
ലണ്ടൻ: ജെഫ്രി ആർചർ. തന്റെ നോവലിന്റെ ഇതിവൃത്തം പോലെ നിറമാർന്ന ജീവിതമാണ് എഴുത്തിന്റെ ലോകം അദ്ദേഹത്തിന് സമ്മാനിച്ചത്. എന്നാൽ രാഷ്ട്രീയക്കാരനെന്ന നിലയിൽ വിവാദങ്ങളുടെ ചുഴിയിൽപ്പെടാനായിരുന്നു അദ്ദേഹത്തിന്റെ വിധി. രാഷ്ട്രീയ ജീവിതം നേട്ടങ്ങളും അപമാനവും നേരിട്ട ഒരു റോളർ കോസ്റ്റർ പോലെയാണ്. 1940 ഏപ്രിൽ 15ന് ലണ്ടനിൽ ജനിച്ച ജെഫ്രി വളർന്നത് സോമർസെറ്റിലാണ്. 29-ാം വയസിൽ കൺസർവേറ്റീവ് പാർട്ടി അംഗമായി ബ്രിട്ടീഷ് പാർലമെന്റിലെത്തി. 1985ൽ പാർട്ടിയുടെ ഡെപ്യൂട്ടി ചെയർമാനുമായി.
കുരുക്കായി കേസ്
1986ൽ ജെഫ്രിക്ക് ലൈംഗിക തൊഴിലാളിയുമായി ബന്ധമുണ്ടെന്ന വാർത്ത ഡെയ്‌ലി സ്റ്റാർ പത്രത്തിൽ വന്നു. ഡെപ്യൂട്ടി ചെയർമാൻ സ്ഥാനം രാജിവയ്ക്കേണ്ടി വന്നു. പത്രത്തിനെതിരെ മാനനഷ്ടക്കേസ് നൽകിയ അദ്ദേഹത്തിന് 5 ലക്ഷം പൗണ്ട് നഷ്ടപരിഹാരം ലഭിച്ചു. 1992ൽ ഹൗസ് ഒഫ് ലോർഡ്സ് (ബ്രിട്ടീഷ് പാർലമെന്റിന്റെ ഉപരിസഭ) അംഗമായി. ഡെയ്‌ലി സ്റ്റാർ കേസിൽ സുഹൃത്തുക്കളെ കൊണ്ട് ജെഫ്രി കോടതിയിൽ കള്ള മൊഴി നൽകിയെന്ന വിവരം 1999ൽ പുറത്തായി. ലണ്ടൻ മേയർ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയായിരുന്നു അദ്ദേഹം.
ജയിലിലേക്ക്
കള്ളസാക്ഷിയായതിനുൾപ്പെടെ ജെഫ്രിക്ക് 2001ൽ നാല് വർഷത്തെ ജയിൽ ശിക്ഷ ലഭിച്ചു. പാർട്ടിയിൽ നിന്ന് പുറത്തായി. ജയിലിലെ അനുഭവങ്ങൾ അദ്ദേഹം 'എ പ്രിസൺ ഡയറി' എന്ന പുസ്തകമാക്കി. 2003ൽ മോചിതനായെങ്കിലും സജീവ രാഷ്ട്രീയം അവസാനിച്ചു. 2024ൽ ഹൗസ് ഒഫ് ലോർഡ്സിൽ നിന്ന് വിരമിച്ചു. രാഷ്ട്രീയ തകർച്ചകൾ ഉണ്ടായെങ്കിലും എഴുത്തുകാരനെന്ന നിലയിൽ ജനപ്രീതി നിലനിറുത്തി. മനുഷ്യന്റെ അഭിലാഷങ്ങളെ ആഴത്തിൽ അറിഞ്ഞ ജെഫ്രി വായനക്കാർക്ക് പ്രിയങ്കരനായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |