SignIn
Kerala Kaumudi Online
Tuesday, 06 October 2026 1.51 PM IST

വീണ്ടും മാസ്‌കും ക്വാറന്റൈനും, റഷ്യയിൽ പ്ലേഗ് ഭീതി പടരുന്നു; ആശങ്കകൾ വേണ്ടെന്ന് അധികൃതർ

darya
ദാര്യ

മോസ്‌കോ: സൈബീരിയയിലെ പ്ലേഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകയായ ദാരിയ ഷിപിലോവ (28) ന്യൂമോണിയ ബാധിച്ച് മരിച്ചതിന് പിന്നാലെ ജാഗ്രതാ നിർദേശവുമായി അധികൃതർ. സംഭവത്തിൽ 200ഓളം പേരെ വൈദ്യനിരീക്ഷണത്തിലാക്കിയിട്ടുണ്ട്. സ്ഥിതിഗതികൾ അമേരിക്കയും ബ്രിട്ടനും സൂക്ഷ്‌മമായി നിരീക്ഷിച്ച് വരികയാണ്.

28കാരിയായ ദാര്യ ഷിപിലോവയെന്ന ഗവേഷകയാണ് ന്യൂമോണിയ ബാധിച്ച് മരിച്ചത്. സെപ്‌റ്റംബർ 29നാണ് ആരോഗ്യനില വഷളായതിനെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർ രണ്ടുദിവസത്തിനുശേഷം മരിക്കുകയായിരുന്നു. ബാക്‌ടീരിയ അടങ്ങിയ ടെസ്റ്റ് ട്യൂബ് അബദ്ധത്തിൽ പൊട്ടിപ്പോയതായി ഇവർ മെഡിക്കൽ ജീവനക്കാരോട് പറഞ്ഞിരുന്നു. ടെസ്റ്റ് ട്യൂബിൽനിന്ന് ന്യൂമോണിക് പ്ലേഗിന് കാരണമാകുന്ന രോഗാണുക്കൾ യുവതിയുടെ ശരീരത്തിൽ പ്രവേശിച്ചതാകാമെന്നാണ് റിപ്പോർട്ടുകൾ പ്രചരിക്കുന്നത്.

ഇതോടെ പ്രദേശത്ത് ആശങ്കയും അഭ്യൂഹങ്ങളും വ്യാപകമായി. രോഗവ്യാപനത്തിന്റെ സാദ്ധ്യതകൾ കണക്കിലെടുത്ത് മുൻകരുതൽ നടപടികൾ ശക്തമാക്കിയിരിക്കുകയാണ് അധികൃതർ. യുവതി ജോലി ചെയ്‌തിരുന്ന ഷെലോവിലെ ഇർകുട്‌സ്‌ക് പ്ലാന്റിലെ 2,154 ജീവനക്കാരും നി‌ർബന്ധമായി മാസ്‌ക് ധരിച്ചിരിക്കണമെന്ന് നിർദേശം നൽകി. പ്ലാന്റ് ഡയറക്‌ടർ ആർട്ടിയോം ഫോംമിനിഖാണ് ടെലഗ്രാമിലൂടെ നിർദേശം കൈമാറിയത്. 'സുരക്ഷിതമായിരിക്കുന്നതാണ് ഏറ്റവും നല്ലത്' എന്ന നിലപാടാണ് തീരുമാനത്തിന് പിന്നിലെന്നും അദ്ദേഹം അറിയിച്ചു.

എന്നാൽ, സീസണൽ ശ്വാസകോശ രോഗങ്ങൾ തടയുന്നതിനുള്ള പതിവ് മുൻകരുതൽ നടപടിയുടെ ഭാഗമായാണ് മാസ്‌ക് ധരിക്കാൻ നി‌ർദേശിച്ചതെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കി. പ്ലാന്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാരോടും മാസ്‌ക് ധരിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഷെലഖോവ് ജില്ലയിലുടനീളമുള്ള സ്‌കൂളുകളിൽ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, ജീവനക്കാർ തുടങ്ങിയവർക്ക് മാസ്‌കും ഗ്ലൗസും വിതരണം ചെയ്‌തതായും റിപ്പോർട്ടുകളുണ്ട്. പൊതുജനങ്ങൾ ഒന്നിച്ചു ചേരുന്നത് ഒഴിവാക്കാനായി നഗരത്തിലുടനീളം ഒക്‌ടോബർ ആദ്യം നടത്താനിരുന്ന ശുചീകരണ പരിപാടികൾ മാറ്റിവച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

ഷെലെക്കോവിലേക്കും സമീപപ്രദേശങ്ങളിലേക്കുമുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ന്യൂമോണിക് പ്ലേഗ് ബാധ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും രോഗവ്യാപനത്തിന്റെ സാദ്ധ്യത കണക്കിലെടുത്ത് ആരോഗ്യ അധികൃതർ സ്ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണ്. ദാര്യയുടെ മരണകാരണം കൃത്യമായി കണ്ടെത്തുന്നതിനുള്ള പരിശോധനകൾ പുരോഗമിക്കുകയാണ്.

English Summary

Russia has introduced emergency measures, including mask mandates and quarantine, amid a reported plague scare, while officials have sought to downplay public concerns.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PLAGUE SCARE, PLAGUE IN RUSSIA, PLAGUE LAB TECHNICIAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360