
കൊച്ചി: എക്സൈസും പൊലീസും ഓണക്കാലത്ത് നടത്തുന്ന പ്രത്യേക ലഹരിവിരുദ്ധ ഡ്രൈവിൽ ഇടപ്പള്ളിയിലും കളമശേരിയിലും രാസലഹരിയുമായി യുവാക്കൾ അറസ്റ്റിലായി. രണ്ടുമാസംമുമ്പ് തൃക്കാക്കര വട്ടേക്കുന്നത്ത് മയക്കുമരുന്നുമായി യുവാക്കൾ പിടിയിലായ കേസിൽ ഒളിവിലായിരുന്ന മുഖ്യവിതരണക്കാരനെയും അറസ്റ്റുചെയ്തു.
അന്യസംസ്ഥാന തൊഴിലാളി അസാം മാരിഗാവോൺ സ്വദേശി
സുരുജ് അലിയാണ് (28) 3.720 ഗ്രാം എം.ഡി.എം.എയുമായി കൊച്ചി ഡാൻസാഫിന്റെ പിടിയിലായത്.
ഇടപ്പള്ളി എം.എ.ജെ ആശുപത്രിക്ക് സമീപം മദർതെരേസ റോഡിൽ രാസലഹരി കൈമാറാൻ കാത്തുനിൽക്കവെ കൊച്ചി സിറ്റി ഡാൻസാഫാണ് കസ്റ്റഡിയിലെടുത്തത്. എളമക്കര പൊലീസിന് കൈമാറി.
പറവൂർ ചേന്ദമംഗലം മന്നം മാക്കനായിപറമ്പിൽ വീട്ടിൽ എം.കെ. അൻസിഫിനെയാണ് (28) 5.586 ഗ്രാം എം.ഡി.എം.എയുമായി എറണാകുളം എക്സൈസ് ഇൻസ്പെക്ടർ കെ.എസ്. കണ്ണന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. കളമശേരി എച്ച്.എം.ടി, എൻ.എ.ഡി ഭാഗങ്ങളിൽ നടത്തിയ പരിശോധനകളിൽ പള്ളിലാങ്കര പെരിങ്ങയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. കളമശേരി ഭാഗത്ത് രാസലഹരി വിതരണം ചെയ്യുന്ന പ്രധാന കണ്ണിയാണ്.
ഏപ്രിൽ 24ന് തൃക്കാക്കര വട്ടേക്കുന്നം ലീമാൻസൺ സ്യൂട്ട്സിൽനിന്ന് 6.79 ഗ്രാം എം.ഡി.എം.എയും 56.98ഗ്രാം കഞ്ചാവും പിടിച്ച കേസിലെ മുഖ്യപ്രതി ഇടപ്പള്ളി എയിംസ് അലക്കാപ്പറമ്പിൽ പ്രസാദത്തിൽ പി.കെ. പ്രദീപാണ് (36) കളമശേരി പൊലീസിന്റെ പിടിയിലായത്. ഇടപ്പള്ളി സ്വദേശി കെ.എ. സിയാദ് (42), കൊല്ലം ചിതറസ്വദേശി ആദിൽ അൻസാർ (24) എന്നിവർ സംഭവദിവസം ഡാൻസാഫിന്റെ പിടിയിലായിരുന്നു. ഇവർക്ക് രാസലഹരി എത്തിച്ചുകൊടുത്ത പ്രദീപ് അന്നുമുതൽ ഒളിവിലായിരുന്നു. നേരത്തെ പെറ്റ്കട നടത്തിപ്പുകാരനായിരുന്നു. മൂന്ന് പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |