ഏറ്റുമാനൂർ: അന്യസംസ്ഥാന തൊഴിലാളികളെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ നാലുപേർ കസ്റ്റഡിയിൽ. മൂന്ന് പേർ മലയാളികളും ഒരാൾ വെസ്റ്റ് ബംഗാൾ സ്വദേശിയുമാണ്. വെസ്റ്റ് ബംഗാൾ ഖജൗരി ഖത്തേശ്വർ ബക്ചന്ദ് മൊണ്ടാൽ (25), കോട്ടയം സ്വദേശികളായ മിഥിൽ രാജ് (19) പ്രായപൂർത്തിയാകാത്ത 2 പേർ എന്നിവരാണ് പിടിയിലായത്. ക്വട്ടേഷൻ ഏറ്റെടുത്താണ് സംഘം ആക്രമണം നടത്തിയത്. ചീട്ടുകളിച്ച് പണം നഷ്ടമായ അന്യസംസ്ഥാന തൊഴിലാളിയായ ബക്ചന്ദ് മൊണ്ടാലാണ് ക്വട്ടേഷൻ നൽകിയത്.
മൊബൈൽ ഫോണുകളും സി.സി.ടി.വിയും പരിശോധിച്ചായിരുന്നു അന്വേഷണം. ശനിയാഴ്ച രാത്രി 12.30 ഓടെ ഏറ്റുമാനൂർ പൂവത്തുമൂട്ടിലെ ക്യാമ്പിലാണ് ആക്രമണം ഉണ്ടായത്. രണ്ട് നിലകളിലായി തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിൽ താമസിച്ചിരുന്ന 40 പേരെയാണ് 15 ഓളം പേരുൾപ്പെട്ട സംഘം ആക്രമിച്ചത്. ബഹളം കേട്ട് മുകളിലത്തെ മുറിയിൽ ഉണ്ടായിരുന്ന തൊഴിലാളികൾ കെട്ടിടം ഉടമയെ വിവരം അറിയിക്കുകയും ഉടമ ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ 5 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി.സി.ടി.വി ദ്യശ്യങ്ങളിൽ നിന്നും മൊബൈൽ ഫോൺ സിഗ്‌നലുകളിൽ നിന്നും ആക്രമണം നടത്തിയത് ക്വട്ടേഷൻ ടീം ആണെന്ന് പൊലീസ് മനസിലാക്കി. സംഘത്തിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്കായി തിരച്ചിൽ നടത്തികൊണ്ടിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |