ബീജിംഗ്: കൗമാരക്കാരൻ കുടകൊണ്ട് കുത്തിയതിനുപിന്നാലെ ഗ്ലാസ് പാലത്തിൽ വിള്ളലുണ്ടായതായി റിപ്പോർട്ട്. ചൈനയിലെ ഹേനാൻ പ്രവിശ്യയിലെ പ്രശസ്‌തമായ 'ബാവോക്വാൻ ക്ലിഫ് വേൾഡ്' വിനോദസഞ്ചാര കേന്ദ്രത്തിലെ ഗ്ലാസ് ബ്രിഡ്‌ജിലാണ് വിള്ളലുണ്ടായത്. സുരക്ഷാ മുൻകരുതലുതകളുടെ ഭാഗമായി അധികാരികൾ ഉടൻതന്നെ സഞ്ചാരികളെ ഇവിടെനിന്ന് ഒഴിപ്പിച്ചു. സംഭവത്തിൽ ആർക്കും അപായം സംഭവിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
ചൈനയിലെ ഏറ്റവും ഉയർന്ന ടൂറിസം പദവിയായ നാഷണൽ 5എ റേറ്റിംഗുള്ള പ്രമുഖ വിനോദസഞ്ചാര കേന്ദ്രത്തിലാണ് പാലം സ്ഥിതിചെയ്യുന്നത്. ട്രിപ്പിൾ-ലാമിനേറ്റഡ് സുരക്ഷാ ഗ്ലാസ് ഉപയോഗിച്ചാണ് പാലം നിർമ്മിച്ചിരിക്കുന്നത്. കൗമാരക്കാരൻ കുടകൊണ്ട് കുത്തിയസമയത്ത് ഇതിന്റെ ഒരു പാനലിന്റെ മുകളിലത്തെ പാളി മാത്രമാണ് കേടായതെന്ന് അധികൃതർ പറഞ്ഞു. താഴത്തെ പാളികൾക്ക് യാതൊരു തകരാറും സംഭവിച്ചിട്ടില്ലെന്നും പാലം സുരക്ഷിതമാണെന്നും അധികൃതർ വ്യക്തമാക്കി. തകരാറുണ്ടായ ഭാഗത്തെ ഗ്ലാസ് പാനൽ മാറ്റിസ്ഥാപിക്കുന്നതിനായി യഥാർത്ഥ നിർമ്മാതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു. അതേസമയം, പാലത്തിന്റെ മറ്റ് ഭാഗങ്ങളിൽ സന്ദർശനത്തിന് തടസമില്ല.
സംഭവത്തിന് പിന്നാലെ സോഷ്യൽമീഡിയയിൽ ഗ്ലാസ് പാലങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി. കുടകൊണ്ട് തട്ടിയാൽ ഗ്ലാസ് ബ്രിഡ്‌ജിൽ വിള്ളലുണ്ടാകുമെങ്കിൽ ഉയർന്ന ഹീൽസുള്ള ചെരുപ്പ് ധരിച്ച് നടന്നാൽ സമാനമായ അപകടസാദ്ധ്യത ഉണ്ടാകുമോയെന്നതാണ് പലരുടെയും ആശങ്ക. ഇതേതുടർന്ന് ഗ്ലാസിന് കേടുപാടുണ്ടാക്കുന്ന കൂർത്തവസ്‌തുക്കൾ വിനോദസഞ്ചാരികൾ കൈവശം വയ്‌ക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പ്രത്യേകം ജീവനക്കാരെ നിയോഗിച്ചിരിക്കുകയാണ് അധികൃതർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |