മോസ്‌കോ: യുക്രെയിന്റെ ഡ്രോൺ ആക്രമണത്തിൽ റഷ്യൻ തീരത്തിന് സമീപം കരിങ്കടലിൽ എണ്ണക്കപ്പലിന് തീപിടിച്ചു. കപ്പലിലുണ്ടായിരുന്ന 23 ജീവനക്കാരും ഇന്ത്യക്കാരാണെന്നാണ് വിവരം. ഇവരെ രക്ഷപ്പെടുത്തിയതായി റഷ്യൻ ഗതാഗത മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ ജീവനക്കാരിലൊരാൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ലൈബീരിയൻ പതാക വഹിച്ച എണ്ണക്കപ്പലാണ് ആക്രമിക്കപ്പെട്ടത്.
റഷ്യൻ ഗതാഗത മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം, നാവിക ഡ്രോണുകൾ ഉപയോഗിച്ചാണ് എണ്ണക്കപ്പലിന് നേരെ ആക്രമണം നടത്തിയത്. ആക്രമണത്തെ തുടർന്ന് കപ്പലിലുണ്ടായിരുന്നു ക്രൂഡോയിൽ തീപിടിച്ച് കത്തുകയായിരുന്നു. തീ അതിശക്തമായതിനാൽ അഗ്നിശമനസേനയ്‌ക്ക് ഇതുവരെ തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. തീയുടെ തീവ്രത കുറഞ്ഞാലുടൻ അതിനുള്ള നടപടികൾ വീണ്ടും തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
റഷ്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ സോച്ചിക്ക് സമീപമാണ് സംഭവം. കടലിൽ തീജ്വാലകൾ പടരുന്നതിന്റെയും കനത്ത പുക ആകാശത്തേക്ക് ഉയരുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിന് പിന്നാലെ സോച്ചിയിലെ തീരപ്രദേശത്തേക്കും ബീച്ചുകളിലേക്കുമുള്ള പ്രവേശനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി മേയർ അറിയിച്ചു. റുമാനിയൻ തീരത്തിന് സമീപം മറ്റൊരു കപ്പലിന് തീപിടിച്ച് ഒരാൾ മരിക്കുകയും മറ്റൊരാളെ കാണാതാവുകയും ചെയ്‌തതിന് പിന്നാലെയാണ് ഈ സംഭവം.
അടുത്തിടെ റുമാനിയൻ തീരത്തിന് സമീപം യുക്രെയിൻ ഉൽപ്പന്നങ്ങളുമായി സഞ്ചരിച്ച ധാന്യക്കപ്പലുകൾക്ക് നേരെ റഷ്യ ആക്രമണം നടത്തിയിരുന്നു. ഇതിന് തിരിച്ചടിയായാണ് എണ്ണക്കപ്പലിന് നേരെ ആക്രമണം നടത്തിയതെന്ന് യുക്രെയിൻ വ്യക്തമാക്കി. റഷ്യൻ സൈന്യം യുക്രെയിൻ നഗരങ്ങളിൽ നടത്തുന്ന തുടർച്ചയായ വ്യോമാക്രമണങ്ങൾക്ക് മറുപടിയാണ് ആക്രമണമെന്നാണ് അവരുടെ വിശദീകരണം.
2022ൽ റഷ്യ-യുക്രെയിൻ യുദ്ധം ആരംഭിച്ചതിന് ശേഷം കരിങ്കടലിലെ വാണിജ്യ കപ്പൽ ഗതാഗതം ഇരുരാജ്യങ്ങളുടെയും ആക്രമണലക്ഷ്യമായി മാറിയിട്ടുണ്ട്. തെക്കൻ റഷ്യയിലെ എണ്ണ സംഭരണ കേന്ദ്രങ്ങൾക്കും മറ്റ് എണ്ണ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുണ്ടായ മുൻകാല യുക്രെയിൻ ആക്രമണങ്ങളിൽ എണ്ണ ചോർച്ചയും തീരപ്രദേശങ്ങൾ അടച്ചിടേണ്ട സാഹചര്യവും ഉണ്ടായിട്ടുണ്ട്.
A Ukrainian drone attack set a Liberian-flagged oil tanker on fire near Russia’s Black Sea coast. All 23 Indian crew members were rescued, while one Indian sailor was reportedly injured. Firefighters struggled to contain the blaze due to its intensity.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |