SignIn
Kerala Kaumudi Online
Saturday, 10 October 2026 12.56 AM IST

സഞ്ജുവിന്റെ അർദ്ധസെഞ്ച്വറി പാഴായി; ഇന്ത്യയുടെ കൂറ്റൻ സ്‌കോർ പിന്തുടർന്ന് വിൻഡീസിന് ചരിത്ര വിജയം

READ ENGLISH VERSION
sanju-shreyas
സഞ്ജു സാംസൺ, ശ്രേയസ് അയ്യർ

റാഞ്ചി: രണ്ടാം ട്വന്റി-20യിൽ ഇന്ത്യയെ ആറു വിക്കറ്റിന് തകർത്ത് വെസ്റ്റ് ഇൻഡീസിന് ചരിത്ര വിജയം. ഇന്ത്യ ഉയർത്തിയ 250 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സന്ദർശകർ 18.3 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. നായകൻ ഷായ് ഹോപ്പിന്റെ തകർപ്പൻ സെഞ്ച്വറിയും ഷെർഫെയ്ൻ റൂഥർഫോർഡിന്റെ വെടിക്കെട്ട് ബാറ്റിംഗുമാണ് വിൻഡീസിന് വിജയം സമ്മാനിച്ചത്. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരു ടീമുകളും ഓരോ വിജയം വീതം നേടി സമനിലയിലെത്തി. ഇന്ത്യയ്ക്കായി മായങ്ക് യാദവ് മൂന്ന് വിക്കറ്റും കുൽദീപ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 249 റൺസെടുത്തു. മലയാളി താരം സഞ്ജു സാംസൺ 41 പന്തിൽ 82 റൺസുമായി ഇന്ത്യൻ നിരയിലെ ടോപ് സ്‌കോററായി. ഒൻപത് ഫോറും നാലു സിക്സറും ഉൾപ്പെട്ടതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. രണ്ട് തവണ പുറത്താകലിൽനിന്ന് രക്ഷപ്പെട്ടിട്ടും സെഞ്ച്വറിയിലേക്ക് കുതിക്കാനായില്ലെന്നത് ആരാധകർക്ക് നിരാശയായി.

hope-shreyas

സഞ്ജുവിനൊപ്പം ഇഷാൻ കിഷനും ഇന്ത്യൻ ഇന്നിംഗ്സിന് കരുത്തുപകർന്നു. 22 പന്തിൽ 43 റൺസാണ് ഇഷാൻ നേടിയത്. നാലോവറിൽ 24 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത ചേസാണ് വിൻഡീസ് ബൗളർമാരിൽ തിളങ്ങിയത്. സഞ്ജു പുറത്തായതോടെ ഇന്ത്യയുടെ സ്‌കോർ മുന്നോട്ട് പോകുന്നതിൽ വേഗം കുറഞ്ഞെങ്കിലും അവസാന ഓവറുകളിൽ ശ്രേയസ് അയ്യരും തിലക് വർമ്മയും ആഞ്ഞടിച്ചു. ശ്രേയസ് 18 പന്തിൽ 40 റൺസെടുത്തപ്പോൾ തിലക് 18 പന്തിൽ പുറത്താകാതെ 44 റൺസ് നേടി. ഇരുവരും അഞ്ചാം വിക്കറ്റിൽ 32 പന്തിൽ 83 റൺസാണ് കൂട്ടിച്ചേർത്തത്. ഇതോടെയാണ് ഇന്ത്യയുടെ സ്‌കോർ 249ൽ എത്തിയത്.

എന്നാൽ കൂറ്റൻ ലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റ് ഇൻഡീസിന് നായകൻ ഷായ് ഹോപ്പ് മുന്നിൽനിന്ന് വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഇന്ത്യൻ ബൗളർമാരെ അനായാസം നേരിട്ട ഹോപ്പ് തകർപ്പൻ സെഞ്ച്വറി നേടി. 45 പന്തിൽ ആറു ഫോറും ഒൻപത് സിക്സറും ഉൾപ്പെടെ നേടിയ ഹോപ്പിന്റെ ഇന്നിംഗ്സ് ഇന്ത്യയുടെ പ്രതീക്ഷകൾ തകർത്തു.

ഷെർഫെയ്ൻ റൂഥർഫോർഡും 84 റൺസുമായി തിളങ്ങി. ഇരുവരും ചേർന്നുള്ള 120 റൺസിന്റെ കൂട്ടുകെട്ടാണ് മത്സരത്തിന്റെ ഗതി വിൻഡീസിന് അനുകൂലമാക്കിയത്. ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം മറികടക്കാൻ സന്ദർശകർക്ക് 20 ഓവറും വേണ്ടിവന്നില്ല. ആദ്യ ട്വന്റി20യിൽ എട്ടു വിക്കറ്റിന് വിജയിച്ച ഇന്ത്യയ്ക്ക് രണ്ടാം മത്സരത്തിലെ തോൽവി തിരിച്ചടിയായി. ബാറ്റർമാർ മികച്ച സ്‌കോർ സമ്മാനിച്ചിട്ടും വിൻഡീസ് ബാറ്റർമാരെ പിടിച്ചുകെട്ടാൻ ഇന്ത്യൻ ബൗളർമാർക്കായില്ല.

English Summary

West Indies defeated India by six wickets in the second T20I in Ranchi, chasing a target of 250 in just 18.3 overs to level the five-match series 1-1. Captain Shai Hope smashed a century off 45 balls, while Sherfane Rutherford scored 84, sharing a crucial 120-run partnership.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDVSWI, SANJUSAMSON, SPORTS, LATESTNEWS, CRICKETNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360