SignIn
Kerala Kaumudi Online
Monday, 25 May 2026 2.48 PM IST

ചൈൽഡ് വെൽഫെയർ കമ്മിറ്റി സിറ്റിംഗ് തടസപ്പെടുത്തിയ ആൾക്കെതിരെ കേസ്

cwc

കൊച്ചി: ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി സിറ്റിംഗിനിടെ അതിക്രമിച്ച് കയറി ചെയർമാനെയും അംഗങ്ങളെയും ഭീഷണിപ്പെടുത്തിയ ആൾക്കെതിരെ പൊലീസ് കേസെടുത്തു. കാക്കനാട് നിലംപതിഞ്ഞിമുകൾ സ്വദേശി വി.എ. അഗസ്റ്റിനെതിരെയാണ് തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.

29ന് രാവിലെ 11.30ന് കാക്കനാട് സിവിൽ സ്റ്റേഷനിലെ ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഓഫീസിൽ സിറ്റിംഗ് നടക്കുന്നതിനിടെയാണ് ഹാളിൽ അതിക്രമിച്ച് കയറി ചെയർമാനെയും അംഗങ്ങളെയും ഭീഷണിപ്പെടുത്തിയത്. ഹാളിനകത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയർമാനെയും അംഗങ്ങളെയും അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. സിറ്റിംഗ് തടസപ്പെട്ടതിനെ തുട‌ർന്ന് തൃക്കാക്കര പൊലീസ് എത്തിയാണ് ബലപ്രയോഗത്തിലൂടെ ഇയാളെ പുറത്താക്കിയത്.

സി.ഡബ്ല്യു.സി ചെയർപേഴ്സൺ ഉല്ലാസ് മധു തൃക്കാക്കര അസിസ്റ്റന്റ് സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിലാണ് ഇന്നലെ കേസെടുത്തത്. അഗസ്റ്റിന്റെ അഞ്ച് കുട്ടികൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് അഭയകേന്ദ്രങ്ങളിൽ പാർക്കുന്നത്. ഇവരിൽ മൂന്ന് പേർ പെൺകുട്ടികളാണ്. കുട്ടികൾ താമസിക്കുന്ന അഭയകേന്ദ്രങ്ങളിൽ എത്തി ബഹളമുണ്ടാക്കുന്നതും കുട്ടികളെ തനിക്ക് വിട്ടുതരണമെന്ന് ആവശ്യപ്പെടുന്നതും അഗസ്റ്റിന്റെ പതിവാണ്. തുട‌ർന്ന് കുട്ടികളെ മാറ്റി പാർപ്പിച്ചിരിക്കുന്ന ഇപ്പോഴത്തെ കേന്ദ്രങ്ങൾ വെളിപ്പെടുത്താത്തതാണ് പ്രകോപന കാരണം.

പ്രതിയുടെ നിരന്തര പീഡനത്തെ തുടർന്ന് ഭാര്യ അകന്ന് താമസിക്കുകയാണ്. ഈ സ്ത്രീയേയും അവരുടെ ആദ്യ ബന്ധത്തിലെ കുട്ടികളെയും ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിന് തടിയിട്ടപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ അഗസ്റ്റിനെതിരെ കേസുണ്ട്. പുറമെ പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ പോക്സോ കേസിലും പ്രതിയാണ്. ഭാര്യയും ആദ്യബന്ധത്തിലെ കുട്ടികളും എവിടെയാണ് ഇപ്പോൾ താമസമെന്ന കാര്യവും അഗസ്റ്റിന്റെ ശല്യം ഭയന്ന് പുറത്തുവിട്ടിട്ടില്ല. ഇതും പ്രതിയെ പ്രകോപിപ്പിച്ചു. മുമ്പും സി.ഡബ്ല്യു.സി സിറ്റിംഗ് നടക്കുന്നിടത്ത് ഇയാൾ അതിക്രമിച്ച് കയറി ബഹളമുണ്ടാക്കിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ERNAKULAM, CASEDAIRY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY