SignIn
Kerala Kaumudi Online
Tuesday, 21 April 2026 3.41 PM IST

16കാരിയെ കൊലപ്പെടുത്തിയശേഷം ഇളയമ്മയുടെ മകൻ ജീവനൊടുക്കി

Increase Font Size Decrease Font Size Print Page
1

കോഴിക്കോട്: മാതാവിന്റെ സഹോദരിയുടെ മകളായ പതിനാറുകാരിയെ ഷാളുചുറ്റി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. ചെലവൂർ, മൂഴിക്കൽ പൂതംകുഴിയിൽ നിസാർ-റംസീന ദമ്പതികളുടെ മകൾ നസ്‌റീന (16) യാണ് കൊല്ലപ്പെട്ടത്. നല്ലളം മാവത്തിനിലം കെ.പി ഹോമിൽ അഷ്‌റഫ്-അസീന ദമ്പതികളുടെ മകൻ അദിനാനെയാണ് (20) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. നസ്‌റീനയെ കൊന്ന ശേഷം അദിനാൻ ജീവനൊടുക്കുകയായിരുന്നു. നസ്‌റീനയുടെ മാതാവിന്റെ ഇളയ സഹോദരി ഹസീനയുടെ മകനാണ് അദിനാൻ. നസ്‌റീനയുടേത് ശ്വാസംമുട്ടി മരണമാണെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക വിവരം.

ഇന്നലെ പുലർച്ചെ 5.45 നാണ് നാടിനെ നടുക്കിയ സംഭവം. നല്ലളത്തെ വീട്ടിൽ നിന്ന് മൂഴിക്കലിലെ തറവാട്ട് വീട്ടിൽ അദിനാൻ തിങ്കളാഴ്ച രാത്രി 7 മണിയോടെ ആരും കാണാതെ എത്തി. ഈ സമയം വീട്ടുകാർ മുൻവശത്ത് വിഷുവിന്റെ ഭാഗമായുള്ള ആഘോഷത്തിലായിരുന്നു. അടുക്കള ഭാഗത്തെത്തിയ അദിനാൻ കള്ളത്താക്കോലിട്ട് വാതിൽ തുറന്നു. ഈ ഭാഗത്തെ സി.സി.ടി.വി തിരിച്ചുവച്ചശേഷം അകത്തു കയറി മുകളിലെ നിലയിൽ ഒളിച്ചിരിക്കുകയുമായിരുന്നു. പുലർച്ചെ 5.45 ഓടെ നസ്‌റീനയെ കൊലപ്പെടുത്തിയശേഷം താഴേക്കിറങ്ങിയപ്പോൾ ശബ്ദം കേട്ടുണർന്ന വല്യുമ്മ സഫിയ ഒരാൾ മുകളിലേക്ക് ഓടിക്കയറുന്നതായി കണ്ടു.

മോഷ്ടാവാണെന്ന് കരുതി മറ്റുള്ളവരെ അറിയിച്ചു. അവരെത്തി നസ്റീന ഉറങ്ങുന്ന മുറി തുറന്നപ്പോഴാണ് അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. ഓടിക്കയറിയ ആൾ മറ്റൊരു മുറിയിൽ ഒളിച്ചിരിക്കുന്നുണ്ടെന്ന സംശയത്തിൽ മുറി പുറത്ത് നിന്ന് പൂട്ടി. വിവരമറിഞ്ഞെത്തിയ പൊലീസ് മുറി തുറന്നപ്പോഴാണ് അദിനാനെ കണ്ടത്. മുഖമാകെ ശ്വാസംകിട്ടാത്ത നിലയിൽ പ്ലാസ്റ്റർ ചുറ്റിയ നിലയിലായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. ഇരുവരുടെയും ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. നിസാം, നൈമ എന്നിവരാണ് മരിച്ച നസ്‌റീനയുടെ സഹോദരങ്ങൾ. അദിനാൻ ഏകമകനാണ്. ചേവായൂ‌ർ പൊലീസ് എസ്.എച്ച്.ഒ മഹേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കാരന്തൂർ മർക്കസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്ന് പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞിരിക്കുകയായിരുന്നു നസ്‌റീന. തുണിക്കടയിലെ ജീവനക്കാരനാണ് അദിനാൻ.

സ്വഭാവദൂഷ്യത്താൽ തറവാട്ടിന് പുറത്തായി

ഉപ്പുപ്പ ഹംസയുടെയും ഉമ്മൂമ്മ സഫിയയുടെയും കൂടെ മൂഴിക്കലിലെ തറവാട്ട് വീട്ടിലായിരുന്നു അദിനാനും താമസിച്ചിരുന്നത്. നസ്‌റീനയും അദിനാനും നല്ല സുഹൃത്തുക്കളുമായിരുന്നു. ഇതിനിടെ അദിനാന്റെ പെരുമാറ്റ ദൂഷ്യങ്ങളും വീട്ടിൽ നിന്ന് പണം മോഷ്ടിക്കാൻ ശ്രമിച്ചതും ശ്രദ്ധയിൽപ്പെട്ട നസ്‌റീന വീട്ടുകാരെ അറിയിച്ചു. ഇതോടെ മൂന്നു മാസം മുമ്പ് അദിനാനെ ഇവിടെനിന്ന് പുറത്താക്കി. ഇതോടെ മാതാപിതാക്കൾക്കൊപ്പം മാവത്തിനിലത്തെ വീട്ടിലായി താമസം. ഈ വെെരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് സംശയിക്കുന്നത്. അദിനാൻ നസ്‌റീനയുടെ വീട്ടിൽ കയറുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലിസിന് ലഭിച്ചിട്ടുണ്ട്. വീട്ടിനുള്ളിലുള്ള ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. അന്വേഷണം പൂർത്തിയായാലെ കൂടുതൽ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂവെന്ന് ചേവായൂർ എസ്.എച്ച്.ഒ മഹേഷ് പറഞ്ഞു.

TAGS: CASE DIARY, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.