കൊച്ചി: കൊലപാതക കേസിൽ പ്രതിയായതിനെ തുടർന്ന് ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ട പൊലീസുകാരനെ യുവതി ഓടിച്ച കാറിന്റെ ചില്ല് തകർത്തതിനും അസഭ്യം പറഞ്ഞതിനും അറസ്റ്റ് ചെയ്തു. ചേരാനല്ലൂർ ഇടപ്പള്ളി നോർത്ത് കറുത്താംപറമ്പിൽ വി.ജെ. ബിജോയിയാണ് (40) അറസ്റ്റിലായത്. ഇന്നലെ രാവിലെ ചേരാനല്ലൂർ ഫ്രണ്ട്സ് റോഡിലായിരുന്നു സംഭവം. മദ്യപിച്ച് ബൈക്കിലെത്തിയ പ്രതി റോഡിലെ വളവിൽ കാർ തിരിച്ചു കൊണ്ടിരുന്ന യുവതിയെയാണ് അസഭ്യം പറഞ്ഞത്. കാർ തിരിക്കുന്നതിനാൽ ബൈക്ക് മുന്നോട്ട് നീങ്ങാൻ വൈകിയതാണ് പ്രകോപനം.
ബൈക്കിൽ നിന്നിറങ്ങി കല്ല് കൊണ്ട് കാറിന്റെ ചില്ലിൽ ഇടിക്കുകയും അശ്ലീലം പറയുകയും ചെയ്തു. യുവതിയുടെ പരാതിയിലാണ് പൊലീസ് നടപടി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 2021ൽ ചേരാനല്ലൂരിൽ ഓട്ടോഡ്രൈവർ കൃഷ്ണകുമാറിനെ (കണ്ണൻ) അടിച്ചു കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയാണ്. ഇയാളുൾപ്പെടെ 6 പ്രതികളാണ് അന്ന് അറസ്റ്റിലായത്. പ്രതികളുമായി അടുപ്പമുള്ള ആളിൽ നിന്ന് കൃഷ്ണകുമാർ 50000 രൂപ വായ്പ വാങ്ങിയത് തിരിച്ചു നൽകാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
രാത്രി കൃഷ്ണകുമാറിനെ ആളൊഴിഞ്ഞ പറമ്പിൽ വിളിച്ചു വരുത്തിയ ശേഷം മദ്യലഹരിയിലായിരുന്ന പ്രതികൾ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടക്കുമ്പോൾ കൊച്ചി എ.ആർ ക്യാമ്പിൽ പൊലീസുകാരനായിരുന്നു ബിജോയി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |