
കൊച്ചി: ഓർഡർ നൽകിയാൽ കേരളത്തിലെവിടെയും കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന ഒഡീഷ സംഘത്തെ പൂട്ടാൻ എക്സൈസ്. കറുകുറ്റിയിൽ 116.370 കിലോ കഞ്ചാവുമായി ഒഡീഷ സംഘത്തിലെ കാരിയർമാരായ സഹോദരങ്ങളടക്കം നാലുപേർ പിടിയിലായ കേസ് ഇനി പ്രത്യേക സംഘം അന്വേഷിക്കും. ഇവർ വൈകാതെ ഒഡീഷയിലേക്ക് തിരിക്കും. ആർക്കാണ് കഞ്ചാവ് എത്തിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. അങ്കമാലി സ്വദേശിയാണെന്ന വിവരം മാത്രമാണ് കിട്ടിയിട്ടുള്ളത്. പ്രതികളുടെ ഫോണുകളുടെ സി.ഡി.ആർ ലഭ്യമാകുന്നതോടെ കടത്തിന് പിന്നിലുള്ളവരെയും ഇടപാടുകാരെയും വ്യക്തമാകുമെന്ന് എക്സൈസ് ഉന്നത വൃത്തങ്ങൾ പറഞ്ഞു.
ഒഡീഷയിൽ കഞ്ചാവ് കൃഷിക്ക് കുപ്രസിദ്ധമായ കലഹണ്ടി സ്വദേശികളായ ലക്ഷ്മൺ പത്ര (39), സഹോദരൻ തരസ്വർ പത്ര (36), ബൽഭദ്ര ധരുവ (30), പ്രദീപ് ഘഡേയ് (27) എന്നിവരെയാണ് അങ്കമാലി എക്സൈസ് പിടികൂടിയത്. ഒന്നേകാൽ കോടി രൂപ വിലമതിക്കുന്ന കഞ്ചാവ് 58 പൊതികളിലാക്കി 11 ബാഗുകളിലായാണ് കൊണ്ടുവന്നത്. ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് സംഘം പിടിയിലായത്.
അങ്കമാലി പാലിശേരി ഭാഗത്തേക്ക് വൻതോതിൽ ലഹരിമരുന്ന് എത്തുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മേഖലയിൽ രാത്രികാല പരിശോധനകൾ ശക്തമാക്കിയിരുന്നു. സംശയാസ്പദമായി കണ്ട നാലംഗ സംഘത്തെ തടഞ്ഞുനിറുത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്. തൃശൂരിൽ ട്രെയിൻ ഇറങ്ങിയശേഷം ബസ് മാർഗം കറുകുറ്റിയിൽ എത്തിയെന്നാണ് കരുതുന്നത്. പ്രതികളുടെ ഫോൺ രേഖകൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കി. ഒഡിഷയിൽ നിന്ന് കഞ്ചാവ് എത്തിക്കുന്നതിന് ഒരാൾക്ക് 30,000 രൂപ വീതമാണ് പ്രതിഫലം ലഭിച്ചിരുന്നത്.
80 % കഞ്ചാവും രണ്ട്
സംസ്ഥാനങ്ങളിൽ നിന്ന്
രാജ്യത്ത് വിതരണം ചെയ്യുന്ന കഞ്ചാവിന്റെ 80 ശതമാനവും ആന്ധ്ര, ഒഡിഷ സംസ്ഥാനങ്ങളിലെ ചില ജില്ലകളിൽ കൃഷി ചെയ്യുന്നതാണെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. അവിടെ കിലോയ്ക്ക് 3,000 മുതൽ 5,000 രൂപ വരെ കൊടുത്തു വാങ്ങുന്ന കഞ്ചാവാണ് ഇവിടെ ലക്ഷങ്ങൾ വാങ്ങി വിറ്റഴിക്കുന്നത്. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ഒന്നരമാസത്തിനിടെ ജില്ലയിൽ 113.72 കിലോ ഗ്രാം കഞ്ചാവാണ് എക്സൈസ് പിടികൂടിയത്. 28.398 ഗ്രാം ഹാഷിഷ് ഓയിലും വിവിധ ഇടങ്ങളിൽ നിന്ന് 61 കഞ്ചാവ് ചെടികളും പിടികൂടി.
116കിലോ കഞ്ചാവ് പിടികൂടിയ കേസ് പ്രത്യേക സംഘം അന്വേഷിക്കേണ്ടതുണ്ട്. കടത്തുകാരെയും പിന്നിലുള്ള മലയാളികൾ അടങ്ങിയ റാക്കറ്റുകളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും
പി.കെ. സതീഷ്
ഡെപ്യൂട്ടി കമ്മിഷണർ
എക്സൈസ്- എറണാകുളം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |