
വാഷിംഗ്ടൺ: യുദ്ധവും തീരുവയും കുടിയേറ്റ വിരുദ്ധ നയങ്ങളുമൊക്കെയായി വാർത്തകളിൽ നിറഞ്ഞു നിൽക്കവെ, 80 -ാം പിറന്നാൾ ആഘോഷിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 1946 ജൂൺ 14ന് ന്യൂയോർക്ക് സിറ്റിയിൽ ജനിച്ച ട്രംപ്, യു.എസ് പ്രസിഡന്റാകുന്ന ഏറ്റവും പ്രായമേറിയ വ്യക്തിയാണ്. അമേരിക്കയുടെ പതാക ദിനം കൂടിയാണ് ജൂൺ 14. വൈറ്റ് ഹൗസിന്റെ സൗത്ത് ലോണിനെ പ്രൊഫഷണൽ ഫൈറ്റിംഗ് അരീനയാക്കി മാറ്റിയാണ് ട്രംപ് തന്റെ പിറന്നാൾ വ്യത്യസ്തമാക്കിയത്. യു.എഫ്.സിയുടെ (അൾട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യൻഷിപ്പ്) 'ഫ്രീഡം 250' മത്സരം ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 5.30ന് തുടങ്ങും. ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രൊഫഷണൽ കായിക പരിപാടിക്ക് വൈറ്റ് ഹൗസ് വേദിയാകുന്നത്. ട്രംപിന്റെ പിറന്നാളുമായി ബന്ധപ്പെട്ടാണെങ്കിലും യു.എസ് സ്വാതന്ത്ര്യം നേടിയതിന്റെ 250-ാം വാർഷികാഘോഷത്തിന്റെ ഭാഗമാണ് യു.എഫ്.സി പോരാട്ടം. 4,300പേരെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |