ക്രീസിൽ ചരിത്രം രചിക്കുകയാണ് നമ്പൂതിരിമാർ. പറക്കുന്ന ഓരോ ഫോറിലും സിക്സിലും നിന്നും ജീവകാരുണ്യത്തിനുള്ള വിഹിതവും പിറക്കുന്നു. ഇങ്ങനൊരു ക്രിക്കറ്റ് കൂട്ടായ്മ കേരളത്തിലാദ്യം. തൃപ്പൂണിത്തുറയിൽ ആറുവർഷം മുമ്പ് തുടക്കമിട്ട കേരള നമ്പൂതിരീസ് പ്രീമിയർ ലീഗ് (കെ.എൻ.പി.എൽ)സൂപ്പർ ഹിറ്റായി പുതിയ ഇന്നിംഗ്‌സുകളിലേക്ക് കടക്കുകയാണ്. ബംഗളൂരുവിലും ചെന്നൈയിലും 'നമ്പൂതിരീസ്" സീസൺ തുടങ്ങി. ഓർഗനൈസേഷൻ ഒഫ് നമ്പൂതിരീസ് എവല്യൂഷൻ ട്രസ്റ്റിന്റെ കീഴിലാണ് പ്രവർത്തനം.
ക്രിക്കറ്റ് ആരാധകരായ നമ്പൂതിരിമാരുടെ വാട്‌സാപ്പ് കൂട്ടായ്മയിൽ നിന്നാണ് കെ.എൻ.പി.എല്ലിന്റെ പിറവി. ജീവകാരുണ്യത്തിനും കാർഷികമേഖലയ്ക്കും കൂടിയാണ് 600ലേറെ അംഗങ്ങളുള്ള 'കളിക്കൂട്ടുകാർ" ബാറ്റും ബാളും ഏന്തുന്നത്.
അംഗങ്ങളിൽ മറ്റു സമുദായക്കാർ ഇല്ലെങ്കിലും ജീവകാരുണ്യ സഹായം അർഹരായ ആർക്കും നൽകും. 'സഹയോഗ്" എന്ന കൂട്ടായ്മയിലൂടെ പ്രതിവർഷം ഒരുലക്ഷം രൂപ നൽകുന്നു. ഓരോ സീസണിലെയും ഫോറുകൾ, സിക്‌സറുകൾ എന്നിവയ്ക്ക് 15 രൂപ വീതം കണക്കാക്കി മൊത്തം തുക മികച്ച കർഷകന് സമ്മാനിക്കും. 30,000 രൂപയിൽ കുറയില്ല. ഇതിലുമില്ല സാമുദായിക പരിഗണന. ഓരോ മേഖലയിലെയും സമിതികൾ നൽകുന്ന പട്ടികയിൽ നിന്നാണ് അർഹരായവരെ തിരഞ്ഞെടുക്കുക.
4 സോണുകൾ,
16 ടീമുകൾ
നാല് സോണുകളായാണ് ആദ്യം മത്സരം. കോട്ടയം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകൾ ഉൾപ്പെടുന്നതാണ് സൗത്ത് സോൺ. സെൻട്രൽ സോണിൽ എറണാകുളം, തൃശൂർ, ഇടുക്കി. നോർത്തേൺ സോണിൽ പാലക്കാട്, കാസർകോട് ഉൾപ്പെടെയുള്ള ജില്ലകൾ. നാലാമത്തെ സോണിൽ ചെന്നൈയും ബംഗളൂരുവും. ഈ സോണുകളിലെ മത്സരങ്ങളിൽ മികവു പുലർത്തുന്നവരെ ഉൾപ്പെടുത്തി കെ.എൻ.പി.എല്ലിനുള്ള 16 ടീമുകൾ രൂപീകരിക്കുന്നു. ലീഗിൽ ഈ ടീമുകൾ തമ്മിലാണ് പോരാട്ടം.
ഫിറ്റ് സ്‌ക്വാഡ് 360
ആരോഗ്യബോധവത്കരണത്തിനായി കെ.എൻ.പി.എൽ ഫിറ്റ് സ്‌ക്വാഡ് 360 എന്ന ഓൺലൈൻ പരിപാടി കേരള മുൻ രഞ്ജിതാരം എസ്. മനോജിന്റെ നേതൃത്വത്തിൽ ഉടൻ തുടങ്ങും.
വനിതകളുടെ ടൂർണമെന്റും പരിഗണനയിലുണ്ട്.
18 മുതൽ 60 വയസ് വരെയുള്ളവർ കളിക്കാരായുണ്ട്. കൂടുതൽ സംസ്ഥാനങ്ങളിൽ മത്സരങ്ങൾ തുടങ്ങും.
കൃഷ്ണദാസ് മൂർക്കന്നൂർ,
സെക്രട്ടറി, ഓർഗനൈസേഷൻ ഒഫ്
നമ്പൂതിരീസ് എവല്യൂഷൻ ട്രസ്റ്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |