SignIn
Kerala Kaumudi Online
Wednesday, 07 October 2026 9.36 AM IST

ന്യൂട്രിനോകളെ 'കെണി'വച്ചുപിടിച്ചു; ഭൗതികശാസ്ത്ര നോബൽ ഹാൽസെന് 

f

സ്‌​റ്റോക്‌ഹോം:ഈ വർഷത്തെ ഭൗതികശാസ്ത്ര നോബൽ പുരസ്‌കാരത്തിന് ബെൽജിയൻ ഗവേഷകൻ ഫ്രാൻസിസ് ഹാൽസെൻ(82) അർഹനായി.

'ന്യൂട്രിനോ' കണികകളെ ഉപയോഗിച്ച് പ്രപഞ്ച രഹസ്യങ്ങളുടെ ചുരുളഴിക്കാമെന്ന് തെളിയിച്ച ഹാൽസെൻ, അന്റാർട്ടിക്കയിലെ 'ഐസ്‌ക്യൂബ് ന്യൂട്രിനോ ഒബ്‌സർവേ​റ്ററി' എന്ന ഭീമൻ പരീക്ഷണശാല സ്ഥാപിക്കാൻ നേതൃത്വം നൽകിയിരുന്നു. ഇതിനാണ് അംഗീകാരം.
ഏഴ് വർഷം കൊണ്ട് നിർമ്മിച്ച പരീക്ഷണശാലയിൽ 2011ലാണ് ഗവേഷണം തുടങ്ങിയത്. യു.എസിലെ യൂണിവേഴ്‌സി​റ്റി ഒഫ് വിസ്‌കോൺസിൻ മാഡിസൺ ആവിഷ്‌കരിച്ച പദ്ധതിയുടെ മുഖ്യഗവേഷകനാണ് ഹാൽസെൻ. യൂണിവേഴ്‌സി​റ്റിയിലെ പ്രൊഫസറുമാണ്. 12 മില്യൺ സ്വീഡിഷ് ക്രോണറാണ് പുരസ്‌കാരതുക;ഏകദേശം 11.51കോടി രൂപ (11,51,13,516). ഡിസംബർ 10ന്

സ്​റ്റോക്‌ഹോമിലാണ് സമ്മാനദാനം.

ഇത്തിരിക്കുഞ്ഞൻ ന്യൂട്രിനോ


പ്രപഞ്ചത്തിൽ വിദൂരനക്ഷത്രങ്ങൾ പൊട്ടിത്തെറിക്കുമ്പോൾ പ്രകാശം ഉണ്ടാകും. എന്നാൽ ഭൂമിയിലേക്കുള്ള സഞ്ചാരപാതയിലെ പൊടിപടലങ്ങളിൽ തട്ടി മറഞ്ഞുപോകുന്നതിനാൽ ഗവേഷകർക്ക് നക്ഷത്രവിസ്‌ഫോടനം കാണാനാവില്ല. പ്രകാശത്തോടൊപ്പം 'ന്യൂട്രിനോ' എന്ന ഇത്തിരിക്കുഞ്ഞൻ കണികകളും പുറപ്പെടുന്നു. ഇവ ഭൂമി അടക്കം ബഹിരാകാശത്തെ എല്ലാ തടസ്സങ്ങളെയും തുളച്ചുകയറി സഞ്ചരിക്കും. കോടിക്കണക്കിന് ന്യൂട്രിനോകൾ ശരീരത്തിലൂടെ കടന്നുപോകുന്നത് പോലും നാം അറിയില്ല.


'പ്രേതകണ'ത്തെ തളച്ച മാന്ത്രികൻ!


കാണാൻ കഴിയാത്ത, ഒന്നിനും പിടികൊടുക്കാതെ സഞ്ചരിക്കുന്ന ന്യൂട്രിനോ 'പ്രേതകണങ്ങൾ' (ഗോസ്​റ്റ് പാർട്ടിക്കിൾസ്) എന്നറിയപ്പെടുന്നു. ഇവയെ തിരിച്ചറിഞ്ഞാൽ നക്ഷത്രവിസ്‌ഫോടനം അടക്കം പ്രപഞ്ചരഹസ്യങ്ങൾ പഠിക്കാം

ഇതിനായി ഹാൽസെനും സംഘവും സ്ഥാപിച്ച കെണിയാണ് ഐസ് ക്യൂബ് ന്യൂട്രിനോ ഒബ്‌സർവേ​റ്ററി. കട്ടിയേറിയ ഭീമൻ മഞ്ഞുക്കട്ടയ്ക്കടിയിൽ ആയിരക്കണക്കിന് പ്രകാശസെൻസറുകൾ ഒരു ക്യൂബിക് കിലോമീ​റ്റർ വിസ്തൃതിയിൽ സ്ഥാപിച്ചു

ബഹിരാകാശത്ത് നിന്ന് നേർരേഖയിലെത്തുന്ന ന്യൂട്രിനോകളിൽ ചിലത് മഞ്ഞിലെ ആ​റ്റങ്ങളിൽ തട്ടി ചെറിയ നീലവെളിച്ചം ഉണ്ടാകും. സെൻസറുകളുടെ സഹായത്തോടെ ഇത് തിരിച്ചറിഞ്ഞ്, വെളിച്ചത്തിന്റെ പാത പരിശോധിച്ച് ന്യൂട്രിനോയുടെ ഉറവിടം മനസിലാക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360