
കൊടുങ്ങല്ലൂർ: മകളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവിനെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റുചെയ്തു. അഴീക്കോട് മുനക്കൽ സുനാമി ഉന്നതി പോത്തേഴത്ത് വീട്ടിൽ ഷില്ലി (49) ആണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകിട്ട് 4.45ഓടെയായിരുന്നു സംഭവം. അഴീക്കോട് മുനക്കൽ സുനാമി ഉന്നതിയിലെ വീട്ടിൽ വച്ച് പ്രതിയും ഭാര്യയും തമ്മിൽ വഴക്കുണ്ടാകുമ്പോൾ മകൾ ഭാര്യയുടെ പക്ഷം പിടിക്കുന്നതിലുള്ള വൈരാഗ്യത്തെ തുടർന്നാണ് ആക്രമണം. പ്രതി മകളെ കൊല്ലണമെന്ന ഉദ്ദേശത്തോടെ വായ് പൊത്തിപ്പിടിക്കുകയും അടിക്കുകയും കൈപിടിച്ച് തിരിച്ച് കൈവിരലിന്റെ എല്ല് ഒടിക്കുകയും ചെയ്തു. തുടർന്ന് തലയോട്ടിക്ക് പൊട്ടൽ സംഭവിക്കത്തക്കവിധം വെട്ടുകത്തി ഉപയോഗിച്ച് തലയിൽ വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. അഴീക്കോട് കോസ്റ്റൽ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ രമേഷ് സി, കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ എസ്.ഐമാരായ അതുൽ മോഹൻ, ജാക്സൺ ജോസഫ്, സെബി, ഗ്രേഡ് എസ്.സി.പി.ഒമാരായ ജിജിൻ ജെയിംസ്, ഷമീർ, വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.
ഫോട്ടോ: അറസ്റ്റിലായ പ്രതി ഷില്ലി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |