SignIn
Kerala Kaumudi Online
Monday, 25 May 2026 12.46 PM IST

ബൈഡന്റെ 80 ഉത്തരവുകൾ റദ്ദാക്കി, ലോകാരോഗ്യ സംഘടനാ ബന്ധം ഉപേക്ഷിച്ച് ട്രംപ്

s

 പാരീസ് കരാറിൽ നിന്നും പിന്മാറ്റം

വാഷിംഗ്ടൺ: അധികാരമേറ്റതിനു പിന്നാലെ ലോകാരോഗ്യ സംഘടനയിൽ നിന്നും പാരീസ് കാലാവസ്ഥാ കരാറിൽ നിന്നും യു.എസ് പിന്മാറുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മുൻ പ്രസിഡന്റ് ജോ ബൈഡന്റെ എൺപതോളം എക്സിക്യൂട്ടീവ് ഉത്തരവുകൾ അധികാരമേറ്റ് ആദ്യ ദിവസം തന്നെ റദ്ദാക്കുകയും ചെയ്തു. പാരീസ് കരാറിൽ നിന്നുള്ള പിന്മാറ്രം അറിയിച്ച് ഐക്യരാഷ്ട്ര സഭയ്ക്ക് നൽകുന്ന കത്തിൽ അദ്ദേഹം ഒപ്പുവച്ചു. കൊവിഡും മറ്റ് അന്താരാഷ്ട്ര ആരോഗ്യ പ്രതിസന്ധികളും തെറ്റായി കൈകാര്യം ചെയ്തെന്ന് ആരോപിച്ചാണ് ലോകാരോഗ്യ സംഘടനയിൽ നിന്നുള്ള പിന്മാറ്റം. യു.എസിന്റെ പിന്മാറ്റത്തോടെ ഡബ്ല്യു. എച്ച്. ഒയുടെ വലിയ ധനസഹായ സ്രോതസ്സാണ് നിലച്ചത്.ആദ്യ ഭരണകാലത്തും ട്രംപ് ഡബ്ല്യു. എച്ച്. ഒയിൽ നിന്ന് പിന്മാറാൻ ശ്രമിച്ചിരുന്നു. ചൈനയെ സഹായിക്കാനുള്ള നിലപാടുകളാണ് ഡബ്ല്യു.എച്ച്.ഒ കൈകൊണ്ടതെന്ന് ട്രംപ് ആരോപിച്ചിരുന്നു.

ഉപഭോക്തൃ പണപ്പെരുപ്പത്തെ ചെറുക്കുന്നതിന് ഫെഡറൽ ഏജൻസികളെ നിർദ്ദേശിക്കുന്ന പ്രതീകാത്മക മെമ്മോറാണ്ടത്തിൽ ട്രംപ് ഒപ്പുവച്ചു. എണ്ണ, പ്രകൃതി വാതക ഉത്പാദനത്തിന്റ നിയന്ത്രണം ലഘൂകരിക്കും. ഉപഭോക്തൃ വസ്തുക്കളുടെ വില കുറയ്ക്കുമെന്നും പ്രഖ്യാപനം. ഫെബ്രുവരി ഒന്നു മുതൽ കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്തും. ബൈഡൻ നിയമിച്ച ആയിരത്തിലധികം ഉദ്യോഗസ്ഥരെ നീക്കം ചെയ്യും. രാജ്യത്തെ വിലക്കയറ്റവും ഇന്ധനച്ചെലവും നിയന്ത്രിക്കാൻ ദേശീയ ഊർജ്ജ അടിയന്തരാവസ്ഥ പ്രഖ്യാപിക്കും. എണ്ണ, പ്രകൃതിവാതകം ഖനനം വർദ്ധിപ്പിക്കും.

മെക്സിക്കൻ അതിർത്തിയിൽ

അടിയന്തരാവസ്ഥ

മെക്സിക്കൻ അതിർത്തിയിലെ അനധികൃത കുടിയേറ്റം തടയാൻ  ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മെക്സിക്കൻ അതിർത്തി കടക്കാനായി ഉപയോഗിക്കുന്ന ആപ്പിന്റെ പ്രവർത്തനം അവസാനിപ്പിച്ചു. ബൈഡൻ ഭരണകൂടം അഭയാർത്ഥികൾക്ക് സുരക്ഷിതമായി അമേരിക്കയിലേക്ക് പ്രവേശിക്കാനായി നിർമ്മിച്ച സി.ബി.പി വൺ ആപ്പാണ് പ്രവർത്തനരഹിതമാക്കിയത്. പത്ത് ലക്ഷത്തോളം പേരാണ് ആപ്പ് ഉപയോഗച്ച് യു.എസിൽ കടന്നുകൂടിയത്. കുടിയേറ്റക്കാരുടെ മക്കൾക്ക് പൗരത്വം നൽകുന്നതിനുള്ള ജന്മാവകാശ പൗരത്വം റദ്ദാക്കി. അനധികൃത കുടിയേറ്റക്കാരെ സ്വന്തം നാട്ടിലേക്ക് തിരിച്ച് അയയ്ക്കും.

 ഗൾഫ് ഒഫ് മെക്സിക്കോയുടെ പേര് മാറ്റം പ്രാബല്യത്തിൽ

 ക്യൂബയെ ഭീകരരാഷ്ട്രപദവിയിൽ നിന്നു പിൻവലിക്കാനുള്ള തീരുമാനം റദ്ദാക്കും

കലാപകാരികൾക്ക്

മാപ്പ്

2021 ജനുവരി ആറിനുണ്ടായ യു.എസ് കാപ്പിറ്റോൾ അക്രമണത്തിൽ കുറ്റാരോപിതരായ 1500ഓളം അനുയായികൾക്ക് മാപ്പ് നൽകി . കാപ്പിറ്റോൾ കലാപത്തിൽ പൊലീസിനെ കടന്നാക്രമിച്ചവർക്ക് ഉൾപ്പെടെയാണ് മാപ്പ് നൽകിയത്. ഉടനെ അവർക്ക് പുറത്തിറങ്ങാമെന്നും ട്രംപ് പ്രഖ്യപിച്ചു

ആണും പെണ്ണും മാത്രം

എൽ.ജി.ബി.ടി.ക്യു വിഭാഗങ്ങൾക്ക് സ്ഥാനമില്ല. ഈ വിഭാഗങ്ങളോടുള്ള തുറന്ന സമീപനങ്ങളെ തള്ളിയ ട്രംപ്, അമേരിക്കയിൽ ആണും പെണ്ണും എന്നിങ്ങനെ രണ്ടു വർഗം മാത്രമേയുള്ളൂയെന്ന് വ്യക്തമാക്കി.

ടിക്ടോക്കിന് സാവകാശം

യു.എസിൽ നിരോധനം ഏർപ്പെടുത്തിയ ടിക്‌ടോക്കിനു നിയമപരമായി പ്രവർത്തിക്കാൻ 75 ദിവസത്തെ സാവകാശം അനുവദിച്ചു. ടിക്‌ടോക് ഏറ്റെടുക്കാൻ അമേരിക്കയിൽനിന്ന് ഉടമസ്ഥനെ കണ്ടെത്തണം. ചൈനയുടെ ഉടമസ്ഥതയിൽനിന്നു മാറിയാൽ നിരോധനം പിൻവലിക്കും.

പ്രതിഷേധം ശക്തം

മെക്സിക്കൻ അതിർത്തിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിലും എൽ.ജി.ബി.ടി.ക്യു വിഭാഗങ്ങൾക്ക് സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ചതിലും യു.എസിൽ വ്യാപക പ്രതിഷേധം. വിവിധ സംഘടനകളുൾപ്പെടെ പ്രതിഷേധം അറിയിച്ച് രംഗത്തെത്തി. ആപ്പിൾ കോസ്റ്റോ പോലുള്ള വൻ കമ്പനികൾ ലിംഗ വൈവിദ്ധ്യത്തോടുള്ള പ്രതിബദ്ധത നിലനിറുത്തുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360