
പറവൂർ: പ്രണയപ്പിണക്കം പറഞ്ഞുതീർക്കാനെന്ന നിലയിൽ യുവതിയെ കാമുകൻ ബൈക്കിൽ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് കുത്തിക്കൊന്നു. അഞ്ചുവർഷമായി അടുപ്പത്തിലായിരുന്നു ഇവർ. ആലുവ എൻ.എ.ഡി കവല പുറത്തുപാറവീട്ടിൽ ശശികുമാറിന്റെയും സബിതയുടെയും മകൾ പി.എസ്. സുരമ്യയാണ് (24) കുത്തേറ്റു മരിച്ചത്. സംഭവത്തിനുശേഷം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ വടക്കേക്കര മുറവൻതുരുത്ത് കോലഞ്ചേരി യാക്കോബിന്റെ മകൻ ഷിബിന്റെ (34) അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ രാവിലെ പതിനൊന്നരയ്ക്കായിരുന്നു സംഭവം.
പറവൂരിലെ സ്വകാര്യ കോളേജിൽ സുരമ്യ പഠിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലായത്. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ എടത്തല പഞ്ചായത്ത് ഏഴാംവാർഡിൽ ട്വന്റി 20 സ്ഥാനാർത്ഥിയായി സുരമ്യ മത്സരിച്ചിരുന്നു. പലവട്ടം ഷിബിന്റെ വീട്ടിൽ സുരമ്യ വന്നിട്ടുണ്ട്. നാലുമാസം മുമ്പാണ് പ്രണയത്തിൽനിന്ന് പിന്മാറിയത്. പിണക്കം തീർക്കാൻ പലവട്ടം ഷിബിൻ ശ്രമിച്ചെങ്കിലും നടന്നില്ല, ഇന്നലെ എല്ലാം അവസാനിപ്പിക്കാമെന്ന് പറഞ്ഞ് പറവൂരിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ആലുവയിലെ സ്വകാര്യ സ്ഥാപനത്തിൽ ട്രെയ്നിയായിരുന്ന സുരമ്യ ലീവെടുത്താണ് രാവിലെ പറവൂരിൽ എത്തിയത്. ഷിബിൻ ബൈക്കിൽ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. മുറിക്കുള്ളിൽ സംസാരിച്ചുകൊണ്ടിരിക്കെ തർക്കമുണ്ടാവുകയും ഷിബിൻ കത്തിയെടുത്ത് കുത്തുകയുമായിരുന്നു. വീട്ടിലുണ്ടായിരുന്ന അമ്മ ശബ്ദംകേട്ട് എത്തുന്നതിനിടെ ഷിബിൻ ബൈക്കെടുത്ത് രണ്ട് കിലോമീറ്റർ അകലെയുള്ള വടക്കേക്കര പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പൊലീസ് വീട്ടിലെത്തി നാട്ടുകാരുടെ സഹായത്തോടെ സുരമ്യയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. കഴുത്തിലും നെഞ്ചിലും ആഴത്തിൽ കുത്തേറ്റതാണ് മരണകാരണം. ഇവർ തമ്മിലുണ്ടായ പിടിവലിയിൽ ഷിബിന്റെ രണ്ട് കൈപ്പത്തികളിലും മുറിവേറ്റു.
സുരമ്യ പ്രണയത്തിൽ നിന്ന് പിൻമാറിയശേഷം ഷിബിൻ മാനസികമായി അസ്വസ്ഥനും ആരോടും സംസാരിക്കാത്ത അവസ്ഥയിലുമായിരുന്നുവെന്ന് സുഹൃത്തുകൾ പറഞ്ഞു. അലുമിനിയം ഫാബ്രിക്കേറ്ററായിരുന്ന ഷിബിൻ ജോലിക്കുപോകുന്നതും നിറുത്തി.
സുരമ്യയുടെ മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് സംസ്കരിക്കും. സഹോദരൻ: സൂരജ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |