ന്യൂഡൽഹി: ഇന്ത്യൻ ടീമിൽ ഇടം നേടാൻ മികച്ച പ്രകടനം മാത്രം പോരെന്നും അവസരങ്ങൾക്കായി കടുത്ത മത്സരമാണ് നേരിടേണ്ടിവരുന്നതെന്നും മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ പാർത്ഥിവ് പട്ടേൽ. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച ഫോമിലായിരുന്നിട്ടും ദേശീയ ടീമിലേക്ക് തിരിച്ചെത്താനുള്ള സാധ്യതകൾ തേടിയപ്പോൾ ഒരു സെലക്ടറിൽനിന്ന് ഞെട്ടിക്കുന്ന മറുപടി ലഭിച്ച അനുഭവവും താരം വെളിപ്പെടുത്തി. 27-28 വയസായെന്നും ഗുജറാത്തുകാരനായ താൻ ബിസിനസിനെക്കുറിച്ച് ചിന്തിക്കണമെന്നുമായിരുന്നു സെലക്ടറുടെ ഉപദേശമെന്ന് പാർത്ഥിവ് പറഞ്ഞു. മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയുടെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2002ൽ 17 വയസുള്ളപ്പോഴാണ് പാർത്ഥിവ് ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചത്. എന്നാൽ കരിയറിൽ പലതവണ ടീമിൽനിന്ന് പുറത്തായി ദീർഘകാലം അവസരങ്ങൾക്കായി കാത്തിരിക്കേണ്ടിവന്നു. ഇതിഹാസ താരം എംഎസ് ധോണിയുടെ വരവോടെയാണ് പാർത്ഥിവിന് ടീമിലെ സ്ഥാനം നഷ്ടമായത്. 2008ൽ ശ്രീലങ്കയ്‌ക്കെതിരേ തിരിച്ചെത്തിയെങ്കിലും പിന്നീട് വീണ്ടും പുറത്തായി. 2009-10 സീസണിൽ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച ഫോമിലായിരുന്നിട്ടും ദേശീയ ടീമിലേക്ക് പരിഗണിക്കപ്പെടാത്തത് തന്നെ നിരാശപ്പെടുത്തിയെന്ന് പാർത്ഥിവ് പറഞ്ഞു.
'ടീമിൽനിന്ന് പുറത്തായപ്പോൾ തുടക്കത്തിൽ എനിക്ക് പരാതിയൊന്നുമുണ്ടായിരുന്നില്ല. എന്റെ പ്രകടനം വേണ്ടത്ര മികച്ചതായിരുന്നില്ലെന്ന് എനിക്കറിയാമായിരുന്നു. എന്നാൽ പിന്നീട് ആഭ്യന്തര ക്രിക്കറ്റിൽ തുടർച്ചയായ അഞ്ച് ഫസ്റ്റ് ക്ലാസ് ഇന്നിംഗ്സുകളിൽനിന്ന് 500 റൺസ് നേടി. അതൊരു ഇന്ത്യൻ റെക്കാഡാണ്. സച്ചിൻ ടെൻഡുൽക്കർ, വിരാട് കൊഹ്‌ലി, സുനിൽ ഗവാസ്‌കർ തുടങ്ങിയവർക്കുപോലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ തുടർച്ചയായ അഞ്ച് ഇന്നിംഗ്സുകളിൽ ഇത്രയും റൺസ് നേടാനായിട്ടില്ലെന്നാണ് എന്റെ അറിവ്,' പാർത്ഥിവ് പറഞ്ഞു.
അന്ന് ദേശീയ ടീം സെലക്ഷൻ കമ്മിറ്റിയുടെ തലവനായിരുന്ന ദിലീപ് വെങ്സർക്കറുമായി സംസാരിച്ച കാര്യവും താരം ഓർത്തെടുത്തു. ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ടീമിനെ തിരഞ്ഞെടുക്കുന്ന സമയത്ത് തന്റെ സാധ്യതകളെക്കുറിച്ച് ചോദിച്ചപ്പോൾ കഠിനാധ്വാനം തുടരാനായിരുന്നു വെങ്സർക്കറുടെ ഉപദേശം. എന്നാൽ 2011ഓടെ ഓരോ സീസണിലും 700 മുതൽ 800 വരെ റൺസ് നേടിയിട്ടും അവസരം ലഭിച്ചില്ല. ഇതിനിടെ സെലക്ഷൻ കമ്മിറ്റി മാറി. പുതിയ കമ്മിറ്റിയിലെ വെസ്റ്റ് സോൺ സെലക്ടറോട് സാധ്യതകളെക്കുറിച്ച് ചോദിച്ചപ്പോഴാണ് അപ്രതീക്ഷിത മറുപടി ലഭിച്ചതെന്ന് പാർത്ഥിവ് വെളിപ്പെടുത്തി.
'നിനക്ക് 27-28 വയസായി. നീ ഗുജറാത്തുകാരനല്ലേ, എന്തെങ്കിലും ബിസിനസ് ചെയ്യാൻ കഴിയുമോയെന്ന് ആലോചിക്കൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നെ ടീമിലെടുക്കാൻ താത്പര്യമില്ലെങ്കിൽ വേണ്ടെന്ന് ഞാൻ പറഞ്ഞു. പക്ഷേ, ഇത്തരത്തിൽ ഒരാളെ നിരുത്സാഹപ്പെടുത്തരുതെന്നും വ്യക്തമാക്കി. അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കാൻ രണ്ടുവർഷം കൂടിയുണ്ടായിരുന്നു. അതിനുള്ളിൽ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുമെന്ന് ഞാൻ വെല്ലുവിളിച്ചു,' പാർത്ഥിവ് പറഞ്ഞു. പിന്നീട് ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താൻ പാർത്ഥിവിന് കഴിഞ്ഞെങ്കിലും ദീർഘകാലം ടീമിൽ തുടരാനുള്ള അവസരം ലഭിച്ചില്ല.
ധോണിയുമായി ടീമിലെ ഒന്നാം വിക്കറ്റ് കീപ്പർ സ്ഥാനത്തിനായി താൻ ഒരിക്കലും മത്സരിച്ചിരുന്നില്ലെന്നും പാർത്ഥിവ് വ്യക്തമാക്കി. ധോണി തികച്ചും വ്യത്യസ്തനായ താരമായിരുന്നുവെന്നും രണ്ടാം വിക്കറ്റ് കീപ്പറുടെ സ്ഥാനത്തിനുവേണ്ടിയായിരുന്നു കടുത്ത മത്സരം നടന്നിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Former India wicketkeeper-batter Parthiv Patel revealed that a national selector once advised him to consider starting a business instead of pursuing cricket, citing his age of 27–28 and Gujarati background. Despite consistently scoring 700–800 runs in domestic cricket each season, Patel struggled to secure a regular place in the Indian team.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |