
സുൽത്താൻ ബത്തേരി: ചെണ്ടുമല്ലിപ്പാടവും മുന്തിരിത്തോട്ടവും കാണാൻ ഗുണ്ടൽ പേട്ടിലേക്കുള്ള പ്രിയദർശിനി ബസിൽ തിക്കിത്തിരക്കി കയറാനെത്തിയത് ഇരുന്നൂറോളം പേർ!. അമിതമായി യാത്രക്കാർ കയറിയതോടെ സർവീസ് നടത്താൻ കെ.എസ്.ആർ.ടി.സി ജീവനക്കാർ വിസമ്മതിച്ചു. ഇന്നലെ രാവിലെ 10. 30ന് സുൽത്താൻ ബത്തേരി പഴയ ബസ് സ്റ്റാൻഡിലാണ് സംഭവം .
ഗിയർബോക്സിലും ഡ്രൈവറുടെ സീറ്റിന്റെ സൈഡിലും വരെ സ്ഥലംപിടിച്ചു. അപകടകരമായ രീതിയിൽ യാത്രക്കാർ കയറിയതോടെ ഡ്രൈവർ വാഹനമെടുക്കാൻ വിസമ്മതിച്ചു. കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരും പൊലീസുമെത്തി ഡോറിൽ നിന്നിരുന്ന കുറച്ചുപേരെ മാറ്റി
ചർച്ചയിൽ വഴിയിൽ നിന്ന് മറ്റാരെയും കയറ്റാതെ പോകാമെന്ന ധാരണയിൽ യാത്ര തുടർന്നു.
സുൽത്താൻ ബത്തേരിയിൽ നിന്ന് ഗുണ്ടൽപേട്ടിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസുകളെല്ലാം പ്രിയദർശിനി ബസുകളാണ്. മൂന്ന് ബസുകളാണ് ഗുണ്ടൽപേട്ടയ്ക്ക് സർവീസ് നടത്തുന്നത്. ഗുണ്ടൽപേട്ടയിലെ പൂപ്പാടവും മുന്തിരിത്തോട്ടവും കാണാനാണ് സ്ത്രീകളുടെ വരവ്. വയനാട് ജില്ലയ്ക്ക് പുറത്ത് നിന്നുള്ള യാത്രക്കാരാണ് ഭൂരിഭാഗവും. ഒഴിവുദിനങ്ങളിൽ ഗുണ്ടൽപേട്ടയിലേയ്ക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിലും ബസിന്റെ അവസ്ഥ ഇതു തന്നെയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |